അനുതാപത്തിന്റെ വീഥി ഒരുക്കിയ സ്വാമിയച്ചൻ 

ഭാരത സഭയ്ക്കും ഒപ്പം കേരളത്തിലെ വിശ്വാസികൾക്കും  ഇന്ന് അഭിമാനത്തിന്റെ നിമിഷങ്ങളാണ്. കാരണം മലയാളിയായ സിസ്റ്റർ റാണി മരിയാ സഭയിലെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായിരിക്കുന്നു. വിശുദ്ധരുടെ ഗണത്തിലേക്ക് ഒരു ചെറു പുഷ്പം കൂടി ഭാരത സഭയിൽ നിന്ന് ഉയർന്നു വരുന്നു. സിസ്റ്ററിന്റെ വീരോചിതമായ രക്തസാക്ഷിത്വത്തെ സഭ ഔദ്യോഗികമായി അംഗീകരിക്കുകയാണ് ഇന്ന്. ഈ സന്ദർഭത്തിൽ നാം ഓർക്കേണ്ട രണ്ടു വ്യക്തിത്വങ്ങൾ ഉണ്ട്. ഒന്ന് സിസ്റ്ററിനെ രക്തസാക്ഷിത്വത്തിനു കാരണക്കാരനായ സമുന്ദർ സിങ്ങും അദ്ദേഹത്തെ അനുതാപത്തിന്റെ പാതയിൽ എത്തിച്ച, ഒരു കുടുംബത്തെ മുഴുവൻ ദൈവത്തിന്റെ ക്ഷമയുടെ ആഴം മനസിലാക്കി കൊടുത്ത സ്വാമിയച്ചനും.

സിസ്റ്റർ റാണി മരിയയുടെ ജീവിതത്തെ കുറിച്ച് പറയുമ്പോൾ അവിടിവിടെയായി  പറഞ്ഞു പോകുന്ന പേരാണ് സ്വാമിയച്ചന്റേത്. അതിനപ്പുറം ആരും അദ്ദേഹത്തെ തേടി പോയിട്ടില്ല എന്നതും ഒരു വാസ്തവം. ആരാണ് സ്വാമിയച്ചൻ എന്ന ചോദ്യത്തിനും അദ്ദേഹത്തിലുള്ള സവിശേഷത എന്ത് എന്ന ചോദ്യത്തിനും ഉത്തരം ചെന്ന് നില്കുന്നത് കൊടും ക്രൂരനായ സമുന്ദർസിംഗിനെ അനുതാപത്തിന്റെ വഴികളിൽ എത്തിച്ചു ദൈവസ്നേഹത്തിനു മുന്നിൽ മുട്ടുകുത്തിച്ചു ഒരു സാധു വൈദികനിലാണ്. അദ്ദേഹത്തിൻറെ ശരിയായ പേര് ഫാ. മൈക്കിള്‍ പൊറാട്ടുകര സിഎംഐ.

തന്റെ പതിവുപോലെയുള്ള ജയില്‍ സന്ദര്‍ശനത്തിന്റെ ഏതോ ഒരു ദിനമാണ് സമുന്ദര്‍സിംങ്  എന്ന കൊടും കുറ്റവാളി അദ്ദേഹത്തിന്റെ മനസ്സിൽ പതിയുന്നത്. അയാളെക്കുറിച്ചു ശരിക്കും അറിയാമായിരുന്ന അച്ചന്റെ മനസ്സിൽ എവിടെയോ ദൈവത്തിനായി ഈ കുറ്റവാളിയെ നേടിയെടുക്കണം ഇന്ന് തോന്നി. പിന്നീട് ഒരു നിയോഗം പോലെ അച്ചൻ സമുന്ദർ സിംഗിനെ സന്ദർശിച്ചു കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ കേട്ട ആ കൊലയാളിയുടെ കല്ലുപോലെ കഠിനമായ ഹൃദയം പതിയെ അനുതാപത്തിന്റെ പാതയിലേക്ക് എത്തുകയായിരുന്നു. അദ്ദേഹത്തിന്റെ സ്നേഹം നിറഞ്ഞ വാക്കുകൾ അവനെ ദൈവസ്നേഹത്തിന്റെ പാതയിലേക്ക് എത്തിച്ചു. ഇരുൾ നിറഞ്ഞ ഹൃദയത്തിലേക്കു ദൈവീക പ്രകാശത്തിന്റെ വാതിൽ അങ്ങനെ സ്വാമിയച്ചൻ  തുറന്നു.

അവൻ ദൈവസ്നേഹം തിരിച്ചറിഞ്ഞു. ആരാണ് ക്രിസ്ത്യാനി എന്ന് തിരിച്ചറിഞ്ഞു. ആ തിരിച്ചറിവ്  അവന്റെ കണ്ണുകളെ ഈറനണിയിച്ചു. ഒരു പാവം കന്യാസ്ത്രിയെ താൻ കൊന്നതിന്റെ പാപബോധത്തിൽ നിന്ന് കൊണ്ട് സ്വാമിയച്ചന്റെ തോളിൽ കിടന്നു പൊട്ടി കരഞ്ഞു. അവിടെ സിസ്റ്റർ  സെല്‍മിയുടെ സഹായത്തോടെ അവനു ദൈവത്തിന്റെ ക്ഷമ എന്താണെന്നു കാണിച്ചു കൊടുത്തു. അത് അവനെ ഒരു പുതിയ മനുഷ്യനാക്കി. സിസ്റ്റർ  സെല്‍മിയെയും കുടുംബത്തെയും തന്റെ സഹോദരിയുടെ, മകളുടെ മരണത്തിനു കരണക്കാരനായ വ്യക്തിയോട് ക്ഷമിക്കുവാൻ പ്രാപ്തമാക്കിയതിനു പിന്നിലും സ്വാമിയച്ചൻ തന്നെ ആയിരുന്നു. സിസ്റ്റര്‍ റാണിമരിയയുടെ മാതാപിതാക്കള്‍ സമുന്ദറിനെ സ്വീകരിച്ചതും മകളുടെ ഘാതകന്റെ കൈകള്‍ ചുംബിച്ചതും സഹോദരനായി സ്വീകരിച്ചതും ഒക്കെ ലോകം മുഴുവൻ അത്ഭുതത്തോടെ കണ്ടപ്പോൾ സ്വാമിയച്ചൻ ഒരു അണിയറ ശില്പിയുടെ വേഷത്തിൽ മാറി നിൽക്കുകയായിരുന്നു.

ഈ മാനസാന്തരത്തിന്റെ കഥ ലോകം മുഴുവനും ആവേശത്തോടെയാണ് സ്വീകരിച്ചത്. ഒരു കൊടും കുറ്റവാളിയെ മാനസാന്തരത്തിലേക്കു എത്തിച്ച വൈദികനെ കുറിച്ചറിഞ്ഞ ഫ്രാൻസിസ് പാപ്പാ സ്വാമിയച്ചനെ റോമിലേക്ക് ക്ഷണിച്ചു. 2015-ല്‍  അച്ചനും ഫ്രാൻസിസ് പാപ്പയും കണ്ടുമുട്ടി. 2016 ഏപ്രിൽ 25ന് ഇഹലോകവാസം വെടിഞ്ഞ അദ്ദേഹം തന്റെ ശരീരം പഠനാവശ്യങ്ങൾക്കായി മെഡിക്കൽ കോളജിനു വിട്ടുകൊടുത്തു എന്നത് ആ മഹത്വം വര്ദ്ധിപ്പിക്കുന്നു.

ഇന്ന് സ്വാമിയച്ചൻ ലോകത്തിനുമുന്നിൽ ഒരു സന്ദേശമായി മാറുകയാണ്. മനുഷ്യന്റെ  ഉള്ളിലെ അസുരഭാവത്തെ നീക്കി ദൈവസ്നേഹം നിറച്ചു അനുതാപത്തിന്റെ പാതയിലേക്ക് എത്തിച്ച അദ്ദേഹം ദൈവ സ്നേഹത്തിന്റെ നീർച്ചാലായി മാറുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.