വചന ജീവിതം സീറോ മലബാര്‍ ഡിസംബർ 23

ഒരിക്കലും തന്റെ ജീവിതത്തിന്റെ ഭാഗമാകാത്ത, തനിക്ക് യാതൊരു കടപ്പാടും ഇല്ലാത്ത ഒരുവൾ ആയിരുന്നിട്ട് കൂടി മറിയത്തെ അപമാനിതയാക്കാൻ ഇഷ്ടപ്പെടാത്ത ഒരു നീതിമാനായ മനുഷ്യനെ പുൽക്കൂട്ടിലേക്കുള്ള യാത്രയിൽ നാം കണ്ടുമുട്ടുന്നു. അവാർഡ് ഒന്നും മോഹിച്ചല്ല  ഉള്ളിലെ മനുഷ്യത്വം നിർബന്ധിച്ചു. അത്ര തന്നെ. അതായിരുന്നു വി. യൗസേപ്പിതാവിന്റെ മനസ്.

ഉള്ളിൽ സ്വർഗ്ഗം പിറക്കുവാൻ കാരണമാകുന്ന ചില വിശുദ്ധ മനോഭാവങ്ങൾ!ഇനിയുമെത്ര ദൂരം യാത്ര ചെയ്താലാണ് പുൽക്കൂടിന്റെ പുണ്യത്തിന്റെ അയൽപക്കത്തെങ്കിലും എത്താനാകുക! എത്രയധികം ആഴത്തിലും പരപ്പിലും ഉഴുതു മറിച്ചാലാണ് ഉണ്ണിക്ക് വിശുദ്ധ പുൽക്കൂടൊരുക്കാൻ എന്റെ ഹൃദയനിലം തയ്യാറാവുക! ക്ഷമയുടെയും സ്നേഹത്തിന്റെയും എത്രയെത്ര തോരണങ്ങൾ ബന്ധങ്ങളിൽ നിറച്ചാലാണ് ഈ പുൽക്കൂടൊന്നു മനോഹരമാവുക!

മറ്റുള്ളവരുടെ വീഴ്ചകളെ പരത്തിയും വീർപ്പിച്ചും ഫോർവേഡ് ചെയ്തും ആഘോഷമാക്കുന്ന ഒരു സമൂഹത്തിന്റെ ഭാഗമായി അറിഞ്ഞും അറിയാതെയുമൊക്കെ നാമും മാറുമ്പോൾ ഇനിയുമെത്ര കാതം യാത്ര ചെയ്താലാണ് വി. യൗസേപ്പിതാവിനോടൊപ്പം പുൽക്കൂടിനരികെ നിൽക്കാൻ നമുക്ക് യോഗ്യത ലഭിക്കുക എന്നത് ധ്യാനവിഷയമായിരിക്കട്ടെ.

ചില ഗാഢനിദ്രയിൽ നിന്നും ഉണരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഉറക്കം ചില സ്വപ്നങ്ങൾക്ക് മാത്രമേ വഴിയൊരുക്കു. ഉണർന്നാലാണ് തിരുപ്പിറവിയുടെ ഭാഗമാകാൻ കഴിയുക.

പാഥേയം: ബന്ധങ്ങളെ നിലനിർത്താനും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും നന്മയുടെ സംസ്ക്കാരം പരത്താനും പാകത്തിൽ സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗം വ്യക്തിപരമായി ക്രമീകരിക്കാം.

ഫാ. ജിയോ കണ്ണന്‍കുളം CMI

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.