സീറോ മലബാര്‍ ഉയിര്‍പ്പ് ഏഴാം വെള്ളി മെയ്‌ 29 മത്തായി 24: 7-14 രക്ഷയുടെ സുവിശേഷം

ദൈവവചന പ്രഘോഷണത്തിൽ ഒരുവനു നേരിടേണ്ടി വരാവുന്ന എല്ലാ ബുദ്ധിമുട്ടുകളേയും മുൻകൂട്ടി പറഞ്ഞ് തന്റെ ശിഷ്യന്മാരെ ഒരുക്കുന്ന യേശുവിനെ ഇന്നത്തെ വചനത്തിൽ നാം കാണുന്നു. മിശിഹായിൽ വിശ്വസിക്കുന്ന ഏവനും രക്ഷയുടെ സുവിശേഷം ലോകത്തിൽ അറിയിക്കുവാനായി കടപ്പെട്ടിരിക്കുന്നവരാണ്. എന്നാൽ, ഈ രക്ഷയുടെ സുവിശേഷം അത്ര എളുപ്പം ലോകത്തിന് ഉൾക്കൊള്ളുവാൻ സാധിക്കണമെന്നില്ല. അതിനാൽ സുവിശേഷം പ്രസംഗിക്കുന്നവൻ എന്നും പീഡനങ്ങൾക്കു വിധേയരായിക്കൊണ്ടിരിക്കും.

മിശിഹായെ പ്രഘോഷിക്കുന്നതിൽ നിന്നും ലോകത്തിന്റെ പീഢനങ്ങൾ നമ്മെ പിന്തിരിപ്പിക്കരുത് എന്നാണ് ഈശോ നമ്മോടു പറയുന്നത്. അവസാനം വരെ സഹിച്ചുനിൽക്കുന്നവൻ രക്ഷ പ്രാപിക്കും എന്ന് പറഞ്ഞുകൊണ്ട് ഓരോ ശിഷ്യനേയും മിശിഹാനാഥൻ ദൈവരാജ്യത്തിന്റെ സന്ദേശവാഹകരായി വിളിക്കുകയാണ്. മിശിഹാ തെളിച്ച വഴികളിലൂടെ നടക്കുമ്പോൾനടക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുമ്പോൾ ഏൽക്കേണ്ടിവരുന്ന അപമാനങ്ങളും എതിർപ്പുകളും നിത്യസമ്മാനത്തിനായി എന്നെ അർഹനാക്കും എന്ന തിരിച്ചറിവിലേയ്ക്ക് നമ്മെ നയിക്കണം. അപ്പോൾ പ്രതികൂലസാഹചര്യങ്ങളെ തരണം ചെയ്യുവാനും സത്യത്തിന്റെ കാവൽക്കാരനാകുവാനും നമുക്കാവും. മിശിഹായുടെ തിരുഹൃദയത്തോട് ചേർന്നുനിന്ന് അവന്റെ വചനപ്രകാശം ഈ ലോകത്തിൽ പരത്തുന്ന ഒരു ഉപകരണമാകുവാനുള്ള കൃപയ്ക്കായി ആത്മാർത്ഥമായ പ്രാർത്ഥനയോടെ…

ഫാ. ചാക്കോ ചൂരപ്പുഴയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.