ഞായര്‍ പ്രസംഗം ശ്ലീഹാക്കാലം നാലാം ഞായര്‍ ജൂണ്‍ 13 ലൂക്കാ. 6: 27-36 ബലിയായി തീരുന്ന സ്‌നേഹം

പന്തക്കുസ്താ തിരുനാളോടു കൂടെ ആരംഭിക്കുന്ന ശ്ലീഹാക്കാലത്തില്‍ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനവും, ശ്ലീഹന്മാരും സഭയും തമ്മിലുള്ള ബന്ധവും, ആദിമസഭയുടെ ചൈതന്യവും, സഭയുടെ പ്രേഷിതസ്വഭാവം എടുത്തുകാണിക്കലും, പരിശുദ്ധാത്മാവിനാല്‍ പൂരിതരായ ശ്ലീഹന്മാര്‍ സുവിശേഷസന്ദേശവുമായി ലോകമെങ്ങും പോവുകയും വിവിധ സഭാസമൂഹങ്ങള്‍ക്ക് അടിസ്ഥാനമിടുകയും ചെയ്തു എന്നിവയാണ് ഈ കാലത്തിലെ പ്രധാന ചിന്താവിഷയങ്ങള്‍. മാമ്മോദീസ സ്വീകരിച്ച ഓരോ വ്യക്തിയും സഭയോടു ചേര്‍ന്നും സഭയുടെ പ്രേഷിതദൗത്യത്തില്‍ പങ്കുചേര്‍ന്നും ഈശോയ്ക്ക് സാക്ഷികളാകുവാന്‍ വിളിക്കപ്പെട്ടവരാണെന്ന ഓര്‍മ്മപ്പെടുത്തലാണ് ശ്ലീഹാക്കാലം നമ്മെ അനുസ്മരിപ്പിക്കുന്നത്. ശ്ലീഹാക്കാലം നാലാം ആഴ്ച്ചയിലേയ്ക്ക് പ്രവേശിക്കുന്ന നമുക്ക് സഭാമാതാവ് വചനവിചിന്തനത്തിനായി തരുന്ന ഭാഗം വി. ലൂക്കായുടെ സുവിശേഷം 6: 27 മുതലുള്ള വാക്യങ്ങളാണ്. സ്‌നേഹത്തിന്റെ പുതിയ കല്‍പനയാണ് ഇന്നത്തെ സുവിശേഷത്തിലെ പ്രധാന സന്ദേശം.

ഒരിക്കല്‍ ഗുരുവിന്റെ അടുത്ത് ഒരു ശിഷ്യന്‍ വന്നുചോദിച്ചു: പിതാവേ, ജീവിതത്തിന്റെ സന്തോഷം ഞാന്‍ എവിടെ കണ്ടെത്തും? അപ്പോള്‍ ഗുരു പറഞ്ഞു: നിന്റെ സഹോദരരില്‍ നീ വെറുക്കുന്നവനും, അല്‍പം സ്‌നേഹം മാത്രം കൊടുക്കുന്നവന്റെയും അടുത്തുചെന്ന് അവന്‍ പറയുന്നത് കേള്‍ക്കുകയും അവന്റെ സങ്കടങ്ങളില്‍ പങ്കുചേരുകയും സ്‌നേഹം നിറഞ്ഞ ഹൃദയത്തോടു കൂടെ അവനെ സ്‌നേഹിക്കുകയും ചെയ്യുമ്പോഴാണ് ജീവിതത്തിന്റെ സന്തോഷം നീ കണ്ടെത്തുന്നത്.

ജീവിതത്തില്‍ സ്‌നേഹം പങ്കുവച്ചു നല്‍കുക എന്നു പറഞ്ഞാല്‍, ഒരുവന്റെ വേദനയിലും സഹനത്തിലും അവനോടുകൂടെ പങ്കുചേരുക എന്നതാണ്. കോറിന്തോസിലെ സഭയ്ക്ക് എഴുതിയ 1: 9-19 വരെയുള്ള വാക്യങ്ങളിലൂടെ പൗലോസ് ശ്ലീഹാ പറയുന്നത് വളരെ ശ്രദ്ധേയമാണ്. ‘ഞാന്‍ എല്ലാവരില്‍ നിന്നും സ്വതന്ത്രനാണെങ്കിലും വളെപ്പേരെ നേടേണ്ടതിന് ഞാന്‍ എല്ലാവരുടെയും ദാസനായി തീര്‍ന്നിരിക്കുന്നു.’ഒരുവനെ സ്‌നേഹിക്കണമെങ്കില്‍ അവനെ അറിയണം. ഒരുവനെ കൂടൂതല്‍ അറിയുമ്പോഴാണ് അവനെ കൂടുതലായിട്ട് സ്‌നേഹിക്കവാന്‍ സാധിക്കുകയുള്ളൂ എന്ന് പൗലോസ് ശ്ലീഹാ തന്റെ ലേഖനത്തിലൂടെ പറഞ്ഞുവയ്ക്കുന്നു.

പഴയനിയമങ്ങളിലൂടെ കടന്നുപോയാല്‍ മനസ്സിലാകും, ഇസ്രായേല്‍ ജനത്തിന്റെ മേല്‍ എപ്പോഴും ദൈവസ്‌നേഹം നിറഞ്ഞുനിന്നിരുന്നു എന്ന്. അതുകൊണ്ടാണ് അവര്‍ അകന്നുപോയ സമയത്തൊക്കെയും ദൈവം അവരെ തിരിച്ചുകൊണ്ടു വരുന്നത്. ഇന്നത്തെ പഴയനിയമ വായനയായ ഏശയ്യാ 1:11-ാം വാക്യത്തില്‍ കര്‍ത്താവ് ഇസ്രായേല്‍ ജനതയോട് പറയുന്നുണ്ട്: ‘നിങ്ങളുടെ നിരവധിയായ ബലികള്‍ എനിക്കെന്തിന്? മുട്ടാടുകളെക്കൊണ്ടുള്ള ദഹനബലികളും കൊഴുത്ത മൃഗങ്ങളുടെ മേദസ്സും എനിക്ക് മതിയായി.’ കര്‍ത്താവ് ഇത് പറയുവാന്‍ കാരണം, ഈ ബലികളെല്ലാം അവര്‍ അര്‍പ്പിച്ചിരുന്നത് ഒരു കടമ നിര്‍വ്വഹണത്തിന്റെ ഭാഗമായിട്ടായിരുന്നു. ഈജിപ്തിന്റെ അടിമത്വത്തില്‍ നിന്നും മോചിപ്പിച്ച്, വാഗ്ദത്തദേശത്തേയ്ക്ക് കൊണ്ടുവന്ന് എല്ലാ സുഖസൗകര്യങ്ങളും നല്‍കിയപ്പോള്‍ ഇസ്രായേല്‍ ജനം ദൈവസ്‌നേഹത്തില്‍ നിന്നകന്ന് സുഖസൗകര്യങ്ങളെ സ് നേഹിച്ചു. ദൈവസ്‌നേഹം അവര്‍ മറന്നുപോയി.

നിയമം പൂര്‍ത്തിയാക്കുവാന്‍ വന്ന ഈശോ നല്‍കിയ ഏകനിയമം സ്‌നേഹം മാത്രമാണ്. കാരണം, നിയമത്തിന്റെ പൂര്‍ത്തീകരണം സ്‌നേഹമാണ് എന്ന് റോമായിലെ സഭയ്‌ക്കെഴുതിയ ലേഖനം 13-ാം അധ്യായം 10-ാം വാക്യത്തില്‍ നാം കാണുന്നുണ്ട്. ദൈവമക്കളാവുക, പിതാവിന്റെ പരിപൂര്‍ണ്ണതയിലേയ്ക്കു വളരുക എന്നൊക്കെ പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം സ്‌നേഹിക്കുക എന്നു മാത്രമാണ്. പുതിയ നിയമത്തിന്റെ സുവര്‍ണ്ണ നിയമം, ദൈവത്തിന്റെ കരുണയെയും സ്‌നേഹത്തെയും അനുകരിക്കലാണ്.

സ്‌നേഹിക്കുകയെന്നത് എല്ലാ മനുഷ്യരിലും ദൈവം നിക്ഷേപിച്ചിട്ടുള്ള കാര്യമാണെങ്കിലും ശത്രുക്കളെ സ്‌നേഹിക്കുക എന്നത് സ്വാഭാവികമല്ല. അത് ദൈവീകഭാവമാണ്. ക്രിസ്തുശിഷ്യന് സ്വാഭാവിക സ്‌നേഹം മാത്രം ഉണ്ടായാല്‍ പോരാ, ദൈവീകസ്‌നേഹത്താല്‍ നിറയപ്പെടണമെന്നും വചനം പങ്കുവയയ്ക്കുകയാണ്. സ്‌നേഹം എന്നതിന് ഗ്രീക്ക് ഭാഷയില്‍ പല വാക്കുകളുണ്ട്. സുഹൃത്തുക്കള്‍ തമ്മിലുള്ള സ്നേഹം, ഭാര്യാ-ഭര്‍തൃസ്‌നേഹം ഇങ്ങനെ വ്യത്യസ്ത സ്‌നേഹഭാവങ്ങളെ സൂചിപ്പിക്കാന്‍ വ്യത്യസ്ത പദങ്ങളുപയോഗിക്കുന്നു. ഇവിടെ സുവിശേഷത്തില്‍ കൊടുത്തിരിക്കുന്നത് ‘അഗാപ്പെ’ എന്ന പദമാണ്. ദൈവീകസ്‌നേഹഭാവമാണ് അഗാപ്പെ. സ്വാര്‍ത്ഥതയും സുഖേച്ഛയും നിറഞ്ഞ ഇഷ്ടങ്ങളുടെ ലോകത്തിലാണ് നാം ജീവിക്കുന്നത്. ക്രിസ്തീയസ്‌നേഹം ഇഷ്ടങ്ങളല്ല മറിച്ച്, പരിപൂര്‍ണ്ണവും പൂര്‍ണ്ണ ഹൃദയത്തോടും കൂടിയുള്ള സ്‌നേഹമാണ്. ക്രിസ്തുശിഷ്യന്റെ ജീവിതം ഇപ്രകാരം പരിപൂര്‍ണ്ണമായ സ്‌നേഹത്താല്‍ ഉറപ്പിക്കപ്പെട്ടതാകണം.

പരിപൂര്‍ണ്ണസ്‌നേഹം എന്നുപറഞ്ഞാല്‍ അത്, ശത്രുക്കളെയും നമ്മെ ദ്രോഹിച്ചവരെയും ഉള്‍ക്കൊള്ളുന്ന സ്‌നേഹമായിരിക്കണം. അത് കേവലം ഒരു വികാരപ്രകടനമാവരുത്. മറിച്ച്, പരിധികളും ഉപാധികളുമില്ലാതെയുള്ള സ്‌നേഹമാവണം. തെര്‍ത്തുല്യന്‍ ഇങ്ങനെ പറഞ്ഞുവയ്ക്കുന്നു: ‘സുഹൃത്തുക്കളെ സ്‌നേഹിക്കുക എന്നത് എല്ലാവര്‍ക്കും സാധിക്കും. എന്നാല്‍, ശത്രുവിനെ സ്‌നേഹിക്കുക എന്നത് ക്രിസ്ത്യാനിക്ക് മാത്രം സ്വാഭാവികമായ കാര്യമാണ്.’ സ്‌നേഹിക്കുന്നവരെയും ആദരിക്കന്നവരെയും മാത്രം തിരിച്ചു സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നതല്ല ക്രൈസ്തവ ജീവിതശൈലി. മറിച്ച്, ദുഷ്ടരോടും പാപികളോടും കരുണ കാണിക്കുന്ന ദൈവപിതാവിന്റെ മക്കളായിത്തീരലാണ്. ശത്രുവിനെ ആക്രമിച്ചു കീഴ്‌പ്പെടുത്തലല്ല മറിച്ച്, സ്‌നേത്തിലൂടെ അവനെ ദൈവത്തിനായി സ്വന്തമാക്കലാണ് ക്രൈസ്തവ ജീവിതത്തിന്റെ മറ്റൊരു ശൈലി.

ഒരു ക്രൈസ്തവന്റെ മാതൃക എന്നുപറയുന്നത് ഈശോ തന്നെയാണ്. ഈശോയുടെ ജീവിതം മുഴുവന്‍ സ്‌നേഹമായിരുന്നു. സ്വയം ശൂന്യമാക്കി പീഡിപ്പിച്ചവരോട് ക്ഷമിച്ചും ബന്ധിക്കുവാന്‍ വന്നവന് സൗഖ്യം കൊടുത്തും കുരിശില്‍ കിടന്നപ്പോള്‍ പോലും കള്ളന് പ്രത്യാശ വാഗ്ദാനം ചെയ്തവനുമാണ് യേശു. യേശുവിന്റെ തോല്‍വികള്‍ നമ്മെ പഠിപ്പിക്കുന്ന പാഠമിതാണ് – സ്‌നേഹിക്കുന്നവന് മാത്രമേ തോറ്റുകൊടുക്കുവാന്‍ സാധിക്കുകയുള്ളൂ. കുഞ്ഞിന്റെ ശാഠ്യത്തിനു മുമ്പില്‍ തോറ്റുകൊടുക്കുന്ന അമ്മയുടെ ആര്‍ദ്രമായ സ്‌നേഹം പോലെയാണ് ഈശോയുടെ സ്‌നേഹം.

ഈശോയുടെ സ്‌നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നമ്മള്‍ നിരന്തരം സ്വീകരിക്കുന്ന വി. കുര്‍ബാന. ‘വിശുദ്ധ കുര്‍ബാന സ്വീകരണത്തിലൂടെ ഞാനും ക്രിസ്തുവും ഒന്നായിത്തീരുന്നു’ എന്നാണ് വി. അഗസ്റ്റിന്‍ പറയുന്നത്. നമുക്കുവേണ്ടി എല്ലാ ദിവസവും മുറിയപ്പെടുന്ന ക്രിസ്തുവിനുവേണ്ടി വി. എഫ്രേമിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘നമുക്കു വേണ്ടി ബലിയാടായി മാറിയ ഇടയനു വേണ്ടി അല്‍പമെങ്കിലും സ്‌നേഹം മാറ്റിവച്ചിട്ടുണ്ടോ’ എന്ന് നാം ഓര്‍ക്കേണ്ടതാണ്. നമുക്കുവേണ്ടി മുറിയപ്പെടുന്ന ക്രിസ്തുവിനായി നമ്മുടെ ജീവിതം മുഴുവനായി തന്നെ സമര്‍പ്പിക്കുവാന്‍ കടപ്പെട്ടവരാണ് നാം.

ഇടവക എന്നു പറയുമ്പോള്‍ സ്‌നേഹിക്കുന്നവരുടെ കൂട്ടായ്മയാണ്. സ്‌നേഹിക്കുന്നവരുടെ ആ കൂട്ടായ്മയിലേയ്ക്ക് കടന്നുവരുവാന്‍ ക്രിസ്തുവിന് വളരെ എളുപ്പമാണ്. കുടുംബം സ്‌നേഹിക്കപ്പെടുന്നവരുടെ ഇടവും. കുടുംബത്തില്‍ നിന്നുമാണ് സ്‌നേഹബന്ധങ്ങളുടെ വളര്‍ച്ച ആരംഭിക്കുന്നത്.

പ്രിയപ്പെട്ട സഹോദരങ്ങളെ, ലോകം വച്ചുനീട്ടുന്ന ഇഷ്ടങ്ങളിലേയ്ക്ക് കാലെടുത്തു വയ്ക്കാതെ വി. കുര്‍ബാനയിലൂടെ കിട്ടുന്ന ദൈവസ്‌നേഹത്തിന്റെ പരിപൂര്‍ണ്ണത മനസ്സിലാക്കി, അത് ആസ്വദിച്ച് പകര്‍ന്നു നല്‍കുന്നവനായി ലോകത്തിലേയ്ക്ക് ഇറങ്ങിത്തിരിക്കുവാനുള്ള ശക്തിയും കൃപയും തരണമെന്ന് ഈ വി. കുര്‍ബാനയില്‍ നമുക്ക് പ്രാര്‍ത്ഥിച്ച് ഒരുങ്ങാം.

ബ്ര. അഭിഷേക് ഒറവനാംതടത്തില്‍ MCBS

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.