
നമുക്ക് നല്കപ്പെട്ടിട്ടുള്ള വചനഭാഗത്ത് യേശുവിന്റെ ജനനവുമായി ബന്ധപ്പെട്ട ദൈവിക രഹസ്യങ്ങളുടെ ചുരുളഴിയുകയാണ്. അതുകൊണ്ടാണ് മറിയം ഗര്‍ഭം ധരിച്ചത് മറിയവും ജോസഫും തമ്മില്‍ സഹവസിക്കുന്നതിന് മുമ്പാണ് എന്ന് പറയുന്നതിന്റെ കൂടെ, പരിശുദ്ധാത്മാവില്‍ നിന്നാണ് അവള് ഗര്‍ഭം ധരിച്ചിരിക്കുന്നത് എന്ന് വചനം സാക്ഷ്യപ്പെടുത്തുന്നത്. ഇവിടെ മറിയത്തെ ഭാര്യയായി സ്വീകരിക്കുക വഴി, കുഞ്ഞിന് യേശു എന്ന് പേരിടുന്നത് വഴി ജോസഫ് യേശുവിന്റെ വളര്‍ത്തുപിതാവായി തീരുകയാണ്.
നാം ജോസഫിനെക്കുറിച്ച് അറിയേണ്ട പ്രധാനകാര്യം ദൂതന്റെ അരുളപ്പാടിന് മുമ്പ്, മറിയത്തെ ഭാര്യയായി സ്വീകരിക്കുന്നതിന് മുമ്പ് തീരുമാനങ്ങളെടുക്കാന്‍ ശങ്കിച്ച ജോസഫ്, ദൂതന്റെ അരുളപ്പാടിന് ശേഷം ഒരിക്കലും ജീവിതത്തില്‍ പിന്നോട്ട് നോക്കുന്നില്ല എന്നതാണ്. ഭാര്യയായ മറിയത്തെയും, ഈശോയെയും ഒരു കാവല്‍മാലാഖയെപ്പോലെ സംരക്ഷിച്ച് ദൈവഹിത പൂര്‍ത്തീകരണത്തിനായി പരിഭവമോ പരാതിയോ ഇല്ലാതെ നെട്ടോട്ടമോടുന്ന ജോസഫ് നമുക്ക് വലിയ മാതൃകയാണ്.
അനുദിന ജീവിതത്തില്‍ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുവാനായി എന്ത് ത്യാഗവും എടുക്കുവാന്‍ യൗസേപ്പിതാവിനെപ്പോലെ നമുക്കും പരിശ്രമിക്കാം. അതിനായി ദൈവികസ്വരത്തിനായി നമുക്ക് കാതോര്‍ക്കാം. ആമേന്‍.
ഫാ. ഫിലിപ്പ് മാത്യു വെട്ടിക്കാട്ട്