ഞായറാഴ്ച പ്രസംഗം – നവംബര്‍ 19; വിശുദ്ധമായത് അശുദ്ധമാക്കരുത് യോഹ 2:13-22

പള്ളിക്കൂദാശക്കാലം മൂന്നാം ഞായര്‍ യോഹ 2:13-22

നവരാത്രി ആഘോഷത്തിന് മുന്നോടിയായി ബ്രാഹ്മണ സഹോദരങ്ങള്‍ തങ്ങളുടെ ഭവനവും പരിസരവും വൃത്തിയാക്കി മുറ്റത്ത് കളം വരയ്ക്കുന്ന ഒരു പതിവുണ്ട്. ഈശ്വരനെ തങ്ങളുടെ ഭവനത്തിലേയ്ക്ക് ക്ഷണിച്ചുകൊണ്ട് അവര്‍ തങ്ങളെത്തന്നെയും ഒപ്പം ചുറ്റുവട്ടവും ഏറ്റം വൃത്തിയായി സൂക്ഷിക്കുന്നു. പരിശുദ്ധമായ സ്ഥലത്തേ ഈശ്വരന്റെ സാന്നിധ്യമുള്ളൂ എന്ന തിരിച്ചറിവാണ് അവരെ ഇപ്രകാരം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്.

ഇന്നത്തെ തിരുവചനഭാഗം ദേവാലയം ശുദ്ധീകരിക്കുന്ന ഈശോയെയാണ് തിരുസഭാമാതാവ് നമ്മുടെ ധ്യാനത്തിനും വിചിന്തനത്തിനുമായി അവതരിപ്പിക്കുന്നത്. നാലുസുവിശേഷകന്മാരും സൂചിപ്പിച്ചിട്ടുള്ള ഒന്നാണ് ഈശോയുടെ ദേവാലയ ശുദ്ധീകരണം. സമാന്തര സുവിശേഷങ്ങള്‍ തങ്ങളുടെ അവസാന ഭാഗത്ത് ഇതു ചേര്‍ക്കുമ്പോള്‍ യോഹന്നാന്‍ ശ്ലീഹാ തന്റെ സുവിശേഷത്തിന്റെ ആദ്യഭാഗത്താണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്നത്തെ തിരുവചനഭാഗം നമ്മുടെ ധ്യാന വിഷയമാക്കുമ്പോള്‍, ഒരുപക്ഷേ ചിലരുടെയെങ്കിലും മനസില്‍ അത്ഭുതം ഉളവായേക്കാം. ശാന്തശീലനും വിനീതഹൃദയനുമായ ഈശോയില്‍ നിന്ന് എന്തുകൊണ്ടാണ് ഇത്തരമൊരു സമീപനം. പഴയ നിയമത്തില്‍ ലേവ്യരുടെ പുസ്തകം 11:45-ല്‍ ദൈവമായ കര്‍ത്താവ് തന്റെ ജനമായ ഇസ്രായേലിനോട് ഇപ്രകാരം അരുളി ചെയ്യുന്നുണ്ട്: ‘നിങ്ങള്‍ പരിശുദ്ധരായിരിക്കുവിന്‍. എന്തെന്നാല്‍, ഞാന്‍ പരിശുദ്ധനാണ്.’ വി. ഗ്രന്ഥവും ദൈവത്തോട് തുലനം ചെയ്യുന്നത് പരിശുദ്ധിയാണ്. കൂടുതല്‍ ആഴത്തില്‍ ചിന്തിക്കുകയാണെങ്കില്‍ ദൈവത്തിന്റെ സ്വഭാവം തന്നെ പരിശുദ്ധിയാണ്. സുവിശേഷഭാഗത്ത് ദൈവത്തിനായ് പ്രതിഷ്ഠിക്കപ്പെട്ട ആലയത്തില്‍ അതിനു ചേരാത്തതായ പ്രവൃത്തികള്‍ കാണുമ്പോള്‍ അതിനെതിരെ പ്രതികരിക്കുന്ന ദൈവപുത്രനെയാണ് യോഹന്നാന്‍ സുവിശേഷകന്‍ നമുക്ക് മുമ്പില്‍ വരച്ചു കാട്ടുന്നത്. ദൈവപുത്രനായ ഈശോമിശിഹായുടെ മാനുഷികമായ ഒരു സമീപനവും ദൈവീകമായ ഒരു സമീപനവും ഒപ്പം ചില ദൈവീക സത്യങ്ങളും അവിടുന്ന് വെളിപ്പെടുത്തുന്നു.

മിശിഹായുടെ മാനുഷികമായ ഒരു സമീപനം  നമുക്കൊന്ന് വിചിന്തനം ചെയ്യാം. ഇവിടെ ദൈവാലയത്തില്‍ നടക്കാന്‍ പാടില്ലാത്തത് സംഭവിക്കുന്നു. പെസഹാക്കാലത്ത് ജറുസലെം ദേവാലയത്തില്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ആരാധനയ്ക്കും പ്രാര്‍ത്ഥനയ്ക്കുമായി ജനങ്ങള്‍ വന്നിരുന്നു. നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ പള്ളിപ്പെരുന്നാളുകള്‍ നടക്കുമ്പോള്‍ കച്ചവടക്കാര്‍ വരുന്നതുപോലെ തന്നെ ഇവിടെ കച്ചവടം നടത്തുന്നത് പുറത്തല്ല, മറിച്ച് അകത്താണ് – ദേവാലത്തിനകത്ത്. പെസഹാക്കാലത്ത് ധാരാളം മൃഗബലികള്‍ നടക്കുന്നതിനാല്‍ കാള, ആട്, പ്രാവ് തുടങ്ങിയ മൃഗങ്ങളായിരുന്നു കൂടുതല്‍. ഇവയെല്ലാം അവിടെ നിന്നുപുറത്താക്കുന്നതുവഴി താനാണ് അര്‍പ്പിക്കപ്പെടാന്‍ പോകുന്ന കുഞ്ഞാട് എന്ന വ്യക്തമായ സൂചന ഈശോ നല്‍കുകയാണ്. ഒപ്പം ദൈവാലയത്തിന്റെ പവിത്രത നഷ്ടപ്പെടുത്തുന്ന ഇത്തരം അനീതിയെ ഈശോ കര്‍ശനമായി എതിര്‍ക്കുന്നു. അനീതിയ്‌ക്കെതിരെ നിരാകരിക്കുന്ന മിശിഹായുടെ മാനുഷികഭാവത്തെ സുവിശേഷകന്‍ ഇവിടെ അനാവരണം ചെയ്യുന്നു.

ഒരു ക്രിസ്തുശിഷ്യന്‍ സ്വന്തമാക്കേണ്ട മനോഭാവമാണ് ഈശോയുടേത്. ലോകത്തെ നേരായ പാതയില്‍ ചരിക്കുവാന്‍, നീതിയും സമാധാനവും കരകവിയുന്ന സ്വര്‍ഗ്ഗമാക്കി ഈ ഭൂമിയെ രൂപപ്പെടുത്താന്‍ ഒരുവന്‍ ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ടവനാണ്.

ചിലപ്പോഴെങ്കിലും നമ്മുടെ ദേവാലയങ്ങളും കച്ചവടസ്ഥലമാക്കപ്പെട്ട ജറുസലേം ദേവാലയം പോലെ ആയിത്തീരാറുണ്ട്. ഒരുദാഹരണം പറഞ്ഞാല്‍ ഒരു തിരുപ്പട്ടമോ, വിവാഹമോ കഴിഞ്ഞശേഷം ദേവാലയം കണ്ടാല്‍ ഒരു വലിയ പൂക്കടയിലേക്കു നോക്കുന്ന പ്രതീതിയാണ്. തിരുക്കര്‍മ്മങ്ങള്‍ക്കിടയില്‍പോലും ഫോട്ടോഗ്രാഫേഴ്‌സും മറ്റുള്ളവരും വിശുദ്ധ സ്ഥലത്തൂടെപോലും ഓടിനടക്കുന്നു. എല്ലാ മനുഷ്യരുടെയും ശ്രദ്ധ അവിടുത്തെ  അലങ്കാരങ്ങളിലോ അതുപോലെ മറ്റുപല പ്രവര്‍ത്തികളിലുമായിരിക്കും. പതിനായിരക്കണക്കിന് രൂപ വില വരുന്ന പൂക്കളും മറ്റ് അലങ്കാര വസ്തുക്കളും ദേവാലയം മോടിപിടിപ്പിക്കുമ്പോള്‍ പ്രിയ സഹോദരാ, സഹോദരി നീ ഓര്‍ക്കുക അറിയാതെയാണെങ്കിലും ദേവാലയത്തെ ഒരു കച്ചവടസ്ഥലമായും പ്രദര്‍ശനവസ്തുവായും മാറ്റുന്നു. ഒന്നും വേണ്ട എന്നല്ല ഇവിടെ വിവക്ഷിക്കുന്നത്. മറിച്ച് ദേവാലയത്തെക്കാള്‍ പ്രാധാന്യം മറ്റൊന്നിനും നാം നല്‍കരുതെന്നാണ്.

മിശിഹായുടെ ദൈവീകമായ സമീപനത്തെയും ഇവിടെ നാം കൂട്ടിച്ചേര്‍ത്ത് ധ്യാനിക്കേണ്ടതാണ്. ‘എന്റെ പിതാവിന്റെ ആലയം നീ കച്ചവട സ്ഥലമാക്കരുത്’ (2:16). ഈശോയുടെ ഈ വചനം പൗലോസ് ശ്ലീഹായുടെ ലേഖനവുമായി ചേര്‍ത്തു വായിക്കുമ്പോള്‍ ഈ ആലയം ദൈവം വസിക്കുന്ന നമ്മുടെ ശരീരങ്ങള്‍ തന്നെയാണ്. കോറിന്തോസുകാര്‍ക്കെഴുതിയ ഒന്നാം ലേഖനം 3-ാം അധ്യായം 16:17 തുരവചനങ്ങള്‍ ഇപ്രകാരം പറയുന്നു: ‘നിങ്ങള്‍ ദൈവത്തിന്റെ ആലയമാണെന്നും ദൈവാത്മാവ് നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ? എന്തെന്നാല്‍ ദൈവത്തിന്റെ ആലയം പരിശുദ്ധമാണ്; ആ ആലയം നിങ്ങള്‍ തന്നെ.’ ദൈവം വസിക്കുന്ന നമ്മുടെ ശരീരത്തെ മാന്യതയിലും വിശുദ്ധിയിലും കാത്തു സൂക്ഷിക്കാതിരിക്കുമ്പോള്‍ ഓര്‍മ്മിക്കുക; നമ്മുടെ ശരീരത്തെ ഈ ലോകത്തില്‍ ഒരു കച്ചവടസ്ഥലമാക്കുന്നു. അന്ത്യദിനത്തില്‍ അവിടുത്തോടൊപ്പം മഹത്വം പ്രാപിക്കേണ്ട ഈ ശരീരം വിശുദ്ധിയില്‍   കാത്തുസൂക്ഷിക്കണം.

അവസാനമായി ഈശോ തന്നെക്കുറിച്ചുള്ള സാക്ഷ്യം യഹൂദരുടെ ചോദ്യത്തിനു മറുപടിയായി പറയുന്നു. യേശു മറുപടി പറഞ്ഞു: ‘നിങ്ങള്‍ ഈ ദേവാലയം നശിപ്പിക്കുക, മൂന്നുദിവസത്തിനകം ഞാനത് പുനരുദ്ധരിക്കും.’ മാത്സര്യമനോഭാവവും ആത്മീയ തയും നിറഞ്ഞുനിന്ന യഹൂദര്‍ക്ക് ഈശോ എന്താണ് അക്ഷരാര്‍ത്ഥത്തില്‍ ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല. രാവും പകലും തന്നോടൊപ്പമായിരിക്കുന്ന ശിഷ്യര്‍ക്കുപോലും ഈ രഹസ്യം മനസ്സിലായില്ല. അവിടുത്തെ ഉത്ഥാനത്തിനുശേഷമാണ് അവര്‍പോലും ഈ വചനത്തിന്റെ പൊരുള്‍ മനസ്സിലാക്കിയത്.

തമ്പുരാനോട് ഹൃദയം കൊണ്ട് ഐക്യപ്പെടുന്നവര്‍ക്കുമാത്രമേ അവിടുത്തെ രഹസ്യങ്ങള്‍ മനസ്സിലാകുകയുള്ളൂ. ബാഹ്യമായി നാം എന്തൊക്കെ ചെയ്താലും ഹൃദയത്തില്‍ അവന് സ്ഥാനമില്ലെങ്കില്‍ നാളെ യഹൂദരുടെയും ശിഷ്യരുടെയും സ്ഥാനത്ത് നാം ഓരോരുത്തരും എണ്ണപ്പെടും. പള്ളിക്കൂദാശാക്കാലത്തിലെ മൂന്നാം ഞായറാഴ്ചയിലെ ഈ സുവിശേഷഭാഗം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് ഹൃദയമാകുന്ന ദൈവാലയം ശുദ്ധീകരിച്ച് ഈശോയുടെ വചനങ്ങള്‍ക്ക് കാതോര്‍ക്കാനാണ്. ഏകദേശം 10 ദിവസങ്ങള്‍ കൂടി പിന്നിട്ടാന്‍ നാം 25 നോമ്പിലേക്ക് പ്രവേശിക്കും. അതിനാല്‍ രക്ഷകനെ സ്വീകരിക്കാന്‍ നമ്മുടെ ശരീരത്തെയും ആത്മാവിനെയും വിശുദ്ധിയോടെ ഒരുക്കി നമുക്ക് കാത്തിരിക്കാം. അവിടുന്ന് തീര്‍ച്ചയായും എന്റെ ഹൃദയം തന്റെ ആലയമായി സ്വീകരിക്കും എന്ന പ്രത്യാശയോടെ…

ജോബി തെക്കേടത്ത്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.