സീറോ മലങ്കര ജൂലൈ 15 മത്തായി 24: 45-51 വിശ്വസ്തനും വിവേകിയുമായ ഭൃത്യന്‍

ഫാ. സെബാസ്റ്റ്യന്‍ കുന്നുംപുറത്ത്

കർത്താവിൽ ഏറ്റവും സ്നേഹമുള്ളവരേ, ഇന്ന് ദൈവദാസൻ ആർച്ചുബിഷപ്പ് മാർ ഇവാനിയോസ് തിരുമേനിയുടെ ഓർമ്മത്തിരുന്നാൾ ആണല്ലോ. ഇന്ന് പ്രത്യേകമായി തിരുസഭാ മാതാവ് വിചിന്തനത്തിനും ധ്യാനത്തിനുമായി നമുക്ക് നൽകിയിരിക്കുന്ന വചനഭാഗം വി. മത്തായിയുടെ സുവിശേഷം ഇരുപത്തിനാലാം അദ്ധ്യായം 45 മുതൽ 51 വരെയുള്ള വാക്യങ്ങളാണ്.

തന്റെ ഭവനത്തിലുള്ളവർക്ക് കൃത്യസമയത്ത് ഭക്ഷണം കൊടുക്കാൻ യജമാനന്‍ നിയോഗിച്ച വിശ്വസ്തനും വിവേകിയുമായ ഭൃത്യന്‍ ആരാണ്? യജമാനൻ വരുമ്പോൾ അപ്രകാരം ചെയ്യുന്നതായി കാണപ്പെടുന്നവൻ ഭാഗ്യവാൻ. ഈ വചനഭാഗത്തിലൂടെ നാം എത്രമാത്രം ജാഗരൂകത ഉള്ളവരായിരിക്കണം എന്ന് യേശു ഓർമ്മപ്പെടുത്തുന്നു.

നാം എപ്പോഴും ഒരുക്കമുള്ളവരായിരിക്കണം എന്ന് അവിടുന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നു. ഇന്ന് മഹാമാരിയുടെ തീയിൽ അമർന്നു കഴിയുന്ന ഈ ലോകത്തിൽ എവിടെ നോക്കിയാലും ജാഗ്രത പാലിക്കേണ്ട ആവശ്യകത ചൂണ്ടിക്കാണിച്ചു കൊണ്ട് പരസ്യങ്ങളും മുൻകരുതലുകളും നൽകുന്നതായി കാണാം. പത്രങ്ങളിലും മറ്റു മാധ്യമങ്ങളിലും ജാഗരൂകരായിരിക്കണം അല്ലെങ്കിൽ അപകടം വരുമെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ടേയിരിക്കുന്നു. ഒരു മഹാമാരി വന്നപ്പോൾ ഇത്രയേറെ ജാഗ്രത ഞാൻ പാലിച്ചിട്ടുപോലും രോഗം അതിവ്യാപകമായി ഇപ്പോഴും തുടരുന്നു. അങ്ങനെയെങ്കിൽ തിന്മയുടെ സ്വാധീനത്തിൽ കഴിയുന്ന ഈ ലോകത്തിൽ തിന്മ നമ്മെ സ്വാധീനിക്കാതിരിക്കണമെങ്കിൽ നാം എത്രമാത്രം ജാഗ്രതയോടെ നമ്മുടെ ആത്മീയജീവിതത്തെ കാത്തുസൂക്ഷിക്കണം?

നന്നായി അടച്ചുറപ്പില്ലാത്ത വീടിന്റെ കതകുകൾ പെട്ടെന്ന് തള്ളിത്തുറന്ന് ആർക്കും ആക്രമിക്കാം. ഞാനാകുന്ന വ്യക്തിയുടെ ആത്മീയജീവിതത്തിൽ അനാവശ്യമായി കടന്നുകൂടി എന്നെ ആക്രമിക്കാൻ കെൽപ്പുള്ള ദുഷ്ടശക്തികൾക്കെതിരെ ഞാൻ എത്രമാത്രം ജാഗരൂകത പുലർത്തുന്നുണ്ട് എന്ന് പരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്റെ ദൈവം എന്നെ പരിശോധിക്കുമ്പോൾ കുറ്റമറ്റവനായി കാണുവാൻ ഞാൻ എത്രമാത്രം പരിശ്രമിക്കുന്നുണ്ട്?

സ്നേഹമുള്ളവരേ, നാം ഈ ലോകത്തിൽ അതിഥികളാണ്. ലോകവാസം വെടിഞ്ഞ് നാമെല്ലാം ഒരിക്കൽ പോകും. ഇവിടെ നിന്ന് ഒന്നും കൊണ്ടുപോകാൻ സാധ്യമല്ല. നാം തന്നെയും ഇവിടേയ്ക്ക് ഒന്നും കൊണ്ടുവന്നിട്ടില്ല. അങ്ങനെയിരിക്കെ നശ്വരമായ ഒരു ലോകത്തിൽ നശ്വരമായതിനെയൊക്കെ കാത്തുസൂക്ഷിക്കാൻ നാം പെടാപ്പാട് പെടുകയാണ്. അനശ്വരമായ ദൈവത്തെ മറന്നുപോകുന്നു.  നിലനിൽക്കുന്ന ധനങ്ങൾ ഒന്നും നമ്മുടെ കണ്ണുകളെ ആകർഷിക്കുന്നില്ലെങ്കിൽ യജമാനൻ വരുമ്പോൾ നമ്മെ പുറന്തള്ളും. ഞാൻ നിങ്ങളെ അറിയില്ല എന്ന് ദൈവം പറയുന്നതു കേൾക്കാൻ ഇടവരാതിരിക്കട്ടെ. ദൈവം എന്നെ പരിശോധിക്കാനായി വരുമ്പോൾ ഞാൻ ഏറ്റവും വിശ്വസ്തഭൃത്യനായി കാണുവാൻ ദൈവമേ എന്നെ സഹായിക്കണമേ എന്നു പ്രാർത്ഥിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ!

ഫാ. സെബാസ്റ്റ്യന്‍ കുന്നുംപുറത്ത്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.