സീറോ മലബാര്‍ ഉയിര്‍പ്പ് മൂന്നാം വ്യാഴം ഏപ്രില്‍ 30 മര്‍ക്കോ. 4: 35-41 വിട്ടുകൊടുക്കല്‍

കൂടെ വിളിച്ചവന്റെ കരുതൽ തിരിച്ചറിയാനാവാതെ പ്രക്ഷുബ്ദമായ കടലിനെ കണ്ടു ശിഷ്യന്മാർ നിലവിളിക്കുന്നതാണ് ഇന്നത്തെ വചനഭാഗം. സർവ്വശക്തനായവൻ അമരത്തുണ്ടായിട്ടും അവനിൽ വിശ്വസിക്കാനാവാതെ സൃഷ്ടവസ്തുക്കളുടെ ശക്തിയിൽ മനസ്സുടക്കി നിൽക്കുന്ന ശിഷ്യന്മാർ ഗുരുവിനെ വിളിച്ചു നിലവിളിക്കുകയാണ്, ‘ഞങ്ങളുടെ ജീവൻ നശിക്കാൻ പോകുന്നു. അപ്പോഴും നീ എന്തേ ശാന്തനായി ഉറങ്ങുന്നത്?’

ജീവിതസാഗരത്തിൽ അനേകായിരം പ്രശ്നങ്ങളുടെ മധ്യത്തിൽ നിന്നുകൊണ്ട് മിശിഹായുടെ ഇടപെടലിനുവേണ്ടി നിലവിളിക്കുന്ന ശിഷ്യന്മാരാണ് നാമോരോരുത്തരും. നമ്മുടെ കൊച്ചുകൊച്ചു ബുദ്ധിമുട്ടുകളിൽ ദൈവം ഇടപെടാത്തത് എന്തുകൊണ്ടാണെന്നു ചിന്തിച്ച് പലപ്പോഴും നമുക്ക് നമ്മുടെ വിശ്വാസം തന്നെ നഷ്‍ടപ്പെടുന്ന ഒരു അവസ്ഥയിലേയ്ക്ക്‌ എത്താറുണ്ട്. ഇതിനെല്ലാം ഉത്തരമാണ് ഇന്നത്തെ സുവിശേഷം. കൂടെയുള്ള മിശിഹായിൽ പൂർണ്ണമായി വിശ്വസിക്കുകയും അവന് നമ്മെ മുഴുവനായും വിട്ടുകൊടുക്കുകയും ചെയ്താൽ നാം ദൈവത്തിന്റെ ശക്തി കാണും. അങ്ങനെ തന്നെത്തന്നെ മുഴുവനായും വിട്ടുകൊടുത്ത അനേകരുടെ അനുഭവസാക്ഷ്യങ്ങൾ നാം കേട്ടിട്ടുണ്ട്. എന്നാൽ, നമ്മുടെ ജീവിതത്തിൽ അങ്ങനെ സംഭവിക്കണമെങ്കിൽ ദൈവത്തിൽ പൂർണ്ണ ആശ്രയം വച്ച് ദൈവത്തിനുവേണ്ടി സ്വന്തം ജീവനെ നഷ്ടപെടുത്തുവാൻ പോലും തയ്യാറാവണം. അപ്പോൾ നമുക്ക് നമ്മുടെ ജീവിതത്തിൽ ദൈവത്തിന്റെ ഇടപെടൽ കാണുവാന്‍ സാധിക്കും.

തൊണ്ണൂറ്റിയൊന്നാം സങ്കീർത്തനത്തിൽ നാം വായിക്കുന്നുണ്ട്: “നിന്റെ പാർശ്വങ്ങളിൽ ആയിരങ്ങൾ മരിച്ചുവീണേക്കാം; നിന്റെ വലതുവശത്ത് പതിനായിരങ്ങളും. എങ്കിലും നിനക്ക് ഒരു അനർത്ഥവും സംഭവിക്കുകയില്ല.” ഈ വിശ്വാസത്തിൽ അടിയുറച്ചു നിന്നുകൊണ്ട് നമ്മെത്തന്നെ കർത്താവിന്റെ കരങ്ങളിൽ പൂർണ്ണമായി വിട്ടുകൊടുത്തുകൊണ്ട് ഈ ലോകത്തിൽ ജീവിക്കുവാനും മിശിഹായുടെ ഇടപെടൽ അനുഭവിക്കുവാനുമുള്ള കൃപയ്ക്കായി ആത്മാർത്ഥമായ പ്രാർത്ഥനയോടെ…

ഫാ. ചാക്കോ ചൂരപ്പുഴയിൽ