ഞായറാഴ്ച പ്രസംഗം – ജനുവരി 28: ദൈവത്തിന്റെ മൂന്നാംദിനം (യോഹ 2:1-11)

ദനഹാക്കാലം നാലാം ഞായര്‍ യോഹ 2:1-11

ദനഹാക്കാലം 4-ാം ഞായറാഴ്ചയില്‍ നാം എത്തിനില്‍ക്കുമ്പോള്‍ സഭാമാതാവ് നമ്മുടെ മുമ്പില്‍ വയ്ക്കുന്നത് യേശുവിന്റെ മഹത്വം വെളിപ്പെടുത്തുന്ന കാനായിലെ കല്യാണവിരുന്നാണ്. ദനഹാക്കാലത്തിലെ വായനകളിലെല്ലാം ദൈവപുത്രനായ യേശുവിന്റെ മഹത്വത്തെയാണ് വെളിപ്പെടുത്തുന്നത്. ദനഹാക്കാലം ഒന്നാം ഞായര്‍ രക്ഷകനായ യേശുവിനെക്കുറിച്ചുള്ള ഏശയ്യായുടെ പ്രവചനവും രണ്ട്, മൂന്ന് ആഴ്ചകളില്‍ സ്‌നാപകന്റെ സാക്ഷ്യവും നാലാമത്തെ ആഴ്ചയില്‍ അടയാളങ്ങളിലൂടെ യേശു തന്നെ തന്നെ വെളിപ്പെടുത്തുന്നതുമാണ്.

യോഹന്നാന്‍ 2:1 പറയുന്നത് മൂന്നാം ദിവസം ഗലീലിയിലെ കാനായില്‍ ഒരു വിവാഹവിരുന്നു നടന്നു എന്നാണ്. മൂന്നാം ദിനം എന്നത് തിരുവചനത്തില്‍ വളരെയേറെ പ്രാധന്യം ഉള്ള ദിനമാണ്. സീനാമലയില്‍ ദൈവം ഇസ്രായേല്‍ ജനത്തിന് സ്വയം വെളിപ്പെടുത്തുന്നത് മൂന്നാംദിനമാണ്. ഹോസിയാ പ്രവാചകന്റെ പുസ്തകം 6:2 വാക്യത്തില്‍ മൂന്നാംദിനമെന്നത് രക്ഷയുടെ ദിനമായിട്ടാണ് അവതരിപ്പിക്കപ്പെടുക. യോനാ പ്രവാചകന്റെ പുസ്തകത്തില്‍ മൂന്ന് ദിവസം മത്സ്യത്തിന്റെ ഉദരത്തില്‍ കഴിഞ്ഞ് മൂന്നാം ദിവസം പുറത്തുവരുന്ന പ്രവാചകനെ നമ്മള്‍ കാണുന്നുണ്ട്. പുതിയ നിയമത്തിലേക്ക് വരുമ്പോള്‍ ദേവാലയത്തില്‍വച്ച് നഷ്ടപ്പെടുന്ന ബാലനായ യേശുവിനെ യൗസേപ്പും മാതാവും കണ്ടെത്തുന്നത് മൂന്നാം ദിവസങ്ങള്‍ക്ക് ശേഷമാണ്. മരണമടഞ്ഞ ലാസറിനെ യേശു ഉയര്‍പ്പിക്കുന്നത് മൂന്നാം ദിവസമാണ്. മൂന്നാം ദിവസമെന്നത് രക്ഷയുടെ ദിവസമാണ്. ദൈവം പ്രവര്‍ത്തിക്കുന്ന ദിവസമാണത്.

നമ്മുടെ സാധ്യതകള്‍ അവസാനിക്കുമ്പോള്‍ ദൈവം പ്രവര്‍ത്തനം ആരംഭിക്കുന്ന ഇത്തരം മൂന്നാം ദിനം ദൈവം തന്നെ സ്വയം വെളിപ്പെടുത്തുന്നു. സാധ്യതകള്‍ അവസാനിക്കുമ്പോള്‍ കൂടെ ആയിരിക്കുന്ന ദൈവത്തിലേക്ക് തിരിയുക മാത്രം ചെയ്യുക. ദൈവം പ്രവര്‍ത്തിക്കുന്ന മൂന്നാം ദിനങ്ങള്‍ നമ്മുടെ ജീവിതത്തിലും ഉണ്ടാകും.

കണക്കു കൂട്ടലുകള്‍ പിഴക്കുന്ന ഒരു ഗൃഹനാഥനെ കാനായില്‍ നാം കണ്ടെത്തുന്നുണ്ട്. യഹൂദപാരമ്പര്യമനുസരിച്ച് ഒരാഴ്ച നീളുന്നതായിരുന്നു വിവാഹ ആഘോഷങ്ങള്‍. ഒരു സാബത്തില്‍ തുടങ്ങി അടുത്ത സാബത്തുവരെ നീളുന്ന ആഘോഷം. സാധാരണ മൂന്നാം ദിവസം വരനും കൂട്ടരും വധുവിനെ കൂട്ടിക്കൊണ്ടുവരാന്‍ അവളുടെ വീട്ടിലേക്ക് പോകുന്ന ഒരു ചടങ്ങുണ്ട്. നഗരത്തിലുള്ള ഏറ്റവും വളഞ്ഞ വഴികള്‍ അവര്‍ തിരഞ്ഞെടുക്കും. കാരണം ഒരുപാട് ആളുകളുടെ ആശംസകള്‍ സ്വീകരിക്കുവാന്‍ വേണ്ടിയാണത്. വധുവിന്റെ വീട്ടില്‍ എത്തുമ്പോള്‍ വരനും കൂട്ടരും വലിയ ആരവം മുഴക്കും. അപ്പോള്‍ വധുവിന്റെ വീട്ടിലുള്ളവര്‍ വിളക്കുതെളിച്ച് നൃത്തം വയ്ക്കും. ഇത്തരത്തില്‍ വലിയ ആഘോഷങ്ങള്‍ നിറഞ്ഞ വിവാഹത്തില്‍ ആ ഗൃഹനാഥന്റെ കണക്കുകള്‍ പിഴക്കുകയാണ്.

ഗൃഹനാഥന് ഉണ്ടാകുന്ന അപമാനത്തേക്കാള്‍ വലിയ ഒരു ദുരന്തം, കല്ല്യാണ വീട്ടില്‍ വീഞ്ഞുതീര്‍ന്നുപോയാല്‍ ആ വിവാഹം പിന്നെ നടക്കുകയില്ല എന്നതാണ്. യഹൂദരെ സംബന്ധിച്ച് വീഞ്ഞ് ദൈവാനുഗ്രഹത്തിന്റെ അടയാളമാണ്. വീഞ്ഞ് ഇല്ലാതെ വന്നാല്‍ ദൈവാനുഗ്രഹം ഇല്ല എന്നര്‍ത്ഥം. അതിനാല്‍ ആ വിവാഹം നടക്കാന്‍ പാടില്ല. ഇത്തരം സാഹചര്യത്തില്‍ വിവാഹം മുടങ്ങുന്ന പെണ്‍കുട്ടി ജീവിതകാലം മുഴുവന്‍ വിധവയായി കഴിയണമെന്നുള്ള ആചാരവും യഹൂദര്‍ക്കിടയിലുണ്ടായിരുന്നു.

ജീവിതാവസാനം വരെ വിധവയാകാന്‍ വിധിക്കപ്പെട്ട നിര്‍ഭാഗ്യയായ ആ പെണ്‍കുട്ടി വീടിന്റെ അകത്തളങ്ങളില്‍ കഴിഞ്ഞുകൂടണം. ആരെയും അറിയിക്കാതെ കണ്ണീരൊഴുക്കിയ അവളുടെ നൊമ്പരം ഒരാള്‍ മാത്രം കാണുന്നുണ്ടായിരുന്നു; പരിശുദ്ധ കന്യകാമറിയം. ഒരമ്മയ്ക്ക് മാത്രം അറിയാവുന്ന നൊമ്പരങ്ങളുണ്ട്. സഹനങ്ങളുടെ വഴികളിലൂടെ നടന്ന അവള്‍ക്ക് കണ്ണുനീരിന്റെ രുചിയും കദനത്തിന്റെ താളവും തിരിച്ചറിയാന്‍ കഴിയുമായിരുന്നു.

സങ്കടമറിഞ്ഞു എന്നു മാത്രമല്ല മറിയത്തിന്റെ മഹത്വം അതിനൊരു ഉത്തരം കൂടി അവള്‍ കണ്ടെത്തിയെന്നതാണ്. അവിടെ കൂടിയിരുന്ന ഒരു പറ്റം ആള്‍ക്കാര്‍ സങ്കടത്തിന്റെ കാരണക്കാരെ തിരയുകയായിരുന്നു. കലവറക്കാരന്റെ കരുതലില്ലായ്മ, ഗൃഹനാഥന്റെ പിടിപ്പുകേട്, ഗൃഹനാഥയുടെ അനാസ്ഥ, വധുവായവളുടെ ശാപദോഷം തുടങ്ങി പ്രതിസന്ധികള്‍ക്ക് അനേകം കാരണങ്ങള്‍ അവര്‍ കണ്ടെത്തി. പ്രതിസന്ധികളുടെ ഉത്തരവാദികളെ കണ്ടെത്തുവാന്‍ പരിശ്രമിക്കുന്നവര്‍ പലപ്പോഴും പ്രതിസന്ധികളെ കൂടുതല്‍ കൂടുതല്‍ വഷളാക്കുകയാണ് ചെയ്യുക. ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം ഭര്‍ത്താവാണോ ഭാര്യയാണോ എന്ന് അന്വേഷിക്കുന്നവര്‍ ദാമ്പത്യം തകര്‍ത്തേ അടങ്ങൂ. പക്ഷേ കാനായില്‍ മറിയം വ്യത്യസ്ഥമായ ഒരു മാതൃക നല്‍കുന്നു.

പ്രതിസന്ധി കണ്ട മറിയം അതിന്റെ കാരണക്കാരെ നിരത്താതെ അത് പരിഹരിക്കാന്‍ കഴിവുള്ളവനിലേക്ക് തിരിയുന്നു. പ്രശ്‌നങ്ങള്‍ക്കു കാരണക്കാരെ കണ്ടെത്തുന്നത് ആത്മീയതയല്ല. മറിച്ച് കുറ്റാന്വേഷണമാണ്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ദൈവപുത്രനെ ചൂണ്ടിക്കാണിക്കുന്നതാണ് ആത്മീയത.

യേശുവിനെ ചൂണ്ടിക്കാണിച്ചു കൊടുത്താല്‍ പ്രശ്‌നങ്ങള്‍ തീരുമെന്നു മാത്രമല്ല സമൃദ്ധിയും ഉണ്ടാകുന്നു. കേവലം ഒരു വീപ്പ വീഞ്ഞു കൂടി ലഭിച്ചാല്‍ പരിഹരിക്കുമായിരുന്ന പ്രതിസന്ധിക്ക് പരിഹാരമായി യേശു ആറ് കല്‍ഭരണി വീഞ്ഞ് നല്‍കുന്നു. ഒരു ഭരണിയില്‍ 75 ലിറ്റര്‍ വീഞ്ഞുകൊള്ളുമായിരുന്നു. അതായത് ചുരുങ്ങിയത് മൂന്ന് കല്ല്യാണങ്ങള്‍ കൂടി നടത്താന്‍ മാത്രം വീഞ്ഞ്. കേട്ട വചനങ്ങളെ നമ്മുടെ ജീവിതവുമായി ചേര്‍ത്തുവെച്ചൊന്നു ധ്യാനിക്കാം. ദൈവത്തിന് പ്രവര്‍ത്തിക്കുവാന്‍ ജീവിതത്തില്‍ അവസരം ഞാന്‍ കൊടുക്കാറുണ്ടോ? യേശു നമ്മില്‍ അത്ഭുതം പ്രവര്‍ത്തിക്കും. മൂന്നാം ദിനങ്ങള്‍ നമ്മുടെ ജീവിതങ്ങളിലും ഉണ്ടാകട്ടെ പരിശുദ്ധ അമ്മയെപ്പോലെ അപരന്റെ കണ്ണിലെ കണ്ണു നീരുകളിലേക്ക് തിരിയാന്‍ നമുക്ക് സാധിക്കണം. ജീവിത പ്രശ്‌നങ്ങളില്‍ അതിന്റെ കാരണക്കാരെ തിരയാതെ അതുപരിഹരിക്കാന്‍ കഴിയുന്നവനിലേക്ക് തിരിയാന്‍ സാധിക്കണം. അപ്പോള്‍ ജീവിത പ്രശ്‌നങ്ങളില്‍ ഉത്തരമുണ്ടാകുമെന്ന് മാത്രമല്ല, ദൈവം നല്‍കുന്ന സമൃദ്ധി ജീവിതത്തില്‍ നിറയും.

സച്ചിന്‍ പടിഞ്ഞാറേക്കടുപ്പില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.