സീറോ മലങ്കര ജൂൺ 16 മത്തായി 10: 1-4 അപ്പസ്തോലന്മാരെ വിളിക്കുന്നു

പത്രോസ് – പൗലോസ് ശ്ലീഹന്മാരുടെ തിരുനാളിന് ഒരുക്കമായുള്ള ശ്ലീഹാ നോമ്പ് ആരംഭിക്കുന്ന ഈ ദിവസം യേശു തന്റെ പന്ത്രണ്ട് അപ്പസ്തോലന്മാരെ വിളിക്കുന്ന വേദഭാഗം നാം ധ്യാനിക്കുന്നു. ഈ തിരഞ്ഞെടുപ്പിനു മുന്നോടിയായി അവരുടെ ഭാവിജോലിയെക്കുറിച്ച് വ്യക്തമായ ഒരു സന്ദേശം നൽകുന്നതിന് യേശു അവരെയും കൂട്ടി സിനഗോഗുകളിൽ പോയി പ്രസംഗിക്കുകയും ഗ്രാമങ്ങളിലൂടെ ചുറ്റിസഞ്ചരിക്കുകയും ചെയ്യുന്നു. പരിഭ്രാന്തരും നിസ്സഹായരുമായ തന്റെ ജനത്തോട് യേശുവിന് അനുകമ്പ തോന്നുകയും അവരുടെ ഇടയിലുള്ള രോഗികളെ സുഖപ്പെടുത്തുകയും ചെയ്യുന്നു. യേശുവിന്റെ കാലത്ത് ഇസ്രയേലിൽ നേതാക്കന്മാർക്ക് ഒരു കുറവുമുണ്ടായിരുന്നില്ല. എന്നാൽ, സാധാരണക്കാരന്റെ വേദന കാണുന്നതിലും അവരുടെ കണ്ണീരൊപ്പുന്നതിലും ഇവർ പരാജയപ്പെട്ടു. മുറിവേറ്റതും കുടുങ്ങിക്കിടക്കുന്നതും ഒറ്റപ്പെട്ടുപോയതുമായ ആടുകളുടെ കാര്യത്തിൽ പ്രത്യേകശ്രദ്ധ വേണമെന്ന സന്ദേശം അവർക്ക് നൽകിയതിനുശേഷമാണ് അപ്പസ്തോലൻ ആകുന്നതിനുവേണ്ടി വിളിക്കുന്നത്.

ക്രിസ്തുവിന്റെ ദൗത്യം തുടരുക എന്നതാണ് അപ്പസ്തോലന്റെ ജോലി. പഴയനിയമത്തിൽ യാക്കോബിന്റെ പന്ത്രണ്ടു മക്കളാണ് ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങളായി പരിണമിക്കുന്നത്. പുതിയ ഇസ്രയേൽ വംശത്തിന്റെ വളർച്ച ഈ പന്ത്രണ്ട് അപ്പസ്തോലന്മാരിലൂടെയാണ് നടക്കുന്നത്. വംശമോ, ജാതിയോ നോക്കാതെ യേശുവിൽ വിശ്വസിക്കുന്ന ആർക്കും ഈ രാജ്യത്തിലെ അംഗത്വത്തിന് അർഹതയുണ്ട്. ഒരുപക്ഷേ, വ്യത്യസ്തസ്വഭാവക്കാരായ ഇവരെ ഒരു കുടക്കീഴിൽ അണിനിരത്തിയതാകാം യേശു ചെയ്ത ഏറ്റം വലിയ അത്ഭുതം! പത്രോസും, അന്ത്രയോസും, യാക്കോബും, യോഹന്നാനും മീൻപിടുത്തക്കാരായിരുന്നു. മത്തായി യഹൂദന്മാർ വെറുത്തിരുന്ന ചുങ്കക്കാരനും, ശിമയോൻ റോമൻ ഭരണത്തിനെതിരെ പോരാടിയിരുന്ന മതതീവ്രവാദിയുമായിരുന്നു. ഇവർക്ക് യഹൂദ സമൂഹത്തിൽ വലിയ സ്ഥാനമോ, സ്വാധീനമോ ഉണ്ടായിരുന്നില്ല. അവരുടെ ജീവിതവിശുദ്ധിയോ, സൽസ്വഭാവമോ ഒന്നുമായിരുന്നില്ല യേശുവിന്റെ തിരഞ്ഞെടുപ്പിന്റെ മാനദണ്ഡം. അവരോട് ഇഷ്ടം തോന്നി, തന്റെ അടുത്തേയ്ക്ക് വിളിച്ചു.

യേശു തന്റെ ശിഷ്യന്മാർക്ക് ആദ്യമായി നൽകുന്ന അധികാരം അശുദ്ധാത്മാക്കളെ പുറത്താക്കാനും രോഗങ്ങളും വ്യാധികളും സുഖപ്പെടുത്താനുമാണ്. ക്രിസ്തു പിന്നീട് അവരെ ഭരമേൽപ്പിക്കുന്ന സുവിശേഷ പ്രഘോഷണദൗത്യം ഓരോ വിശ്വാസിക്കും വേണ്ടിയുള്ളതാണ്. മത്തായിയുടെ സുവിശേഷത്തിൽ യേശു പറയുന്ന തന്റെ ശിഷ്യന്മാർക്കുണ്ടായിരിക്കേണ്ടുന്ന ഗുണഗണങ്ങൾ നമ്മുടെ ജീവിതത്തിലും നേടിയെടുക്കുന്നതിന് പരിശ്രമിക്കാം. ഒന്നാമതായി, ശിഷ്യൻ ഗുരുവിന്റെ വാക്കുകൾക്ക് ചെവികൊടുക്കണം (17:5). രണ്ടാമതായി, യേശുവിന്റെ ജീവിതത്തെ അനുകരിക്കണം (11:28-30). മൂന്നാമതായി, പ്രാർത്ഥനയുടെ ജീവിതം നയിക്കണം (6:9-13). നാലാമതായി, ദൈവതിരുമുമ്പിൽ പ്രീതികരമായതു പ്രവർത്തിക്കണം (3:17) (കൂടുതൽ വിശദീകരണത്തിന് ജൂൺ 11-ലെ വിചിന്തനം കാണുക).

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.