ഞായര്‍ പ്രസംഗം 2, ഉയിര്‍പ്പ് രണ്ടാം ഞായര്‍ ഏപ്രില്‍ 19 എന്റെ കര്‍ത്താവേ, എന്റെ ദൈവമേ…

ജീവിതത്തില്‍ ഒരു ഐഡന്റിറ്റി എപ്പോഴും കാത്തുസൂക്ഷിക്കുന്നവരാണ് നമ്മള്‍. പലപ്പോഴും നാം നമ്മുടെ നാട്ടില്‍ അറിയപ്പെടുക നമ്മുടെ മാതാപിതാക്കളുടെ പേരിലായിരിക്കും. അതുപോലെതന്നെ നമ്മുടെ സ്വഭാവവും വ്യാഖ്യാനിക്കപ്പെടുക അവരുമായി ചേര്‍ത്തുവച്ചായിരിക്കും. പക്ഷേ, ദൈവമക്കളായ നമ്മുടെ യഥാര്‍ത്ഥ ഐഡന്റിറ്റി നാം ക്രിസ്തുവിന്റെ അനുയായികളാണ് എന്നുള്ളതാണ്. ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനിയായി ജീവിക്കുവാന്‍ നമ്മെ പ്രചോദിപ്പിക്കുന്ന ഘടകം ക്രിസ്തുവിന്റെ ഉത്ഥാനത്തിലുള്ള പ്രത്യാശയാണ്.

ഉയിര്‍പ്പുതിരുനാളിന്റെ ആഘോഷങ്ങളില്‍ മുഴുകിയിരിക്കുന്ന നാം, ഉത്ഥിതനായ ക്രിസ്തുവില്‍ എത്രത്തോളം വിശ്വാസമര്‍പ്പിച്ചിരിക്കുന്നു എന്ന് പ്രത്യേകം ധ്യാനിക്കേണ്ട ആവശ്യകതയുണ്ട്. ഉത്ഥിതനിലുള്ള വിശ്വാസത്തെ ആഴപ്പെടുത്താന്‍ ഇന്നത്തെ വചനം വരച്ചുകാട്ടുന്ന വ്യക്തിത്വം നമ്മുടെ വിശ്വാസത്തിന്റെ പിതാവായ മാര്‍ തോമാശ്ലീഹായെയാണ്. ഉത്ഥാനശേഷം ക്രിസ്തു, തോമസിന് വെളിപ്പെടുത്തുന്നത് അനുസ്മരിക്കുന്ന, ഉയിര്‍പ്പുതിരുനാളിനു ശേഷമുള്ള ആദ്യഞായറാഴ്ചയെ പുതുഞായറായി നാം വിശേഷിപ്പിക്കുന്നു. വി. തോമാശ്ലീഹായെപ്പോലെ ആഴമായ വിശ്വാസം നമ്മില്‍ വളരുന്നതിനും ദൈവവും കര്‍ത്താവുമായി ഈശോയെ ഏറ്റുപറയുവാന്‍ നാം യോഗ്യരാകുന്നതിനും വേണ്ടിയാണിത്.

ഉയിര്‍പ്പ്, ആഘോഷങ്ങളേക്കാളുപരി അനുഭവമാകുന്നിടത്താണ് നമ്മുടെ ജീവിതം കൂടുതല്‍ അര്‍ത്ഥപൂര്‍ണ്ണമായി ജീവിക്കുവാന്‍ നമുക്കാവുക. അനുഭവം ആഴമുള്ളതെങ്കില്‍ ഉത്ഥിതനിലുള്ള വിശ്വാസം ഹൃദയം കൊണ്ട് ഏറ്റുപറയുവാന്‍ നമുക്കാകും. ഓരോ വിശുദ്ധ കുര്‍ബാനയിലും നമുക്ക് അനുഭവവേദ്യമാകുക തോമാശ്ലീഹായുടെ അതേ അനുഭവമാണ്. ക്രിസ്തു നമ്മോടും പറയുന്നുണ്ട്: ‘മകനേ, ഇത് നിനക്കായി മുറിയപ്പെട്ട എന്റെ ശരീരവും ചിന്തപ്പെട്ട എന്റെ രക്തവുമാണ്.’ ഇത് ഭക്തിപൂര്‍വ്വം സ്വീകരിക്കുന്ന നമ്മിലും ഒരു പരിവര്‍ത്തനം നടക്കണം. തോമാശ്ലീഹായുടെ അനുഭവം നമുക്ക് ഹൃദയത്തിലുണ്ടാകണം. അപ്പോള്‍ അവിടുന്നിലുള്ള വിശ്വാസം ഏറ്റുപറയുവാനും അതില്‍ ആഴപ്പെടുവാനും അനേകര്‍ക്ക് അത് പകര്‍ന്നുനല്‍കാനും നമുക്കാകും.

പത്രോസിന്റെ വിശ്വാസപ്രഖ്യാപനം സ്വര്‍ഗത്തില്‍ നിന്ന് വെളിപ്പെടുത്തി കിട്ടിയതെങ്കില്‍ തോമാശ്ലീഹായുടേത് ഉത്ഥിതനെ കണ്ട അനുഭവത്തില്‍ നിന്നും ഉരുത്തിരിഞ്ഞതാണ്. ഈ വിശ്വാസപ്രഖ്യാപനം ആഴമായ സ്‌നേഹത്തിന്റെയും സമ്പൂര്‍ണ്ണ സമര്‍പ്പണത്തിന്റെയും ഏറ്റുപറച്ചിലാണ്. നാം നമ്മുടെ വിശ്വാസത്തില്‍ ആഴപ്പെടാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ദൈവാനുഭവം കൊണ്ടും ദൈവാശ്രയബോധം കൊണ്ടും ജീവിതം നിറയ്ക്കുക എന്നതാണ്. ജീവിതത്തിന്റെ ഏത് പ്രതികൂല സാഹചര്യങ്ങളിലും ദൈവത്തെ സമ്പൂര്‍ണ്ണമായി ആശ്രയിക്കാനും നമ്മുടെ ഹൃദയവികാരങ്ങള്‍ അവനുമായി പങ്കുവയ്ക്കാനും നമുക്കു കഴിഞ്ഞാല്‍ അവന്‍ നമ്മുടെ ജീവിതത്തില്‍ പ്രവര്‍ത്തിക്കും എന്ന ഉറപ്പ് ഇന്നത്തെ തിരുവചനഭാഗം നമുക്കു നല്‍കുന്നു. നിഷ്‌കളങ്കവും അഗാധവുമായ പ്രണയം നമുക്ക് ദൈവവുമായി ഉണ്ടെങ്കില്‍ ഒരിക്കലും നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റാതിരിക്കാന്‍ അവിടുത്തേയ്ക്കാകില്ല. തോമാശ്ലീഹായുടെ അനുഭവം ഇതേ പാഠമാണ് നമ്മെ പഠിപ്പിക്കുക.

തന്റെ പരസ്യജീവിതകാലത്ത് നല്ല ഇടയന്റെ ചിത്രം ഈശോ വരച്ചുകാട്ടുന്നുണ്ട്. നഷ്ടപ്പെട്ടുപോയതിനെ കണ്ടുകിട്ടുമ്പോള്‍ ഏറെ സന്തോഷിക്കുന്ന ഒരു നല്ലിടയന്റെ ചിത്രം. ഇങ്ങനെ ജീവിതത്തില്‍ ക്രിസ്തുവിന്റെ സാന്നിധ്യം ഒരുവേള നഷ്ടപ്പെട്ടപ്പോള്‍ നിരാശപ്പെട്ടെങ്കിലും ഉത്ഥിതനെ കണ്ടെത്തിയപ്പോള്‍ പൂര്‍ണ്ണസന്തോഷത്തിലേയ്ക്ക് കടന്നുവരുന്ന മൂന്നു വ്യക്തികളെ ഈ അദ്ധ്യായം വരച്ചുകാട്ടുന്നു. ഒന്നാമതായി മഗ്ദലേന മറിയം, രണ്ടാമതായി ശിഷ്യസമൂഹം, മൂന്നാമതായി ഇന്നേദിനം പ്രത്യേകമായി ധ്യാനവിഷയമാക്കുന്ന വി. തോമസ്.

ദിദിമോസ് എന്ന നാമം വ്യക്തമാക്കുന്നതുപോലെ തന്നെ, കൂടുതല്‍ ധൈര്യശാലിയും തീക്ഷ്ണമതിയുമായിരുന്നു വി. തോമസ്. ലാസറിന്റെ മരണവാര്‍ത്തയറിഞ്ഞപ്പോള്‍ കര്‍ത്താവിനൊപ്പം പോകാന്‍ ധൈര്യവും ആത്മാര്‍ത്ഥതയും കാണിക്കുന്നതും, അവ്യക്തമായ കാര്യങ്ങള്‍ ചോദിച്ചറിയുന്നതും തോമാശ്ലീഹായുടെ ആത്മാര്‍ത്ഥതയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്.

തോമാശ്ലീഹായെ പലപ്പോഴും നാം ഒരു സംശയാലുവായി ചിത്രീകരിക്കുന്നുണ്ടെങ്കിലും തന്റെ സംശയം സ്‌നേഹത്തിന്റെ പ്രകടനമാക്കി മാറ്റാന്‍ തോമസിനു കഴിഞ്ഞു എന്ന സത്യമാണ് നാം കൂടുതലായി മനസ്സിലാക്കേണ്ടത്. നമ്മുടെ ആഗ്രഹങ്ങളും സംശയങ്ങളും ആകുലതകളും നമ്മുടെ സ്‌നേഹത്തിന്റെ പ്രകടനങ്ങളാണെങ്കില്‍ അവ നീക്കാന്‍ യേശുനാഥന്‍ നമ്മുടെ മുമ്പില്‍ പ്രത്യക്ഷപ്പെടും, നാം വിളിച്ചാല്‍ അവിടുന്ന് വിളി കേള്‍ക്കും, ഒരു പ്രാര്‍ത്ഥനയ്ക്കും ഉത്തരം ലഭിക്കാതിരിക്കില്ല എന്ന വിശ്വാസം ഈ സുവിശേഷഭാഗത്തില്‍ നാം കണ്ടെത്തുന്നു.

യേശുവില്‍ വിശ്വസിക്കുന്ന നമുക്ക് അവിടുത്തെ സാന്നിധ്യം അനുഭവിക്കാന്‍ ആഗ്രഹമില്ലേ? തീവ്രമായ സ്‌നേഹബന്ധമുള്ള ആര്‍ക്കും ഈ ആഗ്രഹം ഉണ്ടാകും. തോമസിന് യേശുവുമായുള്ള ആത്മബന്ധം തീവ്രമായിരുന്നു. അതുകൊണ്ടാണ് നിര്‍ബന്ധബുദ്ധിയോടെ ആവശ്യപ്പെടുന്ന കുഞ്ഞിന്റെ മുമ്പില്‍ സ്‌നേഹത്തോടെ അത് സാധിച്ചുകൊടുക്കുന്ന ഒരു പിതാവിനെപ്പോലെ യേശു തോമസിന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്നതും ബൈബിളിലെ ഏറ്റവും ആഴമേറിയ വിശ്വാസപ്രഖ്യാപനം അവിടെ ജന്മമെടുക്കുകയും ചെയ്യുക.

ഒരുവിധത്തില്‍ പറഞ്ഞാല്‍, തോമാശ്ലീഹായുടെ സംശയങ്ങളാണ് നമുക്ക് അനുഗ്രഹങ്ങളായി ഭവിച്ചിരിക്കുന്നത്. അന്ത്യത്താഴ വേളയില്‍, ‘കര്‍ത്താവേ, നീ എവിടേയ്ക്ക് പോകുന്നുവെന്ന് ഞങ്ങള്‍ക്ക് അറിഞ്ഞുകൂടാ. പിന്നെ വഴി ഞങ്ങളെങ്ങനെ അറിയും’ എന്ന ചോദ്യത്തിനു മറുപടിയായിട്ടാണ് ‘വഴിയും സത്യവും ജീവനും ഞാനാണ്’ എന്ന യേശുനാഥന്റെ സ്വയം വെളിപ്പെടുത്തലിന്റെ സുന്ദരവചനങ്ങള്‍ നമുക്ക് ലഭിച്ചത്.

ഇന്ന് നമ്മള്‍ നമ്മുടെ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാതെ വിശ്വസിക്കേണ്ടവരാണ്. യേശുനാഥന്‍ പറഞ്ഞ, ‘കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍’ എന്ന ആശ്വാസവചനം നമുക്ക് ലഭിക്കുക തോമസിന്റെ, യേശുവിനെ കാണണമെന്നുള്ള നിര്‍ബന്ധബുദ്ധിയുടെ ഫലമാണ്. ഇന്ന് ഒരു ക്രിസ്തുവിശ്വാസിയുടെ തീക്ഷ്ണമായ പ്രാര്‍ത്ഥനയും സ്‌നേഹപ്രകരണവുമാണ് എന്റെ കര്‍ത്താവേ, എന്റെ ദൈവമേ എന്ന തോമാശ്ലീഹായുടെ പ്രാര്‍ത്ഥനാ വചനങ്ങള്‍. ഇതും തോമാശ്ലീഹായുടെ സംശയത്തിലൂടെ വിശ്വാസികള്‍ക്കു ലഭിച്ച അനുഗ്രഹമാണ്.

തോമാശ്ലീഹായുടെ സംശയവും അന്വേഷണവും വിരല്‍ചൂണ്ടുക ദൈവത്തിന്റെ തിരസ്‌കരണത്തിലേയ്ക്കും ഹൃദയകാഠിന്യത്തിലേയ്ക്കും അവിശ്വാസത്തിലേയ്ക്കുമല്ല എന്നതാണ് തോമസിനെ വ്യ ത്യസ്തനാക്കുന്നത്. അതുകൊണ്ട് നമ്മുടെ സംശയങ്ങള്‍ വിശ്വാസത്തിലേയ്ക്കുള്ള ആദ്യപടിയായി മാറണം. അങ്ങനെയങ്കില്‍ നമ്മുടെ സംശയങ്ങളെ ദൂരീകരിക്കാന്‍ യേശു അത്ഭുതം പ്രവര്‍ത്തിക്കും. അതിനാല്‍ സഹോദരങ്ങളേ, അവിടുത്തെ കര്‍ത്താവും ദൈവവുമായി ഏറ്റുപറയുവാന്‍ തക്ക വിശ്വാസത്തില്‍ നമുക്കും ആഴപ്പെടാം. ഹൃദയത്തില്‍ അവിടുത്തെ സ്‌നേഹം അനുഭവിച്ചുകൊണ്ട് പ്രതിസന്ധികളെ പ്രത്യാശയോടെ തരണം ചെയ്യാന്‍ നമുക്ക് പരിശ്രമിക്കാം. സര്‍വ്വശക്തന്‍ നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ബ്ര. നിധിന്‍ ജോസഫ്‌ ഐക്കര, MCBS