സീറോ മലങ്കര ഒക്ടോബര്‍ 08 ലൂക്കാ 1: 46-55 മറിയത്തിന്റെ സ്‌തോത്രഗീതം

പരിശുദ്ധ അമ്മ ഭാഗ്യവതിയാണ് (1:48). പാപം കൂടാതെ ജനിച്ചു, പാപം ചെയ്യാതെ ജീവിച്ചു, ദൈവപുത്രന് ജന്മം നല്കി, മാനവകുലത്തിന്റെ മുഴുവന്‍ മദ്ധ്യസ്ഥയായി എന്നതൊക്കെ ‘ഭാഗ്യവതി’ എന്ന പേരിന് അമ്മയെ അര്‍ഹയാക്കി. സഹനത്തിലൂടെയാണ് അമ്മ ഭാഗ്യവതിയായി തീര്‍ന്നത് എന്നുകൂടി ചേര്‍ത്ത് വായിക്കേണ്ടതാണ്.

കഴിഞ്ഞു പോയവയെക്കുറിച്ചുള്ള നന്ദിയും വരാനിരിക്കുന്നവയെക്കുറിച്ചുള്ള പ്രതീക്ഷയും മനസ്സില്‍ ഉണ്ടാകേണ്ട ദിനമാണിന്ന്. സംഭവിച്ചതൊക്കെ നമ്മുടെ ആഗ്രഹങ്ങള്‍ക്ക് വിരുദ്ധമായിരുന്നിരിക്കാം. എങ്കിലും നന്ദിയുള്ളവരാകുക. സംഭവിക്കാന്‍ പോകുന്നതും നമ്മുടെ ഹിതത്തിനനുസരിച്ചാവില്ല. എങ്കിലും പ്രതീക്ഷ കൈവിടാതിരിക്കുക. നന്ദിയും പ്രതീക്ഷയും കൂടിക്കലര്‍ന്ന ജീവിതമാകട്ടെ നമ്മുടേത്.