
സ്ത്രീ പ്രവേശനം വേണോ, വേണ്ടായോ എന്നുള്ള ചര്‍ച്ചകള്‍ കൊടുമ്പിരി കൊള്ളുന്ന ഒരു സാഹചര്യത്തിലാണ് ‘വിശുദ്ധരായ’ രണ്ട് സ്ത്രീകളെ ലൂക്കാ സുവിശേഷകന് നമുക്ക് പരിചയപ്പെടുത്തുന്നത്. സ്നാപകയോഹന്നാന്റെ അമ്മ എലിസബത്തും മിശിഹായുടെ അമ്മയായ മറിയവുമാണ് ആ രണ്ട് സ്ത്രീകള്‍. സാമൂഹികമായ വലിയ ചുറ്റുപാടുകളോ, സാമ്പത്തികമായ വലിയ പിന്‍ബലമോ ഒന്നും ഇല്ലാതിരുന്ന രണ്ട് സാധാരണ സ്ത്രീകള്‍. എന്നിരുന്നാലും ദൈവതിരുമുമ്പാകെയുള്ള അവരുടെ വിശ്വാസം മൂലം സമര്‍പ്പണം മൂലം അവര്‍ ദൈവത്തിന്റെ യഥാര്‍ത്ഥ ശിഷ്യകളായി തീരുകയാണ്.
സമൂഹത്തിന് മുമ്പില്‍ അശുദ്ധയും അടിമയും അര്‍ഹതയില്ലാത്തവളുമായ സ്ത്രീ എങ്ങനെയാണ് ദൈവതിരുമുമ്പാകെ അനുഗ്രഹീതയായി തീരുന്നത്? ചോദ്യത്തിനുള്ള ഉത്തരം വചനം തന്നെ പറയുന്നു. ‘കര്‍ത്താവ് അരുളിച്ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്ന് വിശ്വസിച്ചവള്‍ ഭാഗ്യവതി’ (ലൂക്ക. 1:45).
ഇവിടെ സ്ത്രീയെ അനുഗ്രഹീതയാക്കുന്നത് അശുദ്ധിയോ വിശുദ്ധിയോ ഒന്നുമല്ല. വിശ്വാസമാണ്. ഈശോയുടെ അമ്മയായ പരിശുദ്ധ കന്യകാമറിയവും യോഹന്നാന്റെ അമ്മയായ എലിസബത്തും ദൈവത്തിലുള്ള വിശ്വാസത്തില്‍ നമുക്ക് വലിയ മാതൃകയായി നിലകൊള്ളുകയാണ്. പൂര്‍ണ്ണമായി ദൈവത്തില്‍ വിശ്വസിച്ചപ്പോള്‍ കര്‍ത്താവിന്റെ ദാസി (വേലക്കാരി) കര്‍ത്താവിന്റെ അമ്മയായി. വൃദ്ധയും വന്ധ്യയുമായ എലിസബത്ത് ഒരു കുഞ്ഞിന് ജന്മം നല്കി.
നോമ്പിലൂടെയും പ്രാര്‍ത്ഥനയിലൂടെയും ഉപവാസത്തിലൂടെയും ദൈവത്തില്‍ പൂര്‍ണ്ണമായി വിശ്വസിച്ച് അവിടുത്തെ മഹത്വം കാണുവാനായി നമുക്ക് കാത്തിരിക്കാം.
ഫാ. ഫിലിപ്പ് മാത്യു വെട്ടിക്കാട്ട്