
ഏലിയാ സ്ലീവ മൂശക്കാലം എട്ടാം ഞായര്‍ മത്താ 22:28-33
സഹോദരന്മാര്‍ ഒരുമിച്ച് വസിക്കുമ്പോള്‍ അവരിലൊരാള്‍ പുത്രനില്ലാതെ മരിച്ചു പോയാല്‍ അവന്റെ ഭാര്യ അന്യനെ വിവാഹം ചെയ്തുകൂടാ. ഭര്‍ത്താവിന്റെ സഹോദരന്‍ അവളെ പ്രാപിക്കുകയും ഭാര്യയായി സ്വീകരിച്ച് ഭര്‍തൃസഹോദരനു കര്‍മ്മം നിര്‍വഹിക്കുകയും ചെയ്യണം. നിയമാവര്‍ത്തന പുസ്തകത്തിന്റെ 25-ാം അധ്യായം 5-ാം വാക്യം ഇസ്രായേല്‍ ജനത്തിനു നല്കുന്ന നിയമമാണിത്. പുനരുത്ഥാനത്തിലും നിത്യജീവനിലും വിശ്വാസമില്ലാതിരുന്ന സദുക്കായര്‍ ഈശോയെ ഉത്തരം മുട്ടിക്കാന്‍ പ്രയോഗിക്കുന്ന ചോദ്യം ഈ നിയമത്തെ കേന്ദ്രീകരിച്ചാണ്. ഈ ചോദ്യത്തിന് ഉത്തരത്തെക്കാള്‍ അവര്‍ പ്രതീക്ഷിച്ചത് യേശുവിന്റെ ഉത്തരം മുട്ടലും ശേഷം പുനരുത്ഥാനമോ നിത്യജീവനോ ഇല്ലായെന്ന തങ്ങളുടെ വാദത്തെ അരക്കിട്ടുറപ്പിക്കലുമാണ്. അതിനുള്ള കരുതലാവാം സകല പഴുതുകളും അടയ്ക്കുമാറ് തികച്ചും സാങ്കല്പികമായ ഒരു കഥപോലും ഉദാഹരണമായി മെനയപ്പെട്ടത്. എല്ലാ വഴികളും അറിയുന്നവനും എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമുള്ളവനുമായവന്റെ മുന്നിലാണ് കടങ്കഥ ചോദ്യവുമായി വന്നു നില്ക്കുന്നതെന്ന് സദുക്കായര്‍ മനസ്സിലാക്കിയില്ല. ഫലമോ തങ്ങളുടെ സകല സങ്കല്‍പങ്ങളെയും കാറ്റില്‍ പറത്തുകയും സമൂഹത്തിലെ ജ്ഞാനികളും ശ്രേഷ്ഠരും എന്ന തലക്കനവുമായി നടന്ന അവരെ ശൂന്യരാക്കുകയും ഈ ലോകവാസം അവസാനം അല്ല, പുനരുത്ഥാനവും ജീവനും ഉണ്ട് എന്ന് വീണ്ടും ശക്തമായി പ്രഖ്യാപിക്കുകയും ചെയ്ത ഈശോയുടെ ഉത്തരമാണ്.
ജീവിതം ഇവിടെ ഈ ലോകത്ത് തീരുകയാണ് എന്ന ചിന്ത മനുഷ്യനില്‍ നിറച്ച് അവനെ നിരാശയിലേക്ക് തള്ളിയിടുന്ന പൈശാചിക തന്ത്രമാണ് പുനരുത്ഥാനമോ നിത്യജീവനോ സ്വര്‍ഗ്ഗമോ ഇല്ല എന്ന വാദം. ഇത്തരം ചിന്തകള്‍ മനുഷ്യമനസുകളില്‍ നിറയ്ക്കുകയും അവ ഉയര്‍ത്തി പിടിച്ച് നടക്കുകയും ചെയ്തവരില്‍ പ്രശസ്തരായ മനഃശാസ്ത്രജ്ഞരും തത്വചിന്തകരുമൊക്കെയുമുണ്ട്. മനഃശാസ്ത്രജ്ഞനായ ഫ്രോയിഡ് മരണത്തെ അന്ത്യമായി കണ്ടപ്പോള്‍ തത്വചിന്തകനായ ഷോപ്നവര്‍ നിശബ്ദതകള്‍ക്കിടയില്‍ സംഭവിക്കുന്ന അനാവശ്യമായ ഒരു അസ്വാസ്ഥ്യമാണ് ജീവിതം എന്ന് വിളിച്ചു പറഞ്ഞു. ഇങ്ങനെ ജീവനെയും ജീവിതത്തെയും നിഷേധിക്കുന്ന സ്വരങ്ങള്‍ ചുറ്റും അലയടിക്കുമ്പോള്‍ ജീവിതം മരണത്തോളമേ ഉള്ളൂ എന്നും നിത്യജീവനും സ്വര്‍ഗ്ഗവുമൊക്കെ ഒരു മിഥ്യയാണെന്നും നമ്മള്‍ ഒരു നിമിഷം ചിന്തിച്ചുപോകാം. ജീവിതത്തെ നിഷേധിച്ചു തുടങ്ങിയാല്‍ പിന്നെ അത് ദൈവനിഷേധത്തിലെത്തിച്ചേരാന്‍ അധിക സമയം വേണ്ട.
ജീവനും ജീവിതമൂല്യങ്ങള്‍ക്കും വേണ്ടി നിലനില്‍ക്കേണ്ട നാം എവിടെയോ ജീവസംസ്‌കാരത്തോടു ബൈ പറഞ്ഞിരിക്കുന്നു. എന്റെ ശരീരവും എന്റെ ജീവിതവും ഈ ലോകജീവിതത്തില്‍ എനിക്ക് തോന്നും വിധം ഉപയോഗിക്കാനുള്ള കേവലമൊരു വസ്തു മാത്രമാണ് എന്ന തെറ്റിദ്ധാരണയിലാണ് ബഹുഭൂരിപക്ഷജനങ്ങളും ഇന്ന് ജീവിക്കുന്നത്. വിധിയില്‍ വിശ്വാസമില്ലാതിരുന്ന സദുക്കായരെപ്പോലെ നന്മയോ തിന്മയോ ചെയ്യേണ്ടത് മനുഷ്യന്റെ തീരുമാനമാണെന്ന് നമ്മളും വിശ്വസിക്കുന്നു. അതിനിടയില്‍ ആത്മാവിന്റെ അനശ്വരതയെയോ അധോലോകത്തിലെ ശിക്ഷയെയോ അങ്ങേ ലോകത്തില്‍ ലഭിക്കാനിരിക്കുന്ന സൗഭാഗ്യത്തെയോ നമ്മള്‍ മറന്നുപോയിരിക്കന്നു.
ലെബനനിലെ കവിയായ ഖലീല്‍ ജിബ്രാന്‍ പറയുന്നു ‘പാറ മരിച്ചു കരിങ്കല്‍ കഷണങ്ങളാകുന്നത് ദൈവാലയങ്ങളിലെ തൂണുകളാകുവാനാണ്. മെഴുകുതിരി മരിക്കുന്നത് പ്രകാശമായി മാറാനാണ് തടി കഷണം മരിക്കുന്നത് അതിന്റെ ഉള്ളിലെ അഗ്നിയെ ജ്വലിപ്പിക്കാനാണ്.’ അപ്പോള്‍ തീര്‍ച്ചയായും മനുഷ്യജീവന്‍ മരണത്തിലവസാനിക്കുന്നതല്ല. മനുഷ്യന്‍ മരിക്കുന്നതും പ്രത്യേകമായ, ശ്രേഷ്ഠമായ എന്തിനോ വേണ്ടി തന്നെയാവണം. ഇന്നത്തെ വചനത്തിന്റെ 30-ാം വാക്യത്തില്‍ ഈശോ തന്നെ ഈ സംശയം സാധൂകരിക്കുന്നു; ‘അവര്‍ മരിച്ചത് ദൈവദൂതന്മാരെപ്പോലെയാകാനാണ്.’ മനുഷ്യജീവനും മരണത്തില്‍ അവസാനിക്കുന്നതല്ല. ഓരോ മനുഷ്യനും മരിക്കുന്നത് സ്വര്‍ഗ്ഗത്തില്‍ ദൈവദൂതനായി ജനിക്കുന്നതിനു വേണ്ടിയാണ്. ഈ ബോധ്യം ഉള്‍ക്കൊണ്ടുതന്നെയാണ് വിശുദ്ധരൊക്കെയും നിത്യജീവിതത്തെ ആകാംഷയോടെ കാത്തിരുന്നത്. വി. ചെറുപുഷ്പം മരണവേളയില്‍ ഇപ്രകാരം പറഞ്ഞു ”ഞാന്‍ മരിക്കുകയല്ല, ജീവനിലേക്ക് പ്രവേശിക്കുകയാണ്; മരണമല്ല, ദൈവം എന്നെ വിളിക്കുകയാണ്”. വിശുദ്ധ അമ്മ ത്രേസ്യ പറയുന്നു: ”എനിക്കു ദൈവത്തെ കാണണം, അവിടുത്തെ കാണാന്‍ ഞാന്‍ മരിക്കണം.” ”എന്റെ മക്കളെ യേശുവും അവിടുത്തെ വിശുദ്ധരും രക്തസാക്ഷികളും സ്വര്‍ഗ്ഗത്തില്‍ നിങ്ങളെ കാത്തുനില്ക്കുന്നുണ്ട് എന്ന് പറഞ്ഞാണ് വിധവയായ ഫെലിചിത്താസ് ക്രിസ്തീയ വിശ്വാസത്തെ പ്രതി മരിക്കേണ്ടി വന്നപ്പോള്‍ തന്റെ ഏഴുമക്കളെ ധൈര്യപ്പെടുത്തിയത്.
ഈ ലോകവാസവും അതില്‍ നിന്നു ലഭിക്കുന്ന സന്തോഷങ്ങളും സൗഭാഗ്യങ്ങളും അല്ല നാം ലക്ഷ്യം വയ്‌ക്കേണ്ടത് എന്ന തിരിച്ചറിവിലേക്കാണ് ഇന്നത്തെ വചനവും വിശുദ്ധരുടെ ജീവിതങ്ങളുമൊക്കെ നമ്മെ നയിക്കുന്നത്. നമ്മുടെ ഓരോ വ്യര്‍ത്ഥ വാക്കിനും പ്രവൃത്തിക്കും വിധി ദിവസത്തില്‍ നാം കണക്കുകൊടുക്കേണ്ടിയിരിക്കെ, ഈ ലോകവാസം ശാശ്വതമെന്ന് വിശ്വസിച്ച്, ജീവിച്ച് വിഡ്ഢികളായി മാറാതിരിക്കാനാവട്ടെ നമ്മുടെ പ്രവൃത്തികളും പരിശ്രമങ്ങളും. വിശുദ്ധ മദര്‍തെരേസ പറയുന്നതുപോലെ വലിയ കാര്യങ്ങള്‍ ചെറിയ മനസോടെ ചെയ്യുന്നതിലല്ല, ചെറിയ കാര്യങ്ങള്‍ വലിയ മനസോടെ സ്വര്‍ഗ്ഗ പ്രാപ്തി എന്ന ലക്ഷ്യത്തോടെ ചെയ്യുന്നതിലാണ് പുണ്യം.
പുതുശ്ശേരിക്കാലായില്‍