സീറോ മലങ്കര ഡിസംബര്‍ 29 മത്തായി 2:19-23 മാതാ-പിതാ-ഗുരു-ദൈവം

ബത്തേരി രൂപതയ്ക്കു വേണ്ടി ഇന്നലെ അഭിഷിക്തനായ യുവ വൈദികന്‍ ഏലിയാസ് പന്തപ്പിള്ളില്‍ അച്ചന്‍ തന്റെ ആദ്യ കുര്‍ബാനയര്‍പ്പണം കഴിഞ്ഞുള്ള നന്ദിപ്രസംഗത്തില്‍ എല്ലാവരോടുമായി പറഞ്ഞു; ‘ഞാന്‍ വൈദികനാകുവാനായി തീരുമാനിച്ചത് എന്റെ അപ്പനെയും അമ്മയെയും കണ്ടിട്ടാണ്’. തുടര്‍ന്ന് അദ്ദേഹം വിവരിച്ചു; സഭയുടെ സുവിശേഷസംഘത്തില്‍ അംഗങ്ങളായ അപ്പനും അമ്മയും വളരെ കൃത്യനിഷ്ഠയോടെ ആത്മീയജീവിതം നയിക്കുന്നവരാണ്. സെമിനാരിയില്‍ 5.30-നാണ് എഴുന്നേല്‍ക്കേണ്ടതെങ്കില്‍ എന്റെ വീട്ടില്‍ ഞാന്‍ അതിനും മുമ്പ്, എന്റെ മാതാപിതാക്കളോടൊപ്പം പ്രാര്‍ത്ഥിക്കുവാന്‍ എഴുന്നേറ്റിരുന്നു. എല്ലാ യാമങ്ങളിലും അവര്‍ പ്രാര്‍ത്ഥിച്ചിരുന്നു.

സത്യത്തില്‍ ഇന്നത്തെ വചനം വായിച്ചപ്പോള്‍ യൗസേപ്പിതാവിന്റെ മാതൃക പിന്‍ചെല്ലുന്ന, ദൈവം നല്‍കിയ ആകെയുള്ള രണ്ട് ആണ്‍കുട്ടികളെയും ദൈവത്തിന് തന്നെ തിരികെ നല്‍കിയ ആ മാതാപിതാക്കളാണ് ഓര്‍മ്മയില്‍ വന്നത്. യൗസേപ്പിതാവ് ദൈവത്തിന്റെ സ്വരം കേള്‍ക്കുക മാത്രമല്ല, ആ സ്വരം പിന്‍ചെല്ലുന്നവന്‍ കൂടിയാണ് എന്ന് വചനം സാക്ഷിക്കുന്നുണ്ട്. കുഞ്ഞായ ഈശോയെ സംരക്ഷിക്കുന്നതിന്, ദൈവത്തിന്റെ മാലാഖയുടെ വാക്കുകള്‍ കേട്ട് അങ്ങോട്ടുമിങ്ങോട്ടും ഓടുന്ന യൗസേപ്പിതാവും മാതാവും ഈശോയ്ക്ക് മാതാപിതാക്കള്‍ മാത്രമായിരുന്നില്ല. മറിച്ച്, ഈശോയ്ക്ക് ദൈവത്തെ പിന്‍ചെല്ലുവാന്‍ വഴികാട്ടിയ വലിയ മാതൃകകളുമായിരുന്നു. അതുകൊണ്ടാണല്ലോ കുരിശില്‍ മരിക്കുവാന്‍ വരെ തയ്യാറായ ഈശോയെ രൂപപ്പെടുത്താന്‍ അവര്‍ക്ക് കഴിഞ്ഞത്.

അനുദിന ജീവിതത്തില്‍ ദൈവത്തിനിഷ്ടമുള്ള യൗസേപ്പിതാവിനെയും മറിയത്തെയും പോലുള്ള മാതാപിതാക്കന്മാരാകാന്‍ നമുക്ക് പരിശ്രമിക്കാം. അപ്പോള്‍ ഈശോയെപ്പോലുള്ള മക്കള്‍ നമ്മില്‍ നിന്ന് ജനിക്കും എന്ന് വിശ്വസിക്കുക. ആമേന്‍.

ഫാ. ഫിലിപ്പ് മാത്യു വെട്ടിക്കാട്ട്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.