
ഏലിയാ സ്ലീവ മൂശക്കാലം മൂന്നാം ഞായര്‍ മത്താ 17:14-21
വിശ്വാസത്തിന്റെ കടുകുമണികള്‍ പൊട്ടിവിടരാന്‍ വചനം മഴപോലെ നമ്മുടെ ഹൃദയങ്ങളില്‍ പെയ്തിറങ്ങുന്നു, കടുകുമണിയോളം വിശ്വാസം വിശ്വാസവളര്‍ച്ചയുടെ ഉയരങ്ങളിലേയ്ക്ക് എത്താനുള്ള സാധ്യതകളെ ഉണര്‍ത്തുന്നു.
ഒരു നാട്ടിലെ ജനങ്ങള്‍ മഴ ലഭിക്കാത്തതുമൂലം ഒട്ടേറെ ക്ലേശമനുഭവിച്ച് പോന്നു. പള്ളിയിലെ വികാരിയച്ചന് ഒരു പോംവഴി പറഞ്ഞു. നമുക്കൊരുമിച്ച് ഒരു ആരാധന നടത്തി നാട്ടില്‍ അനുഗ്രഹ മഴ പെയ്യിക്കാം. നിശ്ചയിച്ച പ്രകാരം എല്ലാവരും ആരാധനയ്ക്കായി പള്ളിയില്‍ വന്നുചേര്‍ന്നു. അപ്പോള്‍ ഒത്തിരികാലമായി മഴപെയ്യാത്ത ആ നാട്ടില്‍ ഒരു കുടയുമായി ഒരു ബാലന് പള്ളിയിലേയ്ക്ക് കടന്നുവന്നു. എല്ലാവരും അവനെ നോക്കി പരിഹസിച്ചു. അപ്പോള്‍ ആ ബാലന് തന്നെ പരിഹസിച്ചവരോടു നിഷ്കളങ്കമായി പറഞ്ഞു. ”നമ്മള് ആരാധിച്ചു കഴിയുമ്പോള്‍ ദൈവം നമുക്ക് മഴ നല്‍കും. അപ്പോള്‍ മഴ നനയാതെ കുടചൂടി വീട്ടിലേയ്ക്ക് മടങ്ങുവാനാണ് ഞാന്‍ കുട കൊണ്ടുവന്നിരിക്കുന്നത്.” ഇത് ശ്രവിച്ച എല്ലാവരും തങ്ങളുടെ അല്പവിശ്വാസത്തെപ്പറ്റി ബോധവാന്മാരായി.
പ്രിയമുള്ളവരെ, ഇന്നത്തെ സുവിശേഷത്തില്‍ നാം അല്പവിശ്വാസികളായ ശിഷ്യരെ കണ്ടുമുട്ടുന്നു. വിശ്വാസത്തിന്റെ ആവശ്യകതയും അതുല്യ ശക്തിയും ഇന്നത്തെ സുവിശേഷത്തിലൂടെ ക്രിസ്തുനാഥന് സുവ്യക്തമാക്കുന്നു. വിശുദ്ധ ഗ്രന്ഥ പശ്ചാത്തലത്തില്‍ വിശ്വാസത്തിന്റെ മഹത്വം നമുക്കു പരിശോധിക്കാം.
ക്രിസ്തുവിന്റെ രക്ഷാകരമായ സുവിശേഷത്തിലുള്ള വിശ്വാസം ക്രിസ്തുവിനും സുവിശേഷത്തിനും വേണ്ടി സേവനം ചെയ്യാന്‍ നമുക്കു പ്രചോദനം നല്കുന്നു. ക്രിസ്തു ഈ ലോകത്തിന്റേതല്ലാത്തതുപോലെ നാമും ഈ ലോകത്തിന്റേതല്ല. പ്രത്യുത ക്രിസ്തുവിനോടൊരുമിച്ച് ‘ഒരു പുതിയ ആകാശവും പുതിയ ഭൂമിയും’ സൃഷ്ടിക്കുവാന്‍ അഥവാ സുവിശേഷത്തില്‍ പറയുന്ന ദൈവരാജ്യം സ്ഥാപിക്കുവാന്‍ വിളിക്കപ്പെട്ടവരാണ് നാം.
ഭൂമിയില്‍ ദൈവരാജ്യം സ്ഥാപിക്കുന്നതിന് നാമോരുത്തരും നമ്മുടെ ഹൃദയത്തില്‍ ദൈവത്തെ പ്രതിഷ്ഠിക്കണം. അപ്പോള്‍ നാം അനുദിനജീവിതത്തില്‍ നമ്മുടെ വിശ്വാസത്തോട് നൂറു ശതമാനവും വിശ്വസ്തത പാലിക്കുന്നവരാകും. ക്രിസ്തുവില്‍ വിശ്വസിക്കുന്നതോടുകൂടി വിശ്വാസനുസൃതമായി ജീവിക്കുവാന്‍ നാം നിര്‍ബന്ധിതരായിത്തീരുന്നു. വിശുദ്ധ പൗലോസിനെ ഒരുത്തമ ഉദാഹരണമായെടുക്കാം. മാനസാന്തരപ്പെട്ട് ക്രിസ്തുവില്‍ വിശ്വാസമര്‍പ്പിച്ച അദ്ദേഹത്തിനു പറയുവാന്‍ കഴിഞ്ഞു ”ഇപ്പോള്‍ ഞാന്‍ ജീവിക്കുന്നു, എന്നാല്‍ ഞാനല്ല ക്രിസ്തു എന്നില്‍ ജീവിക്കുന്നു” എന്ന്. വിശ്വാസനുസൃതമായി ജീവിക്കുന്നില്ലായെങ്കില് നിത്യജീവന് പ്രാപിക്കുവാന്‍ വിശ്വാസം നമുക്കു സഹായകമായി ഭവിക്കുന്നില്ല. (യാക്കോ 2, 17, 20: മത്തായി 7, 25).
മാമ്മോദീസായില്‍ ദൈവം നമ്മില്‍ നല്കുന്ന വിശ്വസം എന്ന ദാനത്തെ ഒരു ചെറിയ കടുകുമണിയായി സങ്കല്പിക്കാം. ഇതു കാത്തുസൂക്ഷിക്കുവാനും പരിപോഷിപ്പിക്കുവാനും നമുക്കു കടമയുണ്ട്. വിശ്വാസത്തെ അതിന്റെ പൂര്‍ണ്ണതയില്‍ കാണാന്‍ കഴിയുന്നത് ഉപവിയിലാണ്. ദൈവത്തോടും നമ്മുടെയൊക്കെ സഹോദരങ്ങളോടുമുള്ള സ്നേഹത്തിന്റെ വളര്‍ച്ച വിശ്വാസത്തിന്റെ വളര്‍ച്ചയാണ്. ചുരുക്കിപ്പറയുകയാണെങ്കില്‍ ക്രിസ്തീയജീവിതവും പഠനവുമെല്ലാം നമുക്ക് സ്നേഹത്തില്‍ ഉള്‍ക്കൊള്ളിക്കുവാന്‍ കഴിയും. സ്നേഹത്തിന് നിദാനമായി നില്ക്കുന്ന വിശ്വാസത്തിനുവേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.
അല്പവിശ്വാസം പലപ്പോഴും നമ്മെ അറിഞ്ഞോ അറിയാതെയോ കീഴ്പ്പെടുത്തിക്കളയാറുണ്ട്. ഒരിക്കല്‍ ഒരു ചേടത്തി തന്റെ വീടിന്റെ മുറ്റത്തെ ഇലകള്‍ അടിച്ചുവാരി മടുത്തപ്പോള്‍, മുറ്റത്തെ മരം അവിടെ നിന്നും മാറിപോകുവാനായി നൊവേന ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. ‘മലകള്‍വരെ മാറ്റിത്തരുന്ന ദൈവം തന്റെ മരവും വീടിന്റെ പിന്‍വശത്തേയ്ക്ക്’ മാറ്റിത്തരുമെന്ന് വിശ്വസിച്ചു താന്‍ ഒമ്പതാം ദിവസം ഉണര്‍ന്നു കഴിയുമ്പോള്‍ അത് സംഭവിക്കുമെന്ന് അവള് പ്രത്യാശിച്ചു. ഒമ്പതാം ദിവസം രാവിലെ വാതില്‍ തുറന്നുനോക്കിയ ചേടത്തി ആ മരം അവിടെ തന്നെ നില്‍ക്കുന്നത് കണ്ടു. എടുത്തവായില്‍ അവര്‍ പറഞ്ഞു: ”അല്ലേലും എനിക്കറിയാമായിരുന്നു ഈ മരമൊന്നും ഇവിടെ നിന്ന് മാറിപോകാന്‍ പോകുന്നില്ലായെന്ന്.” ഈ ചേടത്തിയുടെ മനോഭാവത്തോടുചേര്ന്ന് നാമും നമ്മുടെ ജീവനും ജീവിതവും വിലയിരുത്തേണ്ടിയിരിക്കുന്നു.
വിശ്വാസമെന്ന ദൈവീകപുണ്യത്തിനുവേണ്ടി നമുക്ക് ദാഹിച്ച് പ്രാര്‍ത്ഥിക്കാം. പരിശുദ്ധാത്മാവിന്റെ നിറവിലൂടെ ലഭിക്കുന്ന അടയാളവരങ്ങളില് ഒന്നായ വിശ്വാസത്തിന്റെ അഭിഷേകത്തിലൂടെ ഈ ലോകത്തില്‍ ദൈവത്തിന്റെ ഉപകരണങ്ങളായി നിലകൊണ്ടുകൊണ്ട് നമുക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാം. വിശ്വാസത്തിന്റെ നിറവില്‍ നമുക്ക് ചുറ്റുമുള്ളവര്‍ക്കുവേണ്ടി മാദ്ധ്യസ്ഥം വഹിച്ച് പ്രാര്‍ത്ഥിക്കാം. അപ്പോള്‍ യേശുനാഥന്റെ രണ്ടാമത്തെ ആഗമനത്തില്‍ അബ്രാഹത്തെപ്പോലെ നാമും ഒരു അനുഗ്രഹമാണെന്ന് അവിടുന്ന് തിരിച്ചറിയുകയും സ്വര്ഗ്ഗഭാഗ്യത്തിനവകാശികളാക്കുകയും ചെയ്യട്ടെ.
റിച്ചാര്‍ഡ് വരിക്കാശ്ശേരില്‍