സീറോ മലങ്കര ഫെബ്രുവരി 28 മത്തായി 5: 27-37 വ്യഭിചാരം ചെയ്യരുത്, ആണയിടരുത്

ഇന്നത്തെ സുവിശേഷഭാഗത്ത് ആറും എട്ടും പ്രമാണങ്ങളുമായി ബന്ധപ്പെട്ടാണ് യേശു സംസാരിക്കുന്നത്. വ്യഭിചാരം ചെയ്യരുത് എന്ന കല്പനയ്ക്ക് യേശു നവീനമായ വ്യാഖ്യാനം നൽകുന്നു. മനുഷ്യൻ ശരീരത്തിൽ ചെയ്യുന്ന പാപമാണ് വ്യഭിചാരം. എന്നാൽ, അത് ചിന്തയും മനസ്സുമായി ബന്ധപ്പെട്ടതാണ്. മനസ്സിൽ ആരംഭിക്കുന്ന വ്യഭിചാരചിന്തകളെ വേരോടെ പിഴുതുകളയുന്നതിന് മനുഷ്യന്റെ ചിന്തകളും നോട്ടങ്ങളും നന്നാക്കുകയാണ് ആദ്യമേ വേണ്ടത്. ഇവിടെ, മനസ്സിൽ ദുഷ്ടചിന്ത വച്ചുകൊണ്ട് വേറൊരാളെ നോക്കുന്നവൻ മനസിൽ അയാളുമായി വ്യഭിചാരം ചെയ്യുന്നു.

മനുഷ്യശരീരം മഹത്വരവും ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ചിരിക്കുന്നതുമാണ്. അതിനാൽ തന്നെ മറ്റൊരാളുടെ ശരീരത്തെ എന്റെ സ്വാർത്ഥസന്തോഷത്തിനു വേണ്ടിയും ആഗ്രഹങ്ങളുടെ പൂർത്തീകരണത്തിനു വേണ്ടിയും ദുരുപയോഗിക്കുന്നത് പാപമാണ്. ഒരുവനിലുള്ള ദുഷ്ടചിന്തകൾ യഥാർത്ഥമായി ഉണ്ടാവേണ്ടുന്ന സ്നേഹത്തെ ഇല്ലാതാക്കുകയും അങ്ങനെ കൂടുതൽ പാപത്തിന് കാരണമാവുകയും ചെയ്യും. ഇവിടെ രോഗം വരുന്നതിനു മുൻപേ അത് വരാതിരിക്കാനുള്ള പ്രതിരോധ പ്രവർത്തങ്ങൾ നടത്തുന്നതാണ് കരണീയം. ഇതിന്റെ പ്രാധാന്യവും ഗൗരവവും എടുത്തുകാട്ടുന്നതിനുള്ള ഒരു ഭാഷാപ്രയോഗമാണ് “കണ്ണ് ചൂഴ്ന്നെടുത്തു കളയുക”, “കൈ വെട്ടിക്കളയുക” എന്നത്. മനുഷ്യന്റെ ജീവിതത്തിന്റെ ഒരു ഭാഗമായ ചിന്തകളെ “വെട്ടിക്കളഞ്ഞാൽ” ജീവൻ മുഴുവൻ തന്നെ നേടുന്നതിന് സാധിക്കുമെന്നാണ് അതിന്റെ അർത്ഥം. വിവാഹമോചനത്തെക്കുറിച്ചും പുതിയ ചിന്ത യേശു മുന്നോട്ടുവയ്ക്കുന്നു. മോശ അതിന് അനുവദിച്ചത് (നിയ. 24:1-4) മനുഷ്യന്റെ ഹൃദയകാഠിന്യം നിമിത്തമാണ്. പക്ഷേ, വിവാഹത്തെക്കുറിച്ചുള്ള ദൈവത്തിന്റെ യഥാർത്ഥ സ്വപ്നം വെളിപ്പെട്ടിരിക്കുന്നത് സൃഷ്ടിയുടെ ആരംഭത്തിലാണ്. അതിനാൽ തന്നെ അവിടെ കാണുന്ന ദൈവീകചിന്തയ്ക്കെതിരെയുള്ള പ്രവർത്തനങ്ങളും വ്യഭിചാരത്തിന്റെ പരിധിയിൽ വരുന്നതാണ്.

പഴയനിയമത്തിൽ ചില സാഹചര്യങ്ങളിൽ ആണയിട്ടു സത്യം ചെയ്യുന്നതിന് അനുവാദം ഉണ്ടായിരുന്നു. എന്നാൽ, ഇത് മിക്കപ്പോഴും വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടിരുന്നു. ഒരു കാര്യം ആണയിട്ടാൽ മാത്രമേ അത് സത്യമാവൂ എന്ന് സാധാരണക്കാർ ചിന്തിക്കുന്ന അവസ്ഥയായി. ആണയിടുന്നവർ ദൈവകോപം ഒഴിവാക്കുക എന്ന ഗൂഢലക്ഷ്യത്തോടെയാണ് ദൈവം എന്ന വാക്ക് ഒഴിവാക്കി സ്വർഗ്ഗത്തെക്കൊണ്ടും ഭൂമിയെക്കൊണ്ടും ജെറുസലേമിനെക്കൊണ്ടും ഒരാളുടെ ശിരസ്സിനെക്കൊണ്ടുമൊക്കെ സത്യം ചെയ്യുന്നത്. മുകളിൽപ്പറഞ്ഞവ ദൈവവുമായി ബന്ധപ്പെട്ടതായതുകൊണ്ട് അവകൊണ്ട് ആണയിടുന്നതും ഒഴിവാക്കേണ്ടതാണ്. യേശുവിന്റെ ചിന്തയിൽ നമ്മുടെ എല്ലാ വാക്കുകളും പ്രവൃത്തികളും സത്യസന്ധമായാൽ ആരും ആണയിടേണ്ട ആവശ്യം തന്നെയുണ്ടാവുന്നില്ല!

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍