സീറോ മലങ്കര ഡിസംബര്‍ 19 യോഹ. 5: 30-40 യേശുവിന്റെ സാക്ഷ്യം

യേശുവിന്റെ അധികാരത്തെ യഹൂദപ്രമാണികൾ പലപ്പോഴും ചോദ്യം ചെയ്യുന്നു. അവരുടെ വാദഗതികളെ തന്റെ അധികാരത്തിന്റെ അടിസ്ഥാനം എന്താണെന്ന് വിവരിച്ചുകൊണ്ട് യേശു നേരിടുന്നു. യഹൂദ നിയമപ്രകാരം ഒരു വ്യക്തിക്ക് തനിക്കുവേണ്ടി തന്നെ സാക്ഷി പറയാൻ സാധിക്കില്ല. മിക്കവാറും എല്ലാ നിയമവ്യവസ്ഥയിലും അങ്ങനെ തന്നെയാണ് (എന്നാൽ ഇന്ന് ചിലപ്പോഴൊക്കെ സ്വന്തമായി സത്യമാണെന്നു ഒപ്പിട്ടു കൊടുക്കുന്ന (self-attested) രേഖകൾ സ്വീകരിക്കാറുണ്ട്).

ഒന്നാമതായി, യേശുവിനുവേണ്ടി ഇവിടെ സാക്ഷി പറയുന്നത് പിതാവായ ദൈവം ആയിരിക്കും. അതുകൊണ്ടു തന്നെ യേശുവിന് മനുഷ്യരുടെ സാക്ഷ്യം ആവശ്യമില്ല. രണ്ടാമതായി, യേശു ആരെന്ന് യോഹന്നാൻ സ്നാപകൻ നേരത്തെ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അവൻ സത്യത്തിന് സാക്ഷ്യം നൽകാൻ വന്നവനാണ്. യേശുവിന് തന്റെ ദൗത്യത്തിന് നിയമസാധുത ലഭിക്കുന്നതിന് യോഹന്നാന്റെ സാക്ഷ്യത്തിന്റെ ആവശ്യമില്ല. എന്നാൽ, അത് നൽകപ്പെട്ടിരിക്കുന്നത് ജനത്തിനു വേണ്ടിയാണ്. എന്നാൽ അധികാരികൾ യേശുവിനെക്കുറിച്ചുള്ള അവന്റെ സാക്ഷ്യം വിശ്വസിച്ചില്ല. ഇത്തരത്തിലുള്ള ഒരു അവസ്ഥാവിശേഷം എസക്കിയേൽ പ്രവാചകൻ വിവരിക്കുന്നു: “ഇമ്പമുള്ള സ്വരത്തിൽ പ്രേമഗാനം ആലപിക്കുകയും വിദഗ്ധമായി വീണ വായിക്കുകയും ചെയ്യുന്ന ഒരുവനെപ്പോലെയാണ് അവർക്കു നീ. കാരണം, നിന്റെ വാക്കുകൾ അവർ കേൾക്കുന്നു. എന്നാൽ, അവർ അത് അനുവർത്തിക്കുകയില്ല” (33:33). യോഹന്നാൻ ജനങ്ങളുടെ ഇടയിൽ വലിയ സ്വീകാര്യത നേടിയ വ്യക്തി ആയിട്ടുകൂടി അവന്റെ സാക്ഷ്യം അവരെ സ്വാധീനിച്ചിട്ടില്ലായെന്ന് അവരുടെ ജീവിതം വ്യക്തമാക്കുന്നു.

മൂന്നാമതായി, യേശു ചെയ്ത അത്ഭുതപ്രവൃത്തികൾ അവന് സാക്ഷ്യം നൽകുന്നു. അവർ ശരിയായ അറിവുള്ളവരായിരുന്നെങ്കിൽ ഉടൻ തന്നെ യേശു മിശിഹയാണെന്നു മനസ്സിലാക്കുമായിരുന്നു. കാരണം, മിശിഹായുടെ വരവിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് എല്ലാവർക്കും അറിവുള്ളതാണ്. അതൊക്കെ ഇപ്പോൾ അക്ഷരംപ്രതി സംഭവിച്ചു കൊണ്ടിരിക്കയാണ്. യേശു തനിക്കുവേണ്ടി കൊണ്ടുവരുന്ന നാലാമത്തെ സാക്ഷി വിശുദ്ധ ലിഖിതമാണ്. അതിൽ പറഞ്ഞിരിക്കുന്നതെല്ലാം യേശുവിനെക്കുറിച്ചാണ്. വിശുദ്ധഗ്രന്ഥം വായിച്ചിട്ടുള്ളവർക്കും അതിന്റെ അർത്ഥം ഗ്രഹിക്കാൻ സാധിക്കുന്നവർക്കും യേശുവിനെ മനസിലാക്കുന്നതിന് ബുദ്ധിമുട്ടില്ല. ദൈവം തന്റെ വിശുദ്ധ ഗ്രന്ഥത്തിലൂടെ നമ്മോടു നിരന്തരം സംസാരിക്കുന്നു. ഈ വചനം ഉൾകൊള്ളാൻ നമ്മുടെ ഭാഗത്തു നിന്ന് ചില നല്ല മനോഭാവങ്ങൾ ആവശ്യമാണ്. വിശ്വാസത്തിന്റെ പ്രകാശം ലഭിക്കുന്നതിനായി നാം പ്രാർത്ഥിക്കണം. നമ്മുടെ ഉള്ളിലുള്ള പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തോട് നാം നിരന്തരം സഹകരിക്കണം.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍