

ജോര്‍ദ്ദാനിലെ മാമ്മോദീസായും മരുഭൂമിയിലെ പരീക്ഷണങ്ങളും അവസാനിപ്പിച്ച ഈശോ താന്‍ വളര്‍ന്നുവന്ന നസ്രത്തുപ്രദേശത്തു മടങ്ങിയെത്തി സ്വര്‍ഗരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കാന്‍ ആരംഭിക്കുന്നതാണ് ഇന്നത്തെ സുവിശേഷഭാഗം. യോഹന്നാന് മാംദാന കാരാഗൃഹത്തിലായി എന്ന് അറിഞ്ഞതോടെയാണ് ഈശോയുടെ ഈ നീക്കം. വഴിയൊരുക്കല് പൂര്‍ത്തിയായതുകൊണ്ട് ഈശോയ്ക്കു രംഗപ്രവേശം ചെയ്യാം. നസ്രത്തിനേക്കാള് അല്പംകൂടി ജനത്തിരക്കുള്ള കഫര്ണാമാണ് തന്റെ പ്രവര്‍ത്തനവേദിയായി അവിടുന്നു തിരഞ്ഞെടുത്തത്. സെബുലോന്‍, നഫത്താലി ഗോത്രങ്ങള്‍ അധിവസിച്ചിരുന്ന പ്രദേശമായിരുന്നു ഇത്. ഗലീലിത്തടാകത്തിന്റെ വടക്കുപടിഞ്ഞാറന്‍ തീരത്തുള്ള ഈ പട്ടണം മത്സ്യവ്യവസായത്തിനു പേരുകേട്ടതായിരുന്നു. കഫര്‍ണാം കേന്ദ്രമാക്കിയായിരുന്നു ഈശോയുടെ തന്റെ ആദ്യകാല പ്രവര്‍ത്തനങ്ങളെല്ലാം.
മിശിഹായ്ക്കുമുമ്പ് എട്ടാം നൂറ്റാണ്ടില്‍ അസ്സീറിയാക്കാര്‍ യഹൂദരുടെ വടക്കേ രാജ്യമായിരുന്ന ഇസ്രായേല്‍ ആക്രമിച്ചപ്പോള്‍ ഗലീലിപ്രദേശവും നാശത്തിനിരയായി (2 രാജാ 15,29). വിദ്യാസമ്പന്നരും സമൂഹത്തില്‍ സ്വാധീനമുള്ളവരുമായിരുന്ന എല്ലാവരെയും അടിമകളാക്കി നാടുകടത്തപ്പെട്ടു. ദരിദ്രജനവിഭാഗം മാത്രം ഗലീലിപ്രദേശത്ത് അവശേഷിച്ചു. മാത്രവുമല്ല, കച്ചവടത്തിനും മറ്റുമായി അവിടെ താമസമാക്കിയ വിജാതീയരുടെ സംഖ്യ വര്ദ്ധമാനമായിക്കൊണ്ടുമിരുന്നു. അതുകൊണ്ട് യഹൂദരുടെ ഈ നാട് വിജാതീയരുടെ ഗലീലി എന്നുപോലും അറിയപ്പെട്ടിരുന്നു (1 മക്ക 5,15). ഇപ്രകാരം അന്ധകാരത്തിലും മരണത്തിന്റെ നിഴലിലും കഴിഞ്ഞിരുന്ന ജനത്തിനു രക്ഷ ഉടന്‍ സമാഗതമാകും എന്ന് പ്രവാചകനായ ഏശയ്യാ മുന്‍കൂട്ടി അറിയിക്കുന്ന വിശുദ്ധഗ്രന്ഥഭാഗമാണ് വിശുദ്ധ മത്തായി ഉദ്ധരിക്കുന്നത്: കടലിലേക്കുള്ള വഴിയില്‍, ജോര്‍ദ്ദാന്റെ മറുകരയുള്ള സെബുലോന്റെയും നഫ്ത്താലിയുടെയും ദേശങ്ങള്‍, വിജാതീയരുടെ ഗലീലി, അന്ധകാരത്തില്ക്കഴിഞ്ഞിരുന്ന ആ ജനം വലിയ പ്രകാശം കണ്ടു. മരണത്തിന്റെ ദേശത്തും നിഴലിലും കഴിഞ്ഞിരുന്നവര്‍ക്ക് പ്രകാശം ഉദിച്ചു (ഏശ 9,1-2). രക്ഷകനായ മിശിഹാ ഈ പ്രദേശത്തുവന്നു താമസമാക്കിയപ്പോള്‍, ഏശയ്യായുടെ ഈ പ്രവചനം പൂര്‍ത്തിയായി എന്നാണു വിശുദ്ധ മത്തായി സാക്ഷിക്കുന്നത് (മത്താ 4,14-16).
വിജാതീയാക്രമണത്തിനും നാടുകടത്തലിനും ആദ്യം ഇരയായി അന്ധകാരത്തില്‍ കഴിഞ്ഞിരുന്ന വടക്കേ അതിര്‍ത്തിയിലെ ഈ യഹൂദര്‍ക്കു തന്നെയാണ് ദൈവികരക്ഷയുടെ പ്രകാശവും ആദ്യം ലഭിച്ചത്. തന്റെ സുവിശേഷ പ്രഘോഷണം വിജാതീയരുടെ ഗലീലിയില്‍ ആരംഭിക്കുകവഴി ഈ സുവിശേഷം വിജാതീയരെ കൂടി ഉദ്ദേശിച്ചുള്ളതാണ് എന്നവിടുന്നു വ്യക്തമാക്കുന്നു. ദൈവം മോശയിലൂടെ നല്കിയ നിമയത്തിന്റെ പ്രകാശം (സങ്കീ 119,105) ലഭിക്കാതിരുന്നതുകൊണ്ട് വിജാതീയര്‍ അജ്ഞാനാന്ധകാരത്തിലായിരുന്നു (ഒരിജന്‍). പ്രഥമവും പ്രധാനവുമായി ഇസ്രായേലിലെ നഷ്ടപ്പെട്ട ആടുകളെ തേടിയാണ് മിശിഹാ ആഗതനായതെങ്കിലും യഹൂദരല്ലാത്തവര്‍ക്കും അവിടുത്തെ രക്ഷാകരപദ്ധതിയില്‍ സ്ഥാനമുണ്ടായിരുന്നു. നിങ്ങള്‍ പോയി സകല ജനതകളെയും ശിഷ്യപ്പെടത്തുവിന് (മത്താ 28,19) എന്ന കല്പനയോടെയാണല്ലോ ഉത്ഥിതനായ മിശിഹാ തന്റെ ശിഷ്യരെ അയച്ചത്.
അന്ധകാരത്തില്ക്കഴിഞ്ഞിരുന്ന ആ ജനം വലിയ പ്രകാശം കണ്ടു. മരണത്തിന്റെ ദേശത്തും നിഴലിലും കഴിഞ്ഞിരുന്നവര്‍ക്ക് പ്രകാശം ഉദിച്ചു. ഈ മഹാപ്രകാശം മിശിഹായാണ്; അവിടുത്തെ സുവിശേഷ പ്രഘോഷണത്തിന്റെ ശോഭയാണത് (ഒരിജന്‍). ലോകത്തിലേക്കു വരുന്ന സകലരെയും പ്രകാശിപ്പിക്കുന്ന യഥാര്‍ത്ഥ വെളിച്ചമായാണല്ലോ വിശുദ്ധ യോഹന്നാന് ഈശോയെ അവതരിപ്പിക്കുന്നത് (യോഹ 1,9). ഉണ്ണിമിശിഹായെ കരങ്ങളില്‍ വഹിച്ചുകൊണ്ട് ശിമയോന് ദീര്‍ഘദര്‍ശി പ്രഘോഷിച്ചതും ഇതേ സത്യം തന്നെയാണ്: സകല ജനതകള്‍ക്കുംവേണ്ടി അങ്ങ് ഒരുക്കിയിരിക്കുന്ന രക്ഷ എന്റെ കണ്ണുകള്‍ കണ്ടുകഴിഞ്ഞു. അതു വിജാതീയര്‍ക്കു വെളിപാടിന്റെ പ്രകാശവും അവിടുത്തെ ജനമായ ഇസ്രായേലിന്റെ മഹിമയുമാണ് (ലൂക്കാ 2,32). മിശിഹാ പ്രകാശത്തില്‍നിന്നുള്ള പ്രകാശവും അവിടുത്തെ സത്തയുടെ പ്രതിച്ഛായയുമാണ്. ഞാനാണ് സത്യപ്രകാശം; എന്നെ അനുഗമിക്കുന്നവന് അന്ധകാരത്തില്‍ നടക്കുന്നില്ല (യോഹ 8,12) എന്നും ഈശോ അരുളിച്ചെയ്തിട്ടുണ്ടല്ലോ.
ഈശോമിശിഹായുടെ പരസ്യജീവിതകാലത്തെ പ്രഘോഷണം മുഴുവന്റെയും സംഗ്രഹം ഇന്നത്തെ സുവിശേഷത്തിലുണ്ട്: സ്വര്‍ഗരാജ്യം സമീപിച്ചിരിക്കയാല്‍ പശ്ചാത്തപിക്കുവിന്‍ (മത്താ 4,17). സ്വര്‍ഗരാജ്യത്തിന്റെ സുവിശേഷമാണ് ഈശോ പ്രഘോഷിച്ചത്. ഇതേ സന്ദേശവുമായാണ് അവിടുന്നു പരസ്യജീവിതകാലത്ത് തന്റെ ശിഷ്യരെ അയച്ചതും (മത്താ 10,7). ദൈവരാജ്യവും സ്വര്‍ഗരാജ്യവും ഒരേ യാഥാര്ത്ഥ്യത്തെയാണു സൂചിപ്പിക്കുന്നത്. രണ്ടാം പ്രമാണം അക്ഷരംപ്രതി പാലിക്കുന്നതിന്റെ ഭാഗമായി യഹൂദര്‍ സാധിക്കുന്നിടത്തെല്ലാം ദൈവനാമം ഒഴിവാക്കിയിരുന്നു. പകരം, ദൈവത്തിന്റെ വിശേഷണങ്ങളോ (പരിശുദ്ധന്, സര്വശക്തന്, ബലവാന്, സ്രഷ്ടാവ്) ദൈവവുമായി ബന്ധപ്പെട്ട എന്തെങ്കിലുമോ ഉപയോഗിച്ചിരുന്നു. സ്വര്‍ഗം അവിടുത്തെ വാസസ്ഥലമായി കരുതപ്പെട്ടിരുന്നതുകൊണ്ടാണ് ദൈവരാജ്യമെന്ന തിനു പകരം സ്വര്‍ഗരാജ്യം എന്ന പ്രയോഗം കാണുന്നത്. വിശുദ്ധ മത്തായി യഹൂദ ക്രൈസ്തവര്‍ക്ക് എഴുതുന്നതുകൊണ്ട്, അവരുടെ ചിന്താഗതി മനസ്സിലാക്കി, സ്വര്‍ഗരാജ്യം എന്നാണു കൂടുതല്‍ ഉപയോഗിക്കുന്നത് (മുപ്പതിലേറെ തവണ).
ദൈവം തന്റെ അഭിഷിക്തനായ മിശിഹായില്‍ ഈ ഭൂമിയില്‍ ഭരിക്കാന്‍ ആരംഭിക്കുന്നു എന്നതാണ് സ്വര്‍ഗരാജ്യത്തിന്റെ അടിസ്ഥാനാശയം. സ്വര്‍ഗത്തില്‍നിന്നു വന്ന് ഈ ലോകത്തില്‍ പിതാവായ ദൈവത്തിന്റെ ഹിതം സ്ഥാപിക്കുന്നതാണ് ഈശോ പ്രഘോഷിക്കുന്ന രാജ്യം. നിന്റെ രാജ്യം വരണമേ. നിന്റെ തിരുമനസ്സ് സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലും ആകണമേ എന്നു പ്രാര്‍ത്ഥിക്കാനാണല്ലോ അവിടുന്നു നമ്മെ പഠിപ്പിച്ചിരിക്കുന്നതും (മത്താ 6,10). ദൈവത്തിന്റെ ഇഷ്ടം നടപ്പാകുന്ന സ്ഥലവും സംവിധാനവുമാണ് ദൈവരാജ്യത്തിലുള്ളത്. ഈശോയില്‍ തന്നെയാണ് ദൈവഹിതം പൂര്‍ണമായി നടപ്പായത്. ഇതെക്കുറിച്ചാണ് പൗലോസ്ശ്ലീഹാ പുതിയനിയമത്തില്നിന്നുള്ള ആദ്യവായനയില്‍ നമ്മെ അനുസ്മരിപ്പിക്കുന്നത്: ദൈവത്തിന്റെ സാദൃശ്യത്തിലായിരുന്നിട്ടും, തനിക്കു ദൈവത്തോടുള്ള തുല്യതയെ മാറ്റിവയ്ക്കാന്‍ പാടില്ലാത്ത ഒരു കാര്യമായി അവന് പരിഗണിച്ചില്ല. അവന് തന്നെത്തന്നെ ശൂന്യനാക്കി ദാസന്റെ സാദൃശ്യം സ്വീകരിക്കുകയും അങ്ങനെ, മനുഷ്യരടുടെ സാദൃശ്യത്തിലാവുകയും ചെയ്തു. അവന് മനുഷ്യരൂപത്തിലായി രിക്കെ, തന്നെത്തന്നെ താഴ്ത്തി, മരണത്തോളം – അതേ, കുരിശുമരണത്തോളം – അനുസരണമുള്ളവനായി (ഫിലി 2,6-8). അവിടുന്നു മനുഷ്യനായതു തന്നെ പിതാവിന്റെ ഇഷ്ടം നിറവേറ്റാന്‍ വേണ്ടിയായിരുന്നല്ലോ. അതുകൊണ്ട് ഈശോയാണ് ദൈവരാജ്യം അഥവാ സ്വര്‍ഗരാജ്യം എന്ന് ഒരിജന്‍ അഭിപ്രായപ്പെടുന്നു. ഈശോ വെളിപ്പെടുത്തിയ ദൈവഹിതമനുസരിച്ചു ജീവിക്കുന്നവര്‍ ദൈവരാജ്യത്തിലാണ്.
സ്വര്‍ഗരാജ്യത്തിന് ഈ ഭൂമിയില്‍ ആരംഭം കുറിക്കുന്നത് ഈശോയുടെ വാക്കുകളും പ്രവൃത്തികളുമാണ് (മത്താ 4,23; 9,35). ഈശോ പ്രവര്‍ത്തിച്ച ശക്തിയുടെ അടയാളങ്ങള്‍ ദൈവരാജ്യത്തിന്റെ ആഗമനം വിളിച്ചറിയിക്കുന്നുണ്ടെങ്കിലും (മത്താ 12,28) അതിലുപരി അത് അവിടുന്നു ഭൂമിയില്‍ വിതച്ചതും ക്രമേണ സ്വാധീനം ചൊലുത്തിക്കൊണ്ടിരിക്കുന്നതുമായ മറഞ്ഞിരിക്കുന്ന ശക്തിയാണ്. വിതക്കാരന്റെ ഉപമകള്‍ ഈ സത്യമാണു വ്യക്തമാക്കുന്നത്.
ദൈവരാജ്യത്തിന് ത്രിവിധ മാനങ്ങളുണ്ട്: ധാര്‍മികം, സഭാത്മകം, യുഗാന്തോന്മുഖം. സ്വര്‍ഗരാജ്യത്തിന്റെ ധാര്‍മിക മാനമാണ് അനുതാപത്തിനുള്ള ക്ഷണത്തിലൂടെ ഈശോ വ്യക്തമാക്കിയത്: സ്വര്‍ഗരാജ്യം സമീപിച്ചിരിക്കയാല്‍ പശ്ചാത്തപിക്കുവിന്‍. ദൈവരാജ്യത്തിന്റെ വക്താക്കളായി അവിടുന്നു നിയമിച്ചിരിക്കുന്നത് ശ്ലീഹന്മാരെയാണ് എന്നതിലാണ് സഭാത്മകമാനം അടങ്ങിയിരിക്കുന്നത്. അവരെയാണു രാജ്യത്തിന്റെ രഹസ്യങ്ങള്‍ അവിടുന്നു ഭരമേല്പ്പിച്ചിരിക്കുന്നത് (മത്താ 13,11). ഈശോയുടെ മനുഷ്യാവതാരത്തോടെ ദൈവരാജ്യം ഈ ഭൂമിയില്‍ ആരംഭിച്ചെങ്കിലും അവിടുത്തെ മഹത്വപൂര്‍ണമായ രണ്ടാമത്തെ ആഗമനത്തോടുകൂടി മാത്രമേ അതു പൂര്‍ണതയിലെത്തുകയുള്ളു. വിശ്വസ്തതാപൂര്‍വം തന്നെ അനുഗമിക്കുന്നവരെ ദൈവരാജ്യത്തിലെ നിത്യജീവനില്‍ പങ്കുചേര്‍ക്കുന്ന ഈ സംഭവത്തിലാണ് യുഗാന്തോന്മുഖമാനം.
സ്വര്‍ഗരാജ്യത്തിന്റെ ആഗമനം ശ്രോതാക്കളില്‍നിന്ന് അനുതാപം/പശ്ചാത്താപം/മാനസാന്തരം ആവശ്യപ്പെടുന്നു. സുവിശേഷകന് ഉപയോഗിച്ചിരിക്കുന്ന പദം (ാലമേിീശമ) ഹീബ്രുപശ്ചാത്തലത്തില് വ്യക്തിയുടെ പൂര്‍ണമായ തിരിയലിനെയാണു സൂചിപ്പിക്കുന്നത്. ജീവിതത്തിന്റെ ഈ ദിശാമാറ്റം ചിന്തയിലും പ്രവൃത്തിയിലും നൂതന രീതികള്‍ സ്വീകരിക്കാന്‍ ഒരുവനെ സഹായിക്കും. സ്വാര്‍ത്ഥപരവും പാപകരവുമായ എല്ലാറ്റിലും നിന്നുള്ള പിന്തിരിയലാണിത്. ഇപ്പോള്‍ ആയിരിക്കുന്ന അവസ്ഥയില്‍നിന്ന് എതിര് ദിശയിലേക്കുള്ള തിരിയലാണിത്. തിരിയേണ്ടത് സ്വര്ഗരാജ്യസുവിശേഷമായ ഈശോയിലേക്കാണ്. അവിടുത്തെ പക്ഷത്തേക്കുള്ള ചുവടുമാറ്റമാണിത്. മാനസാന്തരപ്പെടുന്ന വ്യക്തി പിന്നീടു ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതുമെല്ലാം ഈശോയുടെ ഭാഗത്തുനിന്നായിരിക്കും; അവിടുത്തെ കണ്ണുകളിലൂടെയായിരിക്കും യാഥാര്‍ത്ഥ്യങ്ങളെ നോക്കിക്കാണുന്നത്. അവിടെ ഒരു പുതിയ ജീവിതവീക്ഷണം ഉടലെടുക്കും. അതോടെ ദൈവരാജ്യം വിസ്തൃതമാവുകയും ചെയ്യും. ഇപ്രകാരം ജീവിക്കുവാന്‍ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
തിന്മ പ്രവര്ത്തിക്കുന്നവര്ക്കുണ്ടാകാനിരിക്കുന്ന ശിക്ഷയെക്കുറിച്ചു പഠിപ്പിക്കുന്നതോടൊപ്പം നന്മ ചെയ്യുന്നവര്‍ക്കു ലഭിക്കാനിരിക്കുന്ന പ്രതിഫലത്തെപ്പറ്റിയും ഈശോ സൂചിപ്പിക്കുന്നുണ്ട്. അപ്പോള്‍ നീതിമാന്മാര് പിതാവിന്റെ രാജ്യത്തില്‍ സൂര്യനെപ്പോലെ ശോഭിക്കും. ഈ വിശ്വാസബോദ്ധ്യമുള്ളതു കൊണ്ടാണ് വിശുദ്ധ പൗലോസ്ശ്ലീഹാ ഇപ്രകാരം എഴുതുന്നത്: മിശിഹായോടുകൂടെ ആയിരിക്കാന്‍വേണ്ടി മരിക്കാനാണു ഞാന്‍ ആഗ്രഹിക്കുന്നത് (ഫിലി 1,23). നമ്മിലെ കളകള്‍ നീക്കിക്കളഞ്ഞ് നല്ല ഗോതമ്പായി രൂപാന്തരപ്പെടുന്നതിനു നമ്മെ സഹായിക്കുന്നത് ഗോതമ്പപ്പത്തിന്റെ രൂപത്തില്‍ നമ്മിലേക്കു പരിശുദ്ധ കുര്‍ബാനയില്‍ വരുന്ന മിശിഹാതന്നെയാണ്. അതുകൊണ്ടാണ് കുര്‍ബാനയുടെ അവസാനഭാഗത്ത് നമ്മള് ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നത്: നിന്നില്‍ വിശ്വസിച്ച സകലരുടെയും കറകളും കടങ്ങളും നിന്റെ ശരീര രക്തങ്ങളാല്‍ നിര്‍മാര്‍ജ്ജനം ചെയ്യുകയും ക്ഷമിക്കുകയും ചെയ്തു. നീ മഹത്വപൂര്‍ണനായി പ്രത്യക്ഷപ്പെടുമ്പോള്‍ മനോവിശ്വാസത്തോടെ നിന്നെ എതിരേല്ക്കാനും സ്വര്‍ഗീയഗണങ്ങളോടുകൂടെ നിന്നെ സ്തുതിക്കാനും ഞങ്ങളെ യോഗ്യരാക്കണമേ.
ഫാ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍