നവംബര്‍ 19-മുതല്‍ 26-വരെ എട്ടു ദിവസങ്ങള്‍ നീളുന്ന ഫ്രാന്‍സിസ് പാപ്പായുടെ 32-Ɔമത് പ്രേഷിതയാത്ര

ഫ്രാൻസിസ് പാപ്പായുടെ ആദ്യഘട്ട അപ്പസ്തോലിക യാത്ര തെക്കു-കിഴക്കന്‍ ഏഷ്യന്‍ രാജ്യമായ തായിലാണ്ടിലേയ്ക്കാണ്. നവംബര്‍ 20-മുതല്‍ 23-വരെയാണിത്.
തായിലണ്ടിന്‍റെ തലസ്ഥാന നഗരിയില്‍വച്ച് രാജാവും ഭരണകര്‍ത്താക്കളുമായുള്ള കൂടിക്കാഴ്ച, വിവിധ മതനേതാക്കളുമായുള്ള സൗഹാര്‍ദ്ദ സമ്മേളനങ്ങള്‍, ബുദ്ധമതത്തിന്‍റെ ശ്രേഷ്ഠാചാര്യനുമായുള്ള നേര്‍ക്കാഴ്ച, തലസ്ഥാന നഗരിയിലെ ദേശീയ സ്റ്റേഡിയത്തിലെ സമൂഹബലിയര്‍പ്പണം എന്നിവ ശ്രദ്ധേയമായ പരിപാടികളാണ്. 1969-ല്‍ വത്തിക്കാന്‍ മിഷന്‍ തായിലണ്ടില്‍ തുടക്കമിട്ടതിന്‍റെ 350-Ɔο വാര്‍ഷികം അവസരമാക്കിയാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ ഈ നീണ്ടയാത്ര.

കിഴക്കന്‍ ഏഷ്യന്‍ രാജ്യമായ ജപ്പാന്‍ പാപ്പാ സന്ദര്‍ശിക്കുന്നത് നവംബര്‍ 23-മുതല്‍ 26-വരെ തിയതികളിലാണ്. ഇത് അപ്പസ്തോലക യാത്രയുടെ രണ്ടാം ഘട്ടമാണ്. ജപ്പാന്‍ സന്ദര്‍ശനം ശ്രദ്ധേയമാകുന്നത് 2011-ലുണ്ടായ ത്രിവിധ ദുരന്തങ്ങള്‍ക്ക് – ഭൂമികുലുക്കം, സുനാമി, ആണവകേന്ദ്രത്തിലെ ചോര്‍ച്ച എന്നീ ദുരന്തങ്ങള്‍ക്ക് ഇരകളായവരില്‍ ശേഷിക്കുന്നവരുമായുള്ള കൂടിക്കാഴ്ചയിലാണ്. 19,000 പേര്‍ മരണമടഞ്ഞപ്പോള്‍ നിരാലംബരാക്കപ്പെട്ടത് ഒന്നരലക്ഷത്തില്‍ അധികം പേരാണ്.

രണ്ടാം ലോകയുദ്ധത്തില്‍ ആണവബോംബുകള്‍ ഉപയോഗിച്ചു തകര്‍ത്ത ഹിരോഷിമ, നാഗസാക്കി നഗരങ്ങള്‍ സന്ദര്‍ശിച്ച് ആണവനിരായുധീകരണത്തിന്‍റെയും സമാധാനത്തിന്‍റെയും സന്ദേശങ്ങള്‍ നല്കും. ക്രൈസ്തവര്‍ ക്രൂശിക്കപ്പെട്ട നാഗസാക്കി നഗരഭാഗവും പാപ്പാ സന്ദര്‍ശിക്കും. “ടോക്കിയോ ഡോം” സ്റ്റേഡിയത്തിലെ ദിവ്യബലികൂടാതെ മറ്റൊരു ദിവസം ജപ്പാനിലെ യുവജനങ്ങള്‍ക്കൊപ്പവും പാപ്പാ ദിവ്യബലിയര്‍പ്പിക്കും.

ജപ്പാന്‍റെ ചക്രവര്‍ത്തിയും ഭരണകര്‍ത്താക്കളുമായുള്ള കൂടിക്കാഴ്ച. ബുദ്ധമതത്തിന്‍റെ സമുന്നത ആചാര്യനുമായുള്ള നേര്‍ക്കാഴ്ച എന്നിവ ജപ്പാന്‍ സന്ദര്‍ശനത്തിന്‍റെ പ്രധാനപ്പെട്ട സംഭവങ്ങളാണ്. കിഴക്കിന്‍റെ പ്രേഷിതനായ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറാണ് ക്രിസ്തുമതം ജപ്പാന്‍റെ മണ്ണില്‍ എത്തിയച്ചത്. എന്നാല്‍ പിന്നീട് ഭയാനകമായ പീഡനങ്ങള്‍ക്ക് ക്രിസ്ത്യാനികള്‍ ഇരയായ മണ്ണിലേയ്ക്കുമാണ് ഈശോസഭാംഗമായ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്‍റെ കാല്പാടുകള്‍ പിന്‍തുടര്‍ന്ന് പാപ്പാ ഫ്രാന്‍സിസ് ജപ്പാനില്‍ കാലുകുത്താന്‍ പോകുന്നത്.