ഡൽഹി പള്ളി തകർക്കൽ: ക്‌നാനായ കത്തോലിക്കാ കോൺഗ്രസ് പ്രതിഷേധിച്ചു

ഡൽഹിയിലെ ലിറ്റിൽ ഫ്‌ലവർ ദേവാലയം അധികൃതർ നശിപ്പിച്ചത് ഭാരതത്തിലെ വിശ്വാസഹൃദയങ്ങളെ വൃണപ്പെടുത്തിയെന്നും പ്രസ്തുത പ്രവർത്തി രാജ്യത്തിന്റെ മതേതര മൂല്യങ്ങൾക്കേറ്റ കളങ്കമാണെന്നും ക്‌നാനായ കോൺഗ്രസ് അതിരൂപതാ സമിതി. ഡൽഹി സംഭവത്തിൽ പ്രതിഷേധിച്ച് ക്‌നാനായ കത്തോലിക്ക കോൺഗ്രസ് അടിയന്തിര എക്‌സിക്യൂട്ടീവ് അതിരൂപതാ പ്രസിഡണ്ട് തമ്പി എരുമേലിക്കരയുടെ അദ്ധ്യക്ഷതയിൽ ഓൺലൈനിൽ ചേർന്നാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.

ഫരീദാബാദ് രൂപതയുടെ കിഴിലുള്ള 450 -ലേറെ കുടുംബങ്ങളുള്ള ഇടവകയിൽ ഇടവകാംഗം നല്‍കിയ സ്ഥലത്താണ് 13 വർഷങ്ങളായി പള്ളി നിലനിന്നിരുന്നത്. ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കെതിരായുള്ള പരസ്യമായ വെല്ലുവിളിയാണ് ഡൽഹിയിൽ ക്രൈസ്തവ ദേവാലയം തകർത്ത സംഭവമെന്നും യോഗം അഭിപ്രായപ്പെട്ടു. രണ്ടായിരത്തോളം വരുന്ന വിശ്വാസികളുടെ ആരാധനാലയം യാതൊരു മുന്നറിയിപ്പുമില്ലാതെ നശിപ്പിച്ചത് മനുഷ്യാവകാശ ലംഘനവും ഇന്ത്യൻ ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയുമാണെന്ന് വിഷയാവതരണം നടത്തിയ ജനറൽ സെകട്ടറി ബിനോയി ഇടയാടിയിൽ വിശദീകരിച്ചു.

കെ.സി.സി ചാപ്ലെയിൻ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, അതിരൂപതാ ഭാരവാഹികളായ ഡോ. ലൂക്കോസ് പുത്തൻപുരയ്ക്കൽ, ബാബു കദളിമറ്റം, തോമസ് അരയത്ത്, സ്റ്റീഫൻ കുന്നുംപുറം, സൈമൺ പാഴൂകുന്നേൽ, ഷാജി കണ്ടച്ചാംകുന്നൽ, തോമസ് അറക്കത്തറ എന്നിവർ സംസാരിച്ചു.

ബിനോയി ഇടയാടിയിൽ, സെക്രട്ടറി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.