സീറോ മലബാർ കൈത്താക്കാലം നാലാം ശനി ആഗസ്റ്റ് 15 മാതാവിൻ്റെ സ്വർഗ്ഗാരോപണ തിരുനാൾ

പതിനഞ്ച് ദിനങ്ങൾ പ്രാർത്ഥിച്ചും നോമ്പു നോറ്റും നാം മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാളിൽ ഇന്ന് എത്തിച്ചേർന്നിരിക്കുന്നു. യേശുവിന്റെ ജീവിതവുമായി ബന്ധപ്പെടുത്തിയാണ് മാതാവിന്റെ ജീവിതവും വിളിയും നാം മനസ്സിലാക്കുന്നത്. മരണശേഷം മാതാവ് ശരീരത്തോടെ ദൈവസന്നിധിയിലേയ്ക്ക് എടുക്കപ്പെട്ടുവെന്ന് നാം വിശ്വസിക്കുന്നതിന്റെ പ്രധാന കാരണം, മനുഷ്യനായ ദൈവപുത്രൻ ആ ശരീരത്തിൽ വസിക്കുകയും അവളിലൂടെ ശാരീരികമായി വളരുകയും ചെയ്തു എന്നതിനാലാണ്. ഭൂമിയിലെ ദൈവത്തിന്റെ ഒരേയൊരു വാസസ്ഥലത്തെ ജീർണ്ണിക്കാൻ ദൈവം വിട്ടുകൊടുത്തില്ല എന്ന പ്രബോധനം യേശുവിന്റെ ദൈവീകതയെ ഒന്നുകൂടി ആഴപ്പെടുത്തുന്നു. സഭയുടെ ആരംഭകാലം മുതൽ തന്നെ മാതാവിന്റെ അമലോത്ഭവവും സ്വർഗ്ഗാരോപണവും സഭാപാരമ്പര്യത്തിന്റെ ഭാഗമായിരുന്നു. മാതാവ് മരിച്ചു ശിഷ്യന്മാരുടെ സാന്നിധ്യത്തിൽ അടക്കപ്പെട്ടതിനുശേഷം അവിടെയെത്തിയെ തോമാശ്ലീഹായുടെ ആവശ്യപ്രകാരം കല്ലറ തുറന്നപ്പോൾ ശരീരം അവിടെ ഇല്ലായിരുന്നുവെന്ന ശക്തമായ പാരമ്പര്യം മറ്റു പല തെളിവുകളോടൊപ്പം ഈ വിശ്വാസത്തിന് ശക്തി പകർന്നു.

സഭയിൽ നിലവിലുണ്ടായിരുന്ന ഈ വിശ്വാസത്തെ തന്റെ പ്രത്യേകമായ അപ്പസ്തോലിക പ്രബോധനാധികാരം ഉപയോഗിച്ച് പീയൂസ് പന്ത്രണ്ടാം മാർപ്പാപ്പ 1950 നവംബർ 1-ന് സഭയുടെ വിശ്വാസ സത്യമായി പ്രഖ്യാപിക്കുന്നു. “മുനിഫിചെന്തിസ്സിമുസ് ദേയുസ്” (Munificentissimus Deus) എന്ന തിരുവെഴുത്തിൽ മാർപ്പാപ്പ പറയുന്നു: കന്യകാമറിയം “തന്റെ ഭൂമിയിലെ ജീവിതം പൂർത്തീകരിച്ചപ്പോൾ, ആത്മാവിലും ശരീരത്തിലും സ്വർഗ്ഗീയമഹത്വത്തിലേയ്ക്ക് എടുക്കപ്പെട്ടു” (MD 44). രണ്ടാം ലോകമഹായുദ്ധകാലത്ത് മനുഷ്യർ തന്നെ നീചമായ രീതിയിൽ കോടിക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിയ അവസരത്തിൽ മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാൾ പ്രഖ്യാപനം മനുഷ്യജീവന്റെ മഹത്വം എടുത്തുകാട്ടുന്നതു കൂടിയായിരുന്നു. യേശുവിലുള്ള നമ്മുടെ ആത്മീയജീവിതത്തിൽ നമ്മുടെ ശരീരത്തിനും വലിയൊരു സ്ഥാനമുണ്ട്. മാത്രമല്ല, നമ്മുടെ ശരീരത്തിന്റെ യഥാർത്ഥ അന്ത്യം ക്രിസ്തുവിൽ ആയിരിക്കേണ്ടതുമാണ്. പൗരസ്ത്യ സഭകളിൽ നൂറ്റാണ്ടുകളായി ഈ തിരുനാൾ അറിയപ്പെടുന്നത് “ദൈവമാതാവിന്റെ ഉറക്കം” (Dormition of the Theotokos) എന്ന പേരിലാണ്. നാം മഹത്വീകരിക്കപ്പെട്ട ശരീരത്തോടുകൂടി ദൈവത്തില്‍ ഉറങ്ങേണ്ടവരാണ്.

നമ്മുടെ ഏറ്റവും വലിയ ശക്തിയും പ്രചോദനവും മാതൃകയുമായ മാതാവ്, പ്രോട്ടസ്റ്റന്റ് സഭാവിശ്വാസികളുടെ ഇടയിൽ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നതിന് ഒരുപാട് കാരണങ്ങൾ ഉണ്ട്. മിക്കപ്പോഴും നാം തന്നെ ഈ രഹസ്യങ്ങൾ മനസ്സിലാക്കുന്നതിലും അത് പറഞ്ഞുകൊടുക്കുന്നതിലും പരാജയപ്പെടുകയാണ് ചെയ്യുന്നത്. ഇന്ന് ഒരു വിശ്വാസി ഏതു രീതിയിൽ യേശുവിനെ ഉൾക്കൊള്ളുകയും ലോകത്തിനു പ്രദാനം ചെയ്യുകയും ചെയ്യണമെന്നതിന് ഏറ്റവും വലിയ മാതൃക മാതാവ് തന്നെ. മറിയത്തെ ബഹുമാനിക്കാനും അനുകരിക്കാനുമായി ആഘോഷിക്കുന്ന ഈ തിരുനാൾ നമ്മുടെ വരാനിരിക്കുന്ന മഹത്വീകരണത്തിന്റെ സ്മരണ കൂടിയാണ്.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.