ഞായറാഴ്ച പ്രസംഗം – ഡിസംബര്‍ 3; വഴിയൊരുക്കുന്നവന്‍ (ലൂക്കാ 1:5-28)

മംഗളവാര്‍ത്തക്കാലം ഒന്നാം ഞായര്‍ ലൂക്കാ 1:5-28 

രക്ഷാകര ചരിത്രത്തിന്റെ താളുകളില്‍ സ്വര്‍ണ്ണ ലിപികളില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്ന നാമങ്ങളില്‍ ഒന്നാണ് സ്‌നാപക യോഹന്നാന്റേത്. തന്റെ തിരുക്കുമാരന് ഭൂമിയില്‍ അവതരിക്കാന്‍ ദൈവം മറിയത്തെ തിരഞ്ഞെടുത്തപ്പോള്‍, അവന്റെ പാതകളെ സുരക്ഷിതമാക്കിയും അവന്‍ കടന്ന് ചെല്ലേണ്ട ജനങ്ങളെ അവനായ് വിശുദ്ധീകരിക്കുകയും ചെയ്തുകൊണ്ട് അനാദിയിലേയുള്ള ദൈവത്തിന്റെ രക്ഷാകര പദ്ധതിയുടെ ഭാഗമായ് തീര്‍ന്നവനാണ് സ്‌നാപകയോഹന്നാന്‍. മംഗളവാര്‍ത്താ കാലത്തിന്റെ ഒന്നാം ഞായറാഴ്ചയായ ഇന്ന് സ്‌നാപകന്റെ ജനനത്തെക്കുറിച്ച് ഗബ്രിയേല്‍ മാലാഖ സഖറിയായ്ക്ക് നല്‍കുന്ന ജനന അറിയിപ്പ് ധ്യാനവിഷയമായി തിരുസഭ നമുക്ക് നല്‍കുമ്പോള്‍ സ്‌നാപകന്‍ എന്ന ആ അതുല്യ പ്രതിഭയെക്കുറിച്ച് നമുക്ക് ഒന്ന് ധ്യാനിക്കാം.

എത്ര തിരക്കുള്ളവരും ഒരുനിമിഷം നിന്ന് പോകുന്ന ഇടങ്ങളാണ് നാല്‍ക്കവലകള്‍. ”ഇന്ന സ്ഥലത്തേക്ക് പോകേണ്ട വഴി ഏതെന്ന്” ഒരിക്കലെങ്കിലും ജീവിതത്തില്‍ ചോദിക്കാത്തവരായി നമ്മളില്‍ ആരും തന്നെ കാണില്ല. നമ്മുടെ യാത്രകളില്‍ ശെഴി ബോഡുകള്‍ ഇല്ലാത്തത് കൊണ്ട് വഴിതെറ്റി പോയിട്ടുള്ളവരും ഉള്ളതുകൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്താന്‍ സാധിച്ചിട്ടുള്ളവരുമാണ് നമ്മളില്‍ പലരും. ചിലപ്പോഴെങ്കിലും മറ്റൊരുവന്റെ വാക്ക് വിശ്വസിച്ച് ഇറങ്ങി തിരിച്ചതിന്റെ ഫലമായി പെരുവഴിയില്‍ ആയിപ്പോയതിന്റെയും ഒപ്പം മറ്റാരുടെയൊക്കെയോ സന്മനസ്സുകള്‍ കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്താന്‍ സാധിച്ചതിന്റെയും കഥകള്‍ നമ്മളില്‍ ചിലരുടെയെങ്കിലും ജീവിതത്തിന് പറയാനുണ്ടാവും. ഇപ്രകാരം പലരുടെയും തെറ്റായ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് യാത്ര ചെയ്തതിന്റെ ഫലമായി എങ്ങും എത്തിപ്പെടാന്‍ സാധിക്കാത്ത വിധം നട്ടം തിരിഞ്ഞ ഇസ്രായേന്‍ ജനതയെ നേരായി വഴിയെ നയിക്കാന്‍, പരമമായ ലക്ഷ്യത്തിലേക്ക് തിരിക്കാന്‍ മിശിഹായ്ക്ക് മുമ്പേ ദൈവത്താല്‍ അയയ്ക്കപ്പെട്ടവനാണ് സ്‌നാപകന്‍.

തങ്ങളുടെ ജീവിതത്തിന്റെ പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും അവിശ്വസ്ഥതയും നിറഞ്ഞ നാല്‍ക്കവലയില്‍ നിന്ന്, തെറ്റായ വഴിയില്‍ നിന്ന് ഇസ്രായേല്‍ ജനതയ്ക്ക് തങ്ങളുടെ ഇടയനിലേക്കുള്ള യഥാര്‍ത്ഥ വഴി കാണിച്ച് കൊടുത്ത് അവനിലേക്ക് അവരെ അടുപ്പിച്ച മാര്‍ഗദര്‍ശിയാണ് സ്‌നാപകന്‍.

‘മാര്‍ഗദര്‍ശിയായവന്‍ സ്‌നാപകന്‍’ എന്ന ചിന്തയുടെ വെളിച്ചത്തില്‍ സ്‌നാപകന്റെ ജീവിതത്തിന്റെ ലക്ഷ്യം രണ്ടായിരുന്നുവെന്ന് നമുക്ക് മനസിലാക്കാം. ഒന്ന് ‘വഴിയൊരുക്കുക’ രണ്ട് ‘അടുപ്പിക്കുക.’ വാഗ്ദാനം ചെയ്യപ്പെട്ട രക്ഷകന് വഴിയൊരുക്കുക; ഒപ്പം അവനിലേക്ക് ജനത്തെ അടുപ്പിക്കുക. ഈ രണ്ട് ലക്ഷ്യങ്ങളും സുവിശേഷഭാഗത്ത് വളരെ വ്യക്തമാകുംവിധം ലൂക്കാ സുവിശേഷകന്‍ വിവരിക്കുന്നുണ്ട്. ലൂക്കായുടെ സുവിശേഷം 1-ാം അദ്ധ്യായം 17-ാം വാക്യത്തില്‍ നാം വായിച്ചു കേട്ടു. ”ഏലിയായുടെ തീക്ഷ്ണതയോടും ധൈര്യത്തോടും കൂടെ അവന്‍ കര്‍ത്താവിന് മുമ്പേ പോകും.” ഒരുവന്‍ മറ്റൊരുവന്റെ മുമ്പേ പോകുന്നത് എന്തിനാണെന്ന് ചോദിച്ചാല്‍ നാമെല്ലാം നിസംശയം പറയും, പിന്നാലെ വരുന്നവന് വഴിയൊരുക്കുവാന്‍ ആണെന്ന്. ഒപ്പം 16-ാം വാക്യത്തില്‍ നാം വായിച്ചു കേട്ടു. ”ഇസ്രായേല്‍ മക്കളില്‍ വളരെപ്പേരെ അവന്‍ കര്‍ത്താവിന്റെ പക്കലേക്ക് തിരികെ കൊണ്ടുവരും.” ജനത്തെ ക്രിസ്തുവിലേക്ക് അടുപ്പിക്കുന്നവനാണ് സ്‌നാപക യോഹന്നാന്‍. അന്ന് ആ രാത്രിയില്‍ ആട്ടിടയന്മാര്‍ക്ക് ഉണ്ണിയേശുവിലേക്കുള്ള വഴി കാണിച്ച് കൊടുത്ത് അവരെ അവനിലേക്ക് അടുപ്പിച്ച നക്ഷത്രം പോലെ ദൈവത്തിലേക്ക്, വരാനിരിക്കുന്ന രക്ഷകനിലേക്ക്, ഇസ്രായേല്‍ ജനത്തെ വഴിനടത്തുകയും അവനിലേക്ക് അവരെ അടുപ്പിക്കുകയും ചെയ്ത നക്ഷത്രമാണ് സ്‌നാപക യോഹന്നാന്‍.

ഒരുപക്ഷെ സ്‌നാപകനോളം, അല്ലെങ്കില്‍ സ്‌നാപകനിലും ഉപരി തങ്ങളുടെ ജീവിതത്തെ പ്രകാശിപ്പിച്ചുകൊണ്ട് ഇസ്രായേല്‍ ജനതയ്ക്ക് തമ്പുരാനിലേക്ക് വഴിയൊരുക്കിയ അനേകരെ നമുക്ക് പഴയ നിയമത്തില്‍ കണ്ടെത്താന്‍ സാധിക്കും. മോശയും ജോഷ്വായും ദാവീദ് രാജാവും സോളമന്‍ രാജാവും പ്രവാചകന്മാര്‍ മുഴുവനും ഇസ്രായേല്‍ ജനത്തിന് മുമ്പില്‍ വഴിവിളക്കുകളായി, തമ്പുരാനിലേക്കുള്ള വഴി കാണിച്ച് കൊടുത്ത നക്ഷത്രങ്ങളാണ്. രാത്രിയില്‍ മാനത്ത് മിന്നിത്തെളിയുന്ന നക്ഷത്രത്തെ നോക്കി നാമെല്ലാം പറയാറില്ലേ എന്തൊരു ഭംഗിയെന്ന്. ഇപ്രകാരം സ്‌നാപകന്‍ എന്ന നക്ഷത്രത്തെ നോക്കി ഒരുനാള്‍ ക്രിസ്തുവും പറഞ്ഞു: ”സ്ത്രീകളില്‍ നിന്ന് ജനിച്ചവരില്‍ സ്‌നാപകനേക്കാള്‍ വലിയവനില്ല.” പ്രിയമുള്ളവരെ ഇന്നേദിനം സ്‌നാപകന്റെ വ്യക്തിത്വത്തിന്റെ ഭാഗമായിതീര്‍ന്ന ഈ രണ്ട് ലക്ഷ്യങ്ങളെ നാം ധ്യാനവിഷയമാക്കുമ്പോള്‍, സുവിശേഷകന്‍ നമുക്ക് മുമ്പില്‍ ഉയര്‍ത്തുന്ന ചോദ്യത്തെ കണ്ടില്ലെന്ന് നടിക്കാന്‍ നമുക്ക് സാധിക്കില്ല. ക്രിസ്തുവിനെ കാണിച്ച് കൊടുക്കുകയും അവനിലേക്ക് അനേകരെ അടുപ്പിക്കുകയും ചെയ്ത സ്‌നാപകനെപ്പോലെ മറ്റൊരു നക്ഷത്രമായിത്തീരാന്‍ നാം തയ്യാറാണോ?

ഒരിക്കല്‍ കല്‍ക്കട്ടയിലെ തെരുവില്‍ വിശന്ന് തളര്‍ന്ന ബാലന് ഭക്ഷണം നല്‍കി, നെഞ്ചോട് ചേര്‍ത്തപ്പോള്‍ മദര്‍ തെരേസായുടെ കണ്ണുകളില്‍ നോക്കി ആ ബാലന്‍ ചോദിച്ചുപോലും അമ്മയാ ണോ ക്രിസ്തുവെന്ന്. മൊളോക്കോയിലെ കുഷ്ഠരോഗികളുടെ ഇടയിലേക്ക് കടന്ന് ചെന്ന് തന്റെ എളിയ ജീവിതംകൊണ്ട് അവരെ മുഴുവനും ക്രിസ്തുവിനായ് നേടിയ ഫാ. ഡാമിയേലും ഒന്നുമില്ലാത്തവരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ ഉയര്‍ച്ചയ്ക്ക് വേണ്ടി തന്റെ എളിയ ജീവിതം സമര്‍പ്പിച്ച് രക്തസാക്ഷിത്വത്തിന്റെ മകുടം ചൂടിയ വാഴ്ത്തപ്പെട്ട റാണി മരിയയും മറ്റൊരു സ്‌നാപക യോഹന്നാന്‍ ആയിത്തീരുകയായിരുന്നു. പ്രിയമുള്ളവരെ വാക്കുകള്‍ കൊണ്ടല്ല ജീവിതം കൊണ്ട് ക്രിസ്തുവിന് വഴിയൊരുക്കേണ്ടവരാകണം നാം. മത്തായി സുവിശേഷകന്റെ വാക്കുകളില്‍ പറഞ്ഞാല്‍; ”മനുഷ്യന്‍ നിങ്ങളുടെ സത്പ്രവര്‍ത്തികള്‍ കണ്ട്, സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ.”

സ്‌നേഹമുള്ളവരെ കുടുംബമെന്ന ചട്ടക്കൂടിനുള്ളില്‍ ഒതുങ്ങി ജീവിക്കുന്ന എനിക്ക് എങ്ങനെ ക്രിസ്തുവിന് വഴിയൊരുക്കാമെന്ന് ചിന്തിച്ച് നാമൊന്നും നമ്മുടെ തല പുണ്ണാക്കേണ്ട. നമ്മുടെ ദൈവം എളിയവരില്‍ എളിയവനായ് പുല്‍ക്കൂട്ടില്‍ പിറക്കാന്‍ തയ്യാറായവനാണ്. നമ്മുടെയെല്ലാം എളിയ ജീവിതവും അതുതന്നെയാണ്, മറ്റുള്ളവര്‍ക്ക് ക്രിസ്തുവിലേക്ക് നാം തുറന്നിടേണ്ട വാതിലും. നമ്മുടെ കുടുംബത്തില്‍, ഇടവകയില്‍, സമൂഹത്തില്‍ നാം ആയിരിക്കുന്ന ഇടങ്ങളിലെല്ലാം നമ്മുടെ എളിയ ജീവിതം കണ്ട് അനേകര്‍ക്ക് ക്രിസ്തുവിനെ കണ്ടെത്താന്‍ സാധിക്കുന്ന ഒരു നക്ഷത്രമായിത്തീരാന്‍ നമുക്ക് പരിശ്രമിക്കാം. നമ്മുടെ കാരുണ്യം നിറഞ്ഞ ഒരു നോട്ടം, ഒരു സ്പര്‍ശം, ഒരു വിളി, ഒരു പുഞ്ചിരി അത് മതി ക്രിസ്തു ആരാണെന്ന് അനേകര്‍ക്ക് മനസ്സിലാവാന്‍.

ടി. പത്മനാഭന്റെ ആത്മകഥാപരമായ ഗ്രന്ഥത്തില്‍ അദ്ദേഹം വിവരിക്കുന്ന വളരെ ഹൃദയസ്പര്‍ശിയായ ഒരു രംഗം ഉണ്ട്. ജോലി കഴിഞ്ഞ് ഏറെ താമസിച്ച് വീട്ടില്‍ വരുന്ന തന്റെ മകന് യാതൊരു ആപത്തും വരാതിരിക്കാന്‍ വീട്ടിലേക്കുള്ള വഴിയുടെ ഇരുവശങ്ങളിലും മണ്‍ചിരാതുകള്‍ കത്തിച്ച് വച്ച് മകന് വീട്ടിലേക്കുള്ള വഴികാണിച്ച് കൊടുക്കുന്ന ഒരു അമ്മയുടെ ചിത്രം. പ്രിയമുള്ളവരെ ആ അമ്മ കത്തിച്ച മണ്‍ചിരാതുകള്‍ ടി. പത്മനാഭനെ യാതൊരാപത്തും പിണയാതെ, വഴിതെറ്റാതെ വീടാകുന്ന ലക്ഷ്യത്തില്‍ എത്തിച്ചതുപോലെ, നമുക്കും നമ്മുടെ എളിയ ജീവിതമാകുന്ന മണ്‍ചിരാതുകള്‍ കത്തിച്ച് സ്‌നാപകനെപ്പോലെ അനേകരെ ക്രിസ്തുവാകുന്ന ലക്ഷ്യത്തിലേക്ക് വഴി നടത്താം. വലിയവന്‍ എളിയവനായതിന്റെ ഓര്‍മ്മകൊണ്ടാടുന്ന ഈ തിരുബലി മധ്യേ നമുക്ക് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാം. ദൈവമേ എന്റെ ഈ എളിയ ജീവിതത്തെ അനേകരെ നിന്നിലേക്ക് അടുപ്പിക്കാന്‍ സാധികത്തക്ക പ്രകാശമുള്ളതാക്കി മാറ്റണമേയെന്ന്. നിനക്കായ് വഴിയൊരുക്കി അനേകരെ നിന്നിലേക്ക് അടുപ്പിച്ച സ്‌നാപകനെപ്പോലെ മറ്റൊരു നക്ഷത്രമായി മാറാനുള്ള കൃപ നല്‍കണമേയെന്ന്.

സാവിയോ കുരീക്കാട്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.