ഞായര്‍ പ്രസംഗം, നോമ്പുകാലം മൂന്നാം ഞായര്‍ ഫെബ്രുവരി 28 മത്തായി 20: 17-28 ശിഷ്യത്വം – പീഡാനുഭവത്തില്‍ പങ്കുചേരാനുള്ള വിളി

ഒരു ക്രിസ്തുശിഷ്യന്‍ ജീവിതത്തില്‍ രൂപപ്പെടുത്തേണ്ട മനോഭാവങ്ങളെക്കുറിച്ച് ധ്യാനിക്കുന്ന നോമ്പിന്റെ ദിവസങ്ങളിലൂടെ നാം സഞ്ചരിക്കുകയാണ്. നോമ്പുകാലം എന്നുപറയുന്നത് കുരിശിലെ യേശുവിനെ ധ്യാനവിഷയമാക്കുന്ന ഒരു കാലഘട്ടമാണ്. യഹൂദജനതയെ സംബന്ധിച്ചിടത്തോളം സഹനജീവിതത്തെ അവര്‍ പാപത്തിന്റെ ശിക്ഷയായിട്ടാണ് കണ്ടിരുന്നത്. അതുകൊണ്ടു തന്നെ, സുവിശേഷത്തില്‍ ഈശോ നല്‍കുന്ന സഹനത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ മനസ്സിലാക്കുവാന്‍ ശിഷ്യന്മാര്‍ക്ക് പലപ്പോഴും സാധിച്ചിരുന്നില്ല.

നാം ജീവിക്കുന്ന ഈ കാലഘട്ടം ഒരു റിസര്‍വേഷന്റെ കാലഘട്ടമാണ്. യാത്ര ചെയ്യാനും സിനിമ കാണാനും ഡോക്ടറെ സന്ദര്‍ശിക്കാനും വീട്ടിലിരുന്നു തന്നെ നമ്മള്‍ സീറ്റ് റിസര്‍വ് ചെയ്യും. പിന്നെ മനസ്സിനൊരു ആശ്വാസമാണ്. ടെന്‍ഷനൊന്നും കൂടാതെ കാര്യങ്ങള്‍ മുന്നോട്ടുപോകും. ഇന്നത്തെ സുവിശേഷത്തിലും സ്വര്‍ഗ്ഗരാജ്യത്തിന്റെ മഹത്വത്തില്‍ ഈശോയുടെ ഇടത്തും വലത്തുമുള്ള സ്ഥാനം റിസര്‍വ് ചെയ്യാന്‍ എത്തുന്ന സെബദിപുത്രന്മാരുടെ അമ്മയെയാണ് നാം കാണുക. ഈ അമ്മയുടെ ആഗ്രഹത്തെ നമുക്കൊരിക്കലും സ്വാര്‍ത്ഥത എന്ന് വിളിക്കാനാവില്ല. മക്കളെക്കുറിച്ച് നല്ല സ്വപ്നങ്ങള്‍ കാണുക എന്നത് അമ്മമനസ്സിന്റെ നന്മയാണ്. അതിലൊരാളാണ് സെബദിപുത്രന്മാരുടെ അമ്മ.

”നിങ്ങള്‍ ചോദിക്കുന്നത് എന്തെന്ന് നിങ്ങള്‍ അറിയുന്നില്ല.” എന്നാണ് ഈശോ സെബദിപുത്രന്മാര്‍ക്കും അവരുടെ അമ്മയ്ക്കും നല്‍കുന്ന ഉത്തരം. ഏതാനും ദിവസങ്ങള്‍ക്കുശേഷം ഈശോ സ്വീകരിക്കാന്‍ പോകുന്ന സഹനമാകുന്ന പാനപാത്രത്തിന്റെ ഓഹരി സ്വീകരിക്കുവാന്‍ കഴിയുമോ എന്നതാണ് ഈശോയുടെ ചോദ്യത്തിന്റെ പൊരുള്‍. യഹൂദ പാരമ്പര്യമനുസരിച്ച്, പാനപാത്രം എന്ന് പറയുന്നത് ജീവിതത്തിലെ സഹനങ്ങളെയും പരീക്ഷണങ്ങളെയും സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നതാണ്. ജീവിതത്തില്‍ സ്ഥാനമാനങ്ങള്‍ നേടിയെടുക്കാനുള്ള ആഗ്രഹത്തിനപ്പുറം സഹനത്തിന്റെ പാനപാത്രം പങ്കുവയ്ക്കുന്ന ക്രിസ്തീയജീവിതം നയിക്കാനുള്ള ആഹ്വാനമാണ് സുവിശേഷം നമുക്ക് നല്‍കുന്നത്.

അധികാരം എന്നു പറയുന്നത് ശുശ്രൂഷയാണ്. സുവിശേഷത്തില്‍, പീലാത്തോസിന്റെ അധികാരത്തെ നാം കാണുന്നുണ്ട്. സിംഹാസനവും ചെങ്കോലും സ്വീകരിച്ച് മുമ്പില്‍ നില്‍ക്കുന്നവനെ മരണത്തിലേയ്ക്ക് പറഞ്ഞുവിട്ട് കൈകഴുകി സ്വയം നീതികരിക്കുന്ന അധികാരം. എന്നാല്‍, ഈശോയുടെ അധികാരം കൂടെയായിരിക്കുന്ന ശത്രുവിനെപ്പോലും ഹൃദയത്തോട് ചേര്‍ത്തുവച്ച് അവന്റെ കാലുകഴുകി ഒപ്പം ഇരിക്കുന്ന അനുഭവമാണ്. സഹനജീവിതത്തിന്റെ പാനപാത്രം കുടിക്കാന്‍ കഴിയുന്നവര്‍ക്കു മാത്രമേ ഈ ശുശ്രൂഷയാകുന്ന അധികാരത്തെ സ്‌നേഹിക്കാന്‍ കഴിയുകയുള്ളൂ.

ഈശോയുടെ സിംഹാസനം എന്നു പറയുന്നത് കുരിശാണ്. അവന്റെ ഇടത്തും വലത്തുമുള്ള പീഠങ്ങള്‍ അലങ്കരിക്കുന്നത് രണ്ട് കുറ്റവാളികളെ കുരിശില്‍ തറച്ചാണ്. ”ഞാന്‍ കുടിക്കുന്ന പാനപാത്രം കുടിക്കാമോ?” എന്ന ചോദ്യം അവന്റെ സഹനത്തിലും മരണത്തിലും പങ്കാളിയാകാനുള്ള ക്ഷണമാണ്. ഒരുപക്ഷേ, നമ്മുടെ കുടുംബങ്ങളില്‍ ക്രിസ്തുവിന്റെ ഈ ചോദ്യം നാം കേള്‍ക്കാതെ പോകുന്നു. പരസ്പരം ശുശ്രൂഷിക്കപ്പെടുന്ന – അധികാരങ്ങള്‍ പങ്കുവയ്ക്കുന്ന സഹനത്തിന്റെ പാനപാത്രം എന്റെ കുടുംബത്തില്‍ നിന്ന് അകലുമ്പോള്‍ ഓര്‍ക്കുക, ദൈവികസാന്നിധ്യം ഇല്ലാത്ത ഇടങ്ങളായി മാറുകയാണ് എന്റെ കുടുംബം.

ഈശോയുടെ പീഡാനുഭവ നിമിഷങ്ങളില്‍ സെബദിപുത്രന്മാരായ യാക്കോബും യോഹന്നാനും ഓടിമറഞ്ഞെങ്കിലും ജീവിതത്തില്‍ അവസാന നാളുകളില്‍ ക്രിസ്തുവിന്റെ സഹനമാകുന്ന പാനപാത്രം സ്വന്തമാക്കുവാന്‍ ഈ രണ്ട് ശിഷ്യന്മാര്‍ക്കും സാധിച്ചു. വിശ്വാസത്തിന്റെ അഗ്നി ഏറ്റുവാങ്ങി അത് അനേകരിലേയ്ക്ക് കൈമാറിയ ജീവിതമായിരുന്നു അവരുടേത്. ഈശോയുടെ 12 ശിഷ്യരില്‍ ആദ്യം രക്തസാക്ഷിയായത് യാക്കോബാണ്. യഹൂദരുടെ വിരുന്നുശാലയില്‍ ആദ്യമെത്തുന്ന അതിഥി യജമാനന്റെ വലതുവശത്തും അവസാനമെത്തുന്ന അതിഥി ഇടതുവശത്തുമാണ് ഇരിക്കേണ്ടത്. ദൈവപുത്രനോടുള്ള നിത്യമായ സ്വര്‍ഗ്ഗീയവിരുന്നിന് പന്ത്രണ്ടു പേരില്‍ ആദ്യമെത്തിയ യാക്കോബും അവസാനമെത്തിയ യോഹന്നാനും ഈശോയുടെ ഇടതും വലതുമുള്ള പീഠങ്ങള്‍ ലഭിച്ചു എന്ന സത്യം നാം മറക്കരുത്.

ഇന്ന് നാം കടന്നുപോകുന്ന ജീവിതബുദ്ധിമുട്ടുകളില്‍ ഉത്തരമില്ലാതെ വേദനിച്ച് നില്‍ക്കുമ്പോള്‍ മനസ്സില്‍ ഓര്‍ക്കാം, ക്രിസ്തുവിന്റെ സഹനമാകുന്ന പാനപാത്രത്തിന്റെ ഓഹരി പങ്കുവയ്ക്കുന്ന ഇടമാണ് എന്റെ കുടുംബം. എന്റെ സഹോദരങ്ങളുടെ മുറിവുകളില്‍ പങ്കുചേരുമ്പോള്‍ എനിക്കായ് ഒരു ഇരിപ്പിടം സ്വര്‍ഗ്ഗത്തില്‍ ഉണ്ടാകും. സഹനത്തിന്റെ കനല്‍വഴികളിലൂടെ കടന്നുപോകുന്ന എത്രയോ ജീവിതങ്ങളാണ് നമുക്കു ചുറ്റുമുള്ളത്. നമ്മുടെ ജീവിതത്തിലെ സഹനമാകുന്ന പാനപാത്രത്തെ ഈ അള്‍ത്താരയോട് ചേര്‍ത്തുവച്ച് നമുക്ക് പ്രാര്‍ത്ഥിക്കാനാവട്ടെ. ഈ നോമ്പുകാലം നമുക്ക് ഓരോരുത്തര്‍ക്കും നന്മയിലേയ്ക്ക് മാറാനും തിരിയാനുമുള്ള അവസരമാണ്. അത് ഉപയോഗപ്പെടുത്തുവാനും ജീവിതം നന്മയിലേയ്ക്ക് വളര്‍ത്തുവാനും വേണ്ട അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കാം.

ഫാ. തോമസ് പടിഞ്ഞാറ്റ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.