“ഇവര്‍ ഇല്ലാതെ ഞങ്ങള്‍ എന്തായാലും വരില്ല സാറുമ്മാരെ. ഈ 25 പേരെ ഇവിടിട്ടിട്ടു ഞങ്ങള്‍ രണ്ടാള്‍ക്ക് മാത്രമായിട്ടു അങ്ങനെ രക്ഷപെടണ്ട,” ഇങ്ങനെ പറയുമ്പോള്‍ സുനിതയുടെ കണ്ണുകളിലെ നിശ്ചയദാര്‍ഢൃം വ്യക്തമായി കാണാമായിരുന്നു.
ജീവന്‍ വെച്ചുള്ള കളിയാണ്. അവര്‍ക്ക് അതും വ്യക്തമായി അറിയാം. പക്ഷേ സുനിതയുടെത് ഉറച്ച നിലപാടാണ്. നട്ടെല്ലുള്ള നിലപാട്. തങ്ങളെ മാത്രം സ്നേഹിച്ചു, തങ്ങളില്‍ മാത്രം പ്രതീക്ഷയര്‍പ്പിച്ചു ജീവിക്കുന്ന ആ 25 ജീവനുകളെ ഉപേക്ഷിച്ച് പോകില്ല എന്ന നിലപാട്. മനുഷ്യത്വം നശിച്ച ഈ 21-ാം നൂറ്റാണ്ടില്‍, തെല്ലും പതറിയിട്ടില്ലാത്ത മനുഷ്യത്വവും മനസാക്ഷിയുമായി ജീവിച്ച ഒരു തൃശൂരുകാരി. തന്റെ 25 വളര്‍ത്തു നായ്ക്കളെ പ്രളയത്തിലും ജീവനോടു ചേര്‍ത്ത് നിര്‍ത്തിയ സ്ത്രീ! സുനിതയുടെ ജീവിതത്തിലൂടെ…
പ്രളയം അതിന്റെ കോലങ്ങള്‍ പകര്‍ന്നാടുന്ന ഉജ്ജ്വല നിമിഷങ്ങള്‍. വെള്ളം കയറിയ പ്രദേശങ്ങളില്‍ നിന്നും ആളുകളെ രക്ഷപ്പെടുത്തുന്നതിനൊപ്പം വെള്ളം കയറാന്‍ സാധ്യത ഉള്ള പ്രദേശങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കാന്‍ തുടങ്ങി. സുനിതയുടെ വീട്ടിലും എത്തി. സുനിതയുടെ വീട്ടില്‍ പക്ഷെ 27 അംഗങ്ങള്‍ ഉണ്ട്. രണ്ടു പേരെ മാത്രമേ കൊണ്ടുപോകാന്‍ കഴിയുള്ളൂ എന്ന് രക്ഷാ പ്രവര്‍ത്തകര്‍. തങ്ങളുടെ 25 നായ്ക്കളെ ഈ വെള്ളത്തില്‍ ഉപേക്ഷിച്ചു പോകാന്‍ അവര്‍ തയ്യാറായിരുന്നില്ല. മൂന്നു വര്‍ഷമായി സ്വന്തം മക്കളെ പോലെ കാണുന്നതാണ് ഇവരെ ഉപേക്ഷിച്ചു പോകാന്‍ കഴിയില്ല. തങ്ങള്‍ അല്ലാതെ ഇവര്‍ക്ക് മറ്റാരുമില്ല. ഇവരെ ഒപ്പം കൂട്ടിയാല്‍ മാത്രം വരാമെന്ന് പറഞ്ഞു. നായ്ക്കളെ കൂടി കൊണ്ട് പോകാന്‍ കഴിയാത്തതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ മടങ്ങി.
വെള്ളം പൊങ്ങിയതോടെ വീടും മുങ്ങി. നായ്ക്കളെ മെത്തയില്‍ കയറ്റി സുരക്ഷിതമായി ഇരുത്തി. മാധ്യമങ്ങളുടെ ശ്രദ്ധ നേടിയതോടെ മൃഗങ്ങളെ സംരക്ഷിക്കാനും ഒപ്പം സുനിതയെയും ഭര്‍ത്താവിനെയും സുരക്ഷിത സ്ഥലത്തേക്ക് മാറ്റാനും ആളുകള്‍ എത്തി. സുനിതയും ഭര്‍ത്താവും അവരുടെ 25 നായ്ക്കളും ഇപ്പോള്‍ താത്കാലികമായി ഒരുക്കിയ ഒരു കൂരയിലാണ്.
ചിലര്‍ക്ക് ഭ്രാന്തെന്ന് തോന്നാവുന്ന ഈ വികാരം മനുഷ്യത്വത്തിന്റെ മറ്റൊരു പതിപ്പാണ്. തങ്ങളെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഒരു കൂട്ടം മിണ്ടാപ്രാണികളെ ഉപേക്ഷിക്കാന്‍ കഴിയാത്ത മനസ്സിന്റെ വിഭ്രാന്തി. ഭ്രാന്ത് എന്ന് വേണമെങ്കിലും വിളിച്ചോളൂ. പക്ഷേ ഇത് ഈ കാലഘട്ടത്തിലെ ദൈവതുല്യമായ പ്രവര്‍ത്തികളില്‍ ഒന്നാണ്.