സീറോ മലങ്കര മെയ് 23 യോഹ. 14: 15-26 പെന്തിക്കോസ്തി പെരുനാള്‍ 

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ഇന്ന് നമ്മുടെ ഏറ്റവും പ്രധാന തിരുനാളുകളിലൊന്നായ പെന്തിക്കോസ്തി നാം ആഘോഷിക്കുന്നു. സഭ ഔദ്യോഗികമായി ഉത്‌ഘാടനം ചെയ്യപ്പെട്ട ദിനമെന്ന നിലയിൽ ഇന്ന് സഭയുടെ ജന്മദിനം കൂടിയാണ്. യഹൂദന്മാരുടെ വിളവെടുപ്പ് തിരുനാളും സീനായ് മലയിൽ വച്ച് ദൈവകല്പനകൾ സ്വീകരിച്ചതിന്റെ അനുസ്മരണവുമായിരുന്നു പെന്തിക്കോസ്തി. “പെന്തകോസ്തേ” എന്ന ഗ്രീക്ക് വാക്കിന്റെ അർത്ഥം “അൻപതാമത്തെ” എന്നാണ്. പെസഹായ്ക്കുശേഷം അൻപതാം ദിവസം വരുന്നതുകൊണ്ടാണ് ഇങ്ങനെയൊരു പേരുണ്ടായത്. പുതിയ നിയമത്തിൽ ശിഷ്യന്മാരുടേയും ജറുസലേമിൽ കൂടിയിരുന്ന ആദിമ ക്രൈസ്തവസമൂഹത്തിന്റേയും മേൽ പരിശുദ്ധാത്മാവ് ഇറങ്ങിവന്നതിനെ അനുസ്മരിക്കുന്ന തിരുനാളാണ് ഇത്. യേശുവിന്റെ ഉത്ഥാനത്തിന്റെ അൻപതാം ദിവസമാണ് ഇത് സംഭവിക്കുന്നത്.

സഭയുടെ പുതുയുഗം പെന്തിക്കോസ്തിയിലെ പരിശുദ്ധാത്മാവിലുള്ള മാമ്മോദീസായിലൂടെ ആരംഭിക്കുന്നു. പരിശുദ്ധാത്മാവിന്റെ വരവ് ശിഷ്യന്മാരെ മാത്രമല്ല, ക്രിസ്തുവിന്റെ സുവിശേഷസന്ദേശം സ്വീകരിക്കാൻ തയ്യാറായ എല്ലാവരുടെയും ജീവിതത്തെ മാറ്റിമറിച്ചു. അപ്പസ്തോല പ്രവർത്തനങ്ങളിൽ പറയുന്നത്, ശിഷ്യസമൂഹം ഒരുമിച്ച് പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ കൊടുങ്കാറ്റടിക്കുന്ന ശബ്‍ദം ഉണ്ടാവുകയും അഗ്നിനാവിന്റെ രൂപത്തിൽ ദൈവാത്മാവ് അവരുടെമേൽ വന്നാവസിക്കുകയും ചെയ്തുവെന്നാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പെന്തിക്കോസ്തി തിരുനാൾ ആഘോഷിക്കാൻ ജറുസലേമിൽ കൂടിയ യഹൂദർ ശിഷ്യസമൂഹം തങ്ങളുടെ ഭാഷകളിൽ സംസാരിക്കുന്നതുകേട്ട് അത്ഭുതപ്പെട്ടു. ഉൽപത്തി പുസ്തകത്തിൽ, ബാബേൽ ഗോപുരം നിർമ്മിച്ച് ദൈവത്തോളം ഉയരാൻ ശ്രമിച്ച മനുഷ്യൻ ഭാഷയാൽ ചിതറിക്കപ്പെട്ടു. എന്നാൽ, ഇവിടെ പല ഭാഷകൾ സംസാരിക്കുന്നവർ പരസ്പരം എന്താണ് പറയുന്നതെന്ന് തിരിച്ചറിഞ്ഞ് ഒന്നാകുന്നു. ഇത് പല ഭാഷകൾ സംസാരിക്കുന്നവർ ക്രിസ്തുവിൽ ഒരുമിക്കുമെന്നു സൂചിപ്പിക്കുന്നു.

പത്രോസ് ശ്ലീഹായുടെ ആദ്യ പ്രസംഗത്തിൽ തന്നെ, പരിശുദ്ധാത്മാവിന്റെ വരവ് മിശിഹായുഗത്തിന്റെ ആരംഭം കുറിക്കുന്നു എന്നുപറയുന്നു. “കർത്താവ് അരുളിച്ചെയ്യുന്നു: അവസാന ദിവസങ്ങളിൽ എല്ലാ മനുഷ്യരുടെയുംമേൽ എന്റെ ആത്മാവിനെ ഞാൻ വർഷിക്കും” (അപ്പ. 2:17). നമ്മുടെ സഭ ഇന്ന് ഒരു പുതിയ പെന്തിക്കോസ്തി അനുഭവത്തിലൂടെ കടന്നുപോകേണ്ടിയിരിക്കുന്നു. ഒരു വ്യക്തിയുടെ യഥാർത്ഥ പ്രതിച്ഛായ ആദ്യം കാണപ്പെടുന്നത് ജനനസമയത്താണ്. അതുപോലെ തന്നെ നമ്മുടെ സഭയുടെ യഥാർത്ഥരൂപവും ഭാവവും പെന്തിക്കോസ്തിയിലേതാണ്. നാം ജീവിക്കുന്ന ഈ ഭൂമിയുടെ മുഖം പരിശുദ്ധാത്മാവിനാൽ നവീകരിക്കപ്പെടേണ്ടിയിരിക്കുന്നു. പരിശുദ്ധാത്മാവാകുന്ന ദൈവത്തിന്റെ അഗ്നിയാൽ നാം ശുദ്ധീകരിക്കപ്പെടണം. ദൈവം തന്റെ ആത്മാവിനെ നമ്മുടെമേൽ അയയ്ക്കുന്നതിനും അങ്ങനെ നാമോരോരുത്തരും ദൈവമക്കളായി എപ്പോഴും ജീവിക്കുന്നതിനുവേണ്ട അനുഗ്രഹത്തിനായും നമുക്കിന്ന് പ്രാർത്ഥിക്കാം.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.