സീറോ മലബാര്‍ ഉയിര്‍പ്പ് അഞ്ചാം ശനി മെയ്‌ 16 യോഹ. 15:26-16:4 ക്രിസ്തുവചനങ്ങളുടെ മൂല്യം

“നിങ്ങളെ കൊല്ലുന്ന ഏവനും ദൈവത്തിനു ബലിയർപ്പിക്കുന്നു എന്നു കരുതുന്ന ദിനം വരുന്നു.” സുവിശേഷം പ്രസംഗിക്കുന്നവർക്കായുള്ള ഈ ലോകത്തിലെ സമ്മാനം എന്താണെന്നു വ്യക്തമാക്കുകയാണ് ഇവിടെ മിശിഹാ. അതേ മരണഭയത്തിൽ നിന്നുകൊണ്ടു തന്നെയാണ് പൗലോസ് ശ്ലീഹാ, ‘സുവിശേഷം പ്രസംഗിക്കുന്നവരുടെ പാദങ്ങൾ എത്ര സുന്ദരം’ എന്ന തിരുലിഖിതത്തെക്കുറിച്ചു പറയുന്നത് (റോമ 10:15). ദൈവത്തിന്റെ സന്ദേശം എത്തിക്കുവാനായി വന്നവരെല്ലാവരും തങ്ങൾ, ആർക്കുവേണ്ടിയാണോ അയയ്ക്കപ്പെട്ടത് അവരുടെ കരങ്ങളാൽ തന്നെ മരിക്കുകയാണ് ചെയ്തിരിക്കുന്നത്. പഴയനിയമത്തിലെ പ്രവാചകന്മാർ മുതൽ റാണി മരിയ വരെയുള്ളവരുടെ ജീവിതം നമ്മുടെ മുമ്പില്‍ പച്ചയായി തെളിഞ്ഞുനിൽക്കുകയാണ്.

നമ്മുടെ ജീവിതങ്ങളിലും നന്മ ചെയ്യുമ്പോൾസുവിശേഷം ജീവിക്കുകയും പ്രസംഗിക്കുകയും ചെയ്യുമ്പോൾ നമ്മുടെ കൂടപ്പിറപ്പുകൾ തന്നെ നമുക്കെതിരായി മാറും എന്നാണ് ഈശോ നമ്മോടു പറഞ്ഞുതരുന്നത്. ഇന്ന് നമ്മുടെ സഭ അക്രമിക്കപ്പെടുന്നുണ്ടെങ്കിൽ, തെരുവുകളിൽ സഭാനേതൃത്വത്തെയും തിരുസഭാ മക്കളെയും അപഹാസ്യരാക്കാനും ജീവഹാനി വരെ വരുത്തുവാനും ആളുകൾ ശ്രമിക്കുന്നുണ്ടെങ്കിൽ അത് ക്രിസ്തുവിന്റെ വചനങ്ങൾ മൂല്യം ചോർന്നുപോകാതെ പഠിപ്പിച്ചിട്ടും ജീവിച്ചിട്ടുമാണെന്നു മനസ്സിലാക്കണമെന്നാണ് ഇന്നത്തെ വചനവും നമ്മോടു പറയുന്നത്. ദൈവവചനം പ്രസംഗിക്കാനും ജീവിക്കാനും അതുവഴി ലോകത്തിൽ അപമാനിക്കപ്പെടുവാനുമുള്ള വരത്തിനായി നമുക്കു പ്രാർത്ഥിക്കാം. ക്രിസ്തുവിനുവേണ്ടി ജീവൻ ഉഴിഞ്ഞുവയ്ക്കുവാനുള്ള കൃപയ്ക്കായി ആത്മാർത്ഥമായ പ്രാർത്ഥനയോടെ…

ഫാ. ചാക്കോ ചൂരപ്പുഴയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.