സീറോ മലങ്കര മെയ് 14 മത്തായി 5: 13-16 ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവും

ഇന്ന് നമ്മുടെ ആരാധനാ കലണ്ടർ പ്രകാരം മാർ അദ്ദായിയുടെ തിരുനാളാണ്. ക്രിസ്തുവിന്റെ എഴുപത്തിരണ്ടു ശിഷ്യന്മാരിലൊരാളായ എഡേസ്സായിലെ തദേവൂസാണ് ഇദ്ദേഹം. അതല്ല, ക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പോസ്തോലന്മാരിൽ ഒരുവനായ തദേവൂസാണ് ഇതെന്ന് വാദിക്കുന്നവരുമുണ്ട്. തദേവൂസ് എന്ന ഗ്രീക്ക് നാമത്തിന്റെ സുറിയാനി വാക്കാണ് അദ്ദായി എന്നത്. പൗരസ്ത്യസഭകളുടെ പാരമ്പര്യത്തിൽ എഡേസ്സായിൽ നിന്നുള്ള ഒരു യഹൂദനായിരുന്നു അദ്ദായി. ജറുസലേമിൽ തിരുനാളിൽ സംബന്ധിക്കാൻ പോയ സമയത്ത് യോഹന്നാൻ സ്നാപകന്റെ പ്രസംഗം കേൾക്കാനിടയാവുകയും, ജോർദാൻ നദിയിൽ യോഹന്നാനിൽ നിന്ന് മാമ്മോദീസ സ്വീകരിച്ച് പാലസ്തീനായിൽ തുടരുകയും ചെയ്തു. താമസിയാതെ, ഇദ്ദേഹം യേശുവിന്റെ അനുയായി ആയിത്തീരുകയും സുവിശേഷപ്രഘോഷണത്തിനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഈ പരിശീലനം പിന്നീടുള്ള അദ്ദേഹത്തിന്റെ സുവിശേഷവേലയ്ക്ക് വലിയ മുതൽക്കൂട്ടായി ഭവിച്ചു. പെന്തക്കുസ്തായ്ക്കുശേഷം മെസപ്പൊട്ടാമിയ പ്രദേശങ്ങളിലും സിറിയയിലും പേർഷ്യൻ പ്രദേശങ്ങളിലും സുവിശേഷം പ്രസംഗിച്ചു.

അദ്ദായി, ക്രിസ്തുശിഷ്യനായ തോമാശ്ലീഹായുടെ നിർദ്ദേശപ്രകാരം പേർഷ്യയിൽ സുവിശേഷം പ്രസംഗിച്ചു എന്നൊരു പാരമ്പര്യവും നിലവിലുണ്ട്. പേർഷ്യൻ സഭകൾ പലതും തോമാസ്ലീഹായുടെയും അപ്പോസ്തോലിക പാരമ്പര്യം അവകാശപ്പെടുന്നുണ്ട്. സഭാചരിത്രകാരനായ എവുസേബിയസ് പറയുന്നത്, അദ്ദായി ഓസ്‌റോനയിലെ (തലസ്ഥാനം എഡേസ്സ) രാജാവായിരുന്ന അബ്‌ഗാർ അഞ്ചാമൻ രാജാവിനെ കുഷ്ഠരോഗത്തിൽ നിന്നും സുഖപ്പെടുത്തിയെന്നാണ്. തത്ഫലമായി അദ്ദേഹവും അനുയായികളും ക്രിസ്തുമതം സ്വീകരിച്ചു. അദ്ദായിയുടെയും ശിഷ്യനായ മാറിയുടെയും പേരിൽ അതിപുരാതനമായ ഒരു ആരാധനാക്രമവും കൽദായ സുറിയാനി സഭയിൽ രൂപപ്പെട്ടിട്ടുണ്ട്. പേർഷ്യയിലെ പാശ്ചാത്യ സുറിയാനി സഭകളിലും സീറോ മലബാർ കത്തോലിക്കാസഭയിലും ഇത് ഇന്ന് പ്രചാരത്തിലുള്ള ആരാധനാക്രമവുമാണ്.

ക്രിസ്തുശിഷ്യന്മാരെപ്പോലെ സുവിശേഷസാക്ഷികളാകാനുള്ള വിളി നമുക്കെല്ലാവർക്കും നൽകപ്പെട്ടിരിക്കുന്നു. ഇന്നത്തെ സുവിശേഷത്തിൽ യേശു പറയുന്ന ഉപമയിലെ ഉപ്പു പോലെ ചില സാഹചര്യങ്ങളിൽ ആരുമറിയാതെ നാം ജീവിക്കുന്ന സമൂഹത്തിൽ ഒരു സുകൃതമായി അലിഞ്ഞില്ലാതായി നന്മ പുറപ്പെടുവിക്കാൻ നമുക്കു കഴിയണം. മറ്റു ചിലപ്പോൾ കത്തിജ്വലിച്ച് പ്രകാശം പ്രസരിപ്പിച്ച് നമുക്കു ചുറ്റുമുള്ള ആത്മീയ അന്ധകാരം അകറ്റുന്ന വിളക്കായിത്തീരാനും കഴിയണം. ഈ രണ്ടു നന്മകളും ദൈവം നമ്മിൽ നിക്ഷേപിച്ചിട്ടുണ്ട്. എന്നാൽ, സാഹചര്യങ്ങൾക്കനുസരിച്ച് ഉപ്പായോ, വെളിച്ചമായോ പരിവർത്തനപ്പെടുക എന്നത് ദൈവം നൽകിയിരിക്കുന്ന വിവേകമനുസരിച്ച് തീരുമാനിക്കാൻ നമുക്ക് സാധിക്കണം (കൂടുതൽ വിശദീകരണത്തിന് നവംബർ 15- വിചിന്തനം കാണുക).

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.