

ഈശോയുടെ പരസ്യജീവിതത്തിന്റെ ആദ്യഘട്ടത്തില്‍ ഗലീലിലിയില്വച്ച് അവിടുന്നു ചെയ്ത ദീര്‍ഘമായ ഒരു പ്രഭാഷണം സമവീക്ഷണ സുവിശേഷകന്മാരായ മത്തായിയും ലൂക്കായും രേഖപ്പെടുത്തുന്നുണ്ട്. അവിടുത്തെ അനുഗമിക്കുന്നവര്ക്കുണ്ടാകേണ്ട ബോദ്ധ്യങ്ങളും അവരുടെ ജീവിതത്തില്‍ പാലിക്കേണ്ട മനോഭാവങ്ങളും പ്രവര്‍ത്തനശൈലികളുമാണ് ഈ പ്രഭാഷണത്തിന്റെ പ്രമേയം. വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍ ഈശോ ഒരു മലമുകളിലിരുന്നുകൊണ്ട് പഠിപ്പിക്കുന്നതായി വിവരിക്കപ്പെടുന്നതുകൊണ്ട് ഇത് ‘മലയിലെ പ്രസംഗം’ (മത്താ 5-7) എന്നും വിശുദ്ധ ലൂക്കായുടെ സുവിശേഷത്തില്‍ അവിടുന്ന് താഴ്വാരത്തില്വച്ചു പഠിപ്പിക്കുന്നതുകൊണ്ട് ഇത് ‘സമതലപ്രഭാഷണം’ (ലൂക്കാ 6,20-49) എന്നും അറിയപ്പെടുന്നു. ഈ സമതലപ്രഭാഷണത്തിന്റെ ഹൃദയഭാഗമാണ് ഇന്നത്തെ സുവിശേഷം (ലൂക്കാ 6,27-36). ഇതിനു സമാന്തരമായ ഭാഗം മത്താ 5,38-48 ലുണ്ട്.
‘എന്നെ ശ്രവിച്ചുകൊണ്ടിരിക്കുന്ന നിങ്ങളോടു ഞാന്‍ പറയുന്നു’ (ലൂക്കാ 6,27) എന്ന ആമുഖത്തോടെയാണ് ഈശോ ആരംഭിക്കുന്നത്. അന്ന് തന്റെ ശിഷ്യരോടു പറഞ്ഞത് ഇന്ന് അവിടുന്ന് നമ്മോട് ഓരോരുത്തരോടും പറയുന്നു. ‘നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുവിന്‍’ എന്നതാണ് അവിടുത്തെ കല്പന. മോശ നല്കിയ നിയമപ്രകാരം യഹൂദര്‍ സ്നേഹിക്കാന്‍ കടപ്പെട്ടിരുന്നത് അവരുടെ അയല്‍ക്കാരെയാണ് (നിയമാ 19,28). അവരെ സംബന്ധിച്ച് അയല്‍ക്കാര്‍ സ്വന്തം സമൂഹത്തിലും മതത്തിലുമുള്ളവര്‍ മാത്രമായിരുന്നു. ഈയര്‍ത്ഥത്തില്‍ മറ്റു യഹൂദരെ മാത്രം – അവര്‍ എവിടെ വസിക്കുന്നവര്‍ ആയിരുന്നാലും – സ്നേഹിക്കാനേ അവര്‍ക്കു കടമയുണ്ടായിരുന്നുള്ളു. വ്യവസ്ഥാരഹിതമായ സ്നേഹമാണ് ഈശോ തന്റെ ശിഷ്യരില്നിന്നു പ്രതീക്ഷിക്കുന്നത്. സ്വന്ത ജാതിയിലോ മതത്തിലോ ഉള്ളവന് എന്ന വിവേചനമില്ലാതെ എല്ലാവരെയും ഒരുപോലെ സ്നേഹിക്കണം എന്ന് കഴിഞ്ഞ ഞായറാഴ്ച നമ്മള് വായിച്ചു ധ്യാനിച്ച നല്ല സമരായന്റെ ഉപമയിലൂടെ അവിടുന്നു നമ്മെ അനുസ്മരിപ്പിച്ചതാണ്. തന്റെ ശിഷ്യരില്നിന്നു പ്രതീക്ഷിക്കുന്ന സ്നേഹത്തിന്റെ മറ്റൊരു മാനമാണ് ഇന്നത്തെ സുവിശേഷത്തിലൂടെ ഈശോ വെളിവാക്കുന്നത്: മിശിഹായുടെ ശിഷ്യന് ശത്രുക്കളെപ്പോലും സ്നേഹിക്കണം.
ശത്രുക്കളുടെ വിവിധ പ്രവര്‍ത്തനരീതികള്‍ വിവരിച്ചുകൊണ്ട് ഓരോന്നിനോടും എപ്രകാരമാണു പ്രതികരിക്കേണ്ടത് എന്ന് ഈശോ തുടര്‍ന്നു വ്യക്തമാക്കുന്നു: നിങ്ങളെ വെറുക്കുന്നവര്‍ക്കു നന്മ ചെയ്യുവിന്‍. നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിക്കുവിന്‍. നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍ (6,27-28). അലക്സാണ്ട്രിയായിലെ സിറിള്‍ ഈ ഭാഗത്തിനു നല്കുന്ന വ്യാഖ്യാനം ശ്രദ്ധേയമാണ്: ശ്ലീഹന്മാരെ തങ്ങളുടെ ദൗത്യവുമായി അയയ്ക്കുന്നതിനു മുമ്പുതന്നെ കര്‍ത്താവ് പീഡനത്തെക്കുറിച്ച് പരാമര്‍ശിക്കുന്നു. സംഭവിക്കാനിരിക്കുന്നത് സുവിശേഷം മുന്‍കൂട്ടി കാണുന്നു. അവരുടെ നന്മയ്ക്കായി അവിടുന്ന് അവര്‍ക്കു നേട്ടവും പ്രതിഫലവും പ്രദാനം ചെയ്യും. ആദിമസഭയിലെ മതപീഡനത്തിന്റെ പശ്ചാത്തലവും ഇവിടെ വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്. ഈശോമിശിഹായില്‍ വിശ്വസിക്കുന്നവരെ വെറുക്കുകയും ശപിക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നത് മതപീഡകരായിരുന്നു. വെറുപ്പിനും ശാപത്തിനും പീഡനത്തിനും പകരമായി നന്മപ്രവൃത്തിയും അനുഗ്രഹവും പ്രാര്ത്ഥനയുമായിരിക്കണം ക്രിസ്തുശിഷ്യന്റെ ആയുധങ്ങള്‍.
സുഹൃത്തുക്കളെ സ്നേഹിക്കുക എന്നത് എല്ലാ മനുഷ്യരുടെയും സ്വാഭാവിക പ്രവണതയാണ്. എന്നാല്‍, ശത്രുക്കളെ സ്നേഹിക്കുക എന്നത് ക്രൈസ്തവര്‍ക്കുമാത്രം സ്വന്തമായ ശൈലിയാണ് എന്നു തെര്ത്തുല്ല്യന് ഈ ഭാഗം വ്യാഖ്യാനിച്ചു സമര്‍ത്ഥിക്കുന്നു. ഈശോയുടെ ശൈലി ഇതായിരുന്നു. ഇതനുവര്ത്തിക്കാനാണ് അവിടുന്ന് ആവശ്യപ്പെടുന്നത്. അംബ്രോസ് ഇതെക്കുറിച്ച് എഴുതുന്നു: മിശിഹാ വാക്കുകളിലൂടെ പറഞ്ഞത്, മാതൃകവഴി തെളിയിച്ചു. ഈശോ കുരിശില്‍ കിടക്കുമ്പോള്‍ തന്നെ അധിക്ഷേപി ച്ചിരുന്നു പീഡകരെ പരാമര്‍ശിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: ‘പിതാവേ, ഇവരോടു ക്ഷമിക്കണമേ. എന്തെന്നാല്‍, തങ്ങള്‍ എന്താണു ചെയ്യുന്നതെന്ന് ഇവര്‍ അറിയുന്നില്ല.’ അവിടുത്തേക്കുതന്നെ അവരോടു ക്ഷമിക്കാമായിരുന്നെങ്കിലും അവിടുന്ന് തന്നെ ദുഷിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു.
എസ്തപ്പാനോസിന്റെ മാതൃക ചൂണ്ടിക്കാണിച്ചുകൊണ്ട് സിപ്രിയാന്‍ ഇപ്രകാരം എഴുതുന്നു: യഹൂദരുടെ അക്രമമവും കല്ലുകളും അവനെ മരണത്തിലേക്കു നയിക്കുമ്പോള്‍ അവന് പ്രതികാരത്തിനു വേണ്ടിയല്ല, മറിച്ച്, തന്റെ കൊലയാളികളോടു ക്ഷമിക്കണമേ എന്നാണു പ്രാര്‍ത്ഥിച്ചത് (നടപടി 7,58-60).
ഈശോ തുടര്‍ന്ന് അരുളിച്ചെയ്യുന്നു: നിന്റെ ഒരു ചെകിട്ടത്ത് അടിക്കുന്നവന് മറ്റേതുകൂടി കാണിച്ചുകൊടുക്കുക. ഈ വാക്യത്തിന് അപ്രേം പിതാവ് നല്കുന്ന വ്യാഖ്യാനവും ശ്രദ്ധേയമാണ്: കണ്ണിനു പകരം കണ്ണ് എന്ന പഴയനിയമ നീതിയുടെ പൂര്‍ണത; നിന്റെ ഒരു കരണത്ത് അടിക്കുന്നവന് മറ്റേ കരണംകൂടിയ കാണിച്ചുകൊടുക്കുക എന്നത് കൃപയുടെ പൂര്‍ത്തീകരണമാണ്.
അംബ്രോസ്: ‘ശത്രുക്കളെ സ്നേഹിക്കുക’ എന്ന ഉദ്ബോധനത്തിലൂടെ സ്നേഹിക്കാനുള്ള കല്പനയാണ് നല്കപ്പെടുന്നത്. അങ്ങനെ, ‘എന്നിലുള്ള സ്നേഹം ക്രമപ്പെടുത്തുക’ എന്ന് സഭയ്ക്കു മുമ്പേ നല്കപ്പെട്ട വചനം പൂര്‍ത്തീകരിക്കപ്പെടുന്നു. സ്നേഹത്തിന്റെ പ്രമാണങ്ങള്‍ക്കു രൂപം ലഭിക്കുമ്പോള്‍ സ്നേഹം ക്രമപ്പെടുത്തപ്പെടുന്നു. ഉന്നതങ്ങളില്‍നിന്ന് ഇത് എപ്രകാരം ആരംഭിച്ചുവെന്നും സുവിശേഷാനുഗ്രഹത്തിന്റെ പിന്‍ബലത്തോടെ അത് നിയമത്തെ എങ്ങനെ തള്ളിക്കളഞ്ഞുവെന്നും കാണുക. പ്രതികാരത്തിന്റെ ശിക്ഷാവിധി നടപ്പാക്കാനാണ് നിയമം കല്‍പ്പിക്കുന്നത്. സുവിശേഷമാകട്ടെ, ശത്രുതയ്ക്ക് പകരം സ്നേഹവും, വെറുപ്പിനു പകരം കാരുണ്യവും, ശാപങ്ങള്‍ക്കു പകരം പ്രാര്‍ത്ഥനയും പ്രദാനം ചെയ്യുന്നു. അത് പീഡിതന് ആശ്വാസവും സഹായവും, വിശക്കുന്നവന് തൃപ്തിയും പ്രതിഫലത്തിനുള്ള അര്‍ഹതയും നല്കുന്നു. മുറിവേറ്റിട്ടും വേദന ഗൗനിക്കാത്ത കായികാഭ്യാസി എത്രയധികം പൂര്‍ണ്ണനാണ്! (Exposition of the Gospel of Luke 5.73).
ഭൗതികമായി ആവശ്യത്തിലിരിക്കുന്നവരെ തക്ക സമയത്തു സഹായിക്കുന്നതിനെപ്പറ്റി ആവര്‍ത്തിച്ചാ വര്‍ത്തിച്ച് ഈശോ പഠിപ്പിക്കുന്നുണ്ട്: നിന്നോടു ചോദിക്കുന്ന ഏവനും കൊടുക്കുക…. തിരിയെത്തരും എന്നു നിങ്ങള്‍ക്ക് ഉറപ്പുള്ളവര്‍ക്കു മാത്രം കടം കൊടുത്താല്‍ നിങ്ങള്‍ക്ക് എന്തു മേന്മ? ഇപ്രകാരം, തിരികെ കിട്ടേണ്ടതിന് പാപികളും പാപികള്‍ക്കു കടം കൊടുക്കുന്നുണ്ടല്ലോ? അതിനാല്‍, നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുവിന്‍; അവര്‍ക്കു നന്മ ചെയ്യുവിന്‍; ആരെയും ഇച്ഛാഭംഗപ്പെടുത്താതെ കടം കൊടുക്കുവിന്‍. അപ്പോള്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. അപ്പോള്‍, നിങ്ങള്‍ ദുഷ്ടരോടും നന്ദിഹീനരോടും കരുണ കാണിക്കുന്ന അത്യുന്നതന്റെ പുത്രരാകും (ലൂക്കാ 6,29.34-36). ഇതെക്കുറിച്ച് മഹാനായ ബേസില്‍: അവന് പറയുന്നു: ‘തിരിച്ചുകിട്ടുമെന്ന് നിനക്ക് പ്രതീക്ഷയില്ലാത്തവര്‍ക്ക് വായ്പ കൊടുക്കുക’. ‘തിരിച്ചുകിട്ടുമെന്നു പ്രതീക്ഷയില്ലാത്ത വായ്പ എന്തുതരം വായ്പയാണ്?’ കര്‍ത്താവിന്റെ നാമത്തില്‍ ദരിദ്രന് എന്തെങ്കിലും നല്കുമ്പോള്, അത് ഒരേസമയം ദാനവും വായ്പയുമാണ്. തിരിച്ചടവിനേക്കുറിച്ചു പ്രതീക്ഷയില്ലാത്തതിനാല്‍ അതൊരു ദാനമാണ്. എന്നാല്‍, ദരിദ്രന്റെ സ്ഥാനത്തുനിന്നുകൊണ്ട് കര്‍ത്താവ് തിരിച്ചടയ്ക്കു ന്നതുകൊണ്ട് അതൊരു വായ്പയാണ്. ദരിദ്രരായ മനുഷ്യരിലൂടെ നിസ്സാരകാര്യങ്ങള്‍ സ്വീകരിക്കുന്ന അവിടുന്ന് അവര്‍ക്ക് മഹത്തായ കാര്യങ്ങള്‍ തിരിച്ചുനല്‍കും (Homily on Psalm 14).
ആഗസ്തീനോസ്: കരുണയുടെ പരിശീലനത്തിന് ദ്വിമാനങ്ങളുണ്ട്: പ്രതികാരം ത്യജിക്കു കയും ആര്‍ദ്രത പ്രകടിപ്പിക്കുകയും വേണം. ഒരു ചെറിയ വാക്യത്തില്‍ കര്‍ത്താവ് ഇവ രണ്ടും ഉള് പ്പെടുത്തിയിരിക്കുന്നു. ‘ക്ഷമിക്കുക, നിങ്ങളോടും ക്ഷമിക്കപ്പെടും; കൊടുക്കുവിന്‍, നിങ്ങള്‍ക്കും ലഭിക്കും’. ഈ പ്രവൃത്തി ഹൃദയത്തെ ശുദ്ധീകരിക്കാനുതകുന്നതാണ്. അങ്ങനെ, ഈ ജീവിതത്തിന്റെ പരിമിതികള്‍ക്കിടയിലും ദൈവത്തിന്റെ മാറ്റമില്ലാത്ത യാഥാര്‍ത്ഥ്യം കാണുവാന്‍ നമ്മള് പ്രാപ്തരാക്കപ്പെടും. നമ്മെ പിന്നോട്ടു വലിക്കുന്നതിനെ നമ്മള് ശിഥിലമാക്കേണ്ടതുണ്ട്. അങ്ങനെ നമ്മുടെ കാഴ്ച പ്രകാശത്തിലേക്ക് കടന്നുചെല്ലണം. ഇതുമായി ബന്ധപ്പെട്ട് കര്‍ത്താവ് പറഞ്ഞു: ‘ദാനം ചെയ്യുക, അപ്പോള്‍ നിങ്ങള്‍ക്ക് എല്ലാം ശുദ്ധമായിരിക്കും’. (Letter 171A).
സിപ്രിയാന്‍: നിന്റെ ശത്രുക്കളെ എങ്ങനെയാണ് സ്നേഹിക്കേണ്ടത്? നിന്റെ എതിരാളികള്‍ ക്കും പീഡകര്ക്കുംവേണ്ടി എങ്ങനെയാണ് പ്രാര്‍ത്ഥിക്കേണ്ടത്? എസ്തപ്പാനോസ് ഇക്കാര്യ ത്തല് നമുക്കു മാതൃകയാണ്. യഹൂദരുടെ അക്രമവും കല്ലുകളും അവനെ മരണത്തിലേക്കു നയിക്കുമ്പോള്‍ അവന് പ്രതികാരത്തിനു വേണ്ടിയല്ല; മറിച്ച്, തന്റെ കൊലയാളികളോടു ക്ഷമിക്കണമേ എന്നാണു പ്രാര്‍ത്ഥിച്ചത്: ‘കര്‍ത്താവേ, ഈ പാപം അവരുടെമേല്‍ ആരോപിക്കരുതേ’. മിശിഹായുടെ പ്രഥമ രക്തസാക്ഷി, തന്റെ മഹത്വപൂര്‍ണ്ണമായ മരണംകൊണ്ട് ഭൂമിയിലെ സകല രക്തസാക്ഷികള്‍ക്കും മുമ്പേപോയ വന്‍, കര്‍ത്താവിന്റെ സഹനത്തിന്റെ പ്രഘോഷകന് മാത്രമാകാതെ അവിടുത്തെ സൗമ്യതയെ അനുകരിക്കുന്നവന്‍ കൂടിയായിരിക്കുക ഉചിതമായിരുന്നു (The Good of Patience 16).
അനുദിനവും സ്വര്‍ഗീയ പിതാവില്‍നിന്നു കരുണ സമൃദ്ധമായി പ്രാപിക്കുന്ന നമുക്കും എല്ലാവരോടും കരുണയോടെ വര്‍ത്തിച്ചുകൊണ്ട് ദൈവപിതാവിന്റെ യഥാര്‍ത്ഥ മക്കളാണെന്നു തെളിയിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍