ഞായര്‍ പ്രസംഗം 2, ഉയിര്‍പ്പ് അഞ്ചാം ഞായര്‍ മെയ്‌‌ 10 തിബേരിയാസ് – പ്രതീക്ഷയുടെ തീരം

ഉയിര്‍പ്പുകാലത്തിന്റെ അഞ്ചാം ആഴ്ചയിലേയ്ക്ക് നാം ഇന്ന് പ്രവേശിച്ചിരിക്കുകയാണ്. ഉത്ഥിതനായ യേശു ഒരിക്കല്‍ക്കൂടി തന്റെ പ്രിയശിഷ്യരെ തേടിയെത്തുന്നതും അവരെ വിശ്വാസത്തിലും സ്‌നേഹത്തിലും ഉറപ്പിക്കുന്നതുമായ മനോഹര രംഗമാണ് ഇന്നത്തെ സുവിശേഷം നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നത്. ഈശോയുടെ മരണത്തിനും ഉത്ഥാനത്തിനും ശേഷം യഹൂദരെ ഭയന്ന് കതകടച്ചിരുന്ന ശിഷ്യന്മാര്‍ക്ക് വിശ്വാസവും പ്രതീക്ഷയും ധൈര്യവും നഷ്ടപ്പെട്ടു. അതോടൊപ്പം വിശപ്പും അവരെ കീഴടക്കാന്‍ തുടങ്ങിയപ്പോള്‍ പത്രോസ് ശ്ലീഹാ പറഞ്ഞു: ‘ഞാന്‍ മീന്‍ പിടിക്കാന്‍ പോവുകയാണ്.’ തങ്ങളുടെ തലവനെ അനുഗമിച്ച് മറ്റു ശിഷ്യന്മാരും പത്രോസിന്റെ പുറകെ യാത്രയായി. ജീവന്‍ പണയം വച്ചുകൊണ്ട് അവര്‍ മീന്‍ പിടിക്കാന്‍ പോയെങ്കിലും പുലരുംവരെ അദ്ധ്വാനിച്ചിട്ടും മത്സ്യമൊന്നും അവര്‍ക്കു ലഭിച്ചില്ല. ഫലരഹിതമായ അവരുടെ അദ്ധ്വാനത്തിലേയ്ക്ക് കര്‍ത്താവ് കടന്നുവന്ന് വലതുവശത്തേയ്ക്ക് വലയെറിയാന്‍ അവരോടു പറയുകയും വല കീറുവോളം അവര്‍ക്ക് മീന്‍ ലഭിക്കുകയും ചെയ്തു. എങ്കില്‍, അത് കര്‍ത്താവാണെന്ന് അവര്‍ അറിഞ്ഞില്ല. യോഹന്നാന്‍ ശ്ലീഹായുടെ വാക്കുകളിലൂടെ അത് കര്‍ത്താവാണെന്ന് അവര്‍ മനസ്സിലാക്കുകയും നഗ്നനായിരുന്ന പത്രോസ് ശ്ലീഹാ പുറംകുപ്പായം ധരിച്ച് കടലിലേയ്ക്കു ചാടുകയും ചെയ്തു. കരയ്‌ക്കെത്തിയപ്പോള്‍ ഈശോ, തന്റെ പ്രിയ ശിഷ്യര്‍ക്കായി പ്രാതല്‍ തയ്യാറാക്കി കാത്തിരിക്കുന്നതായി അവര്‍ കണ്ടു.

ഗലീലിയിലെ തിബേരിയാസ് കടലിന്റെ തീരത്തുവച്ചാണ് യേശു തന്റെ ശിഷ്യരെ ആദ്യമായി കണ്ടുമുട്ടിയത്. മനുഷ്യരെ പിടിക്കുന്നവരാക്കാം എന്ന വാഗ്ദാനവുമായി അവിടുന്ന് അവരെക്കൂട്ടി മൂന്നുവര്‍ഷം പരിശീലിപ്പിച്ചു. എന്നാല്‍, കഥാന്ത്യത്തില്‍ ശിഷ്യര്‍ വീണ്ടും തിബേരിയാസിന്റെ കരയില്‍ത്തന്നെ എത്തിച്ചേരുകയാണ്, മനുഷ്യരെ പിടിക്കുന്നതിനു പകരം മീന്‍ പിടിക്കാന്‍. യേശു തന്റെ ശിഷ്യരെ വിളിച്ചത് പുതിയൊരു ജീവിതത്തിലേയ്ക്കാണ്.

ഉപേക്ഷിച്ചുവന്ന പഴയജീവിതത്തിലേയ്ക്ക് തിരിച്ചുപോകുമ്പോള്‍ ഒന്നും നേടാനാകാതെ പരാജയപ്പെട്ടു പോകുമെന്ന് ശിഷ്യന്മാരുടെ ഫലശൂന്യമായ അദ്ധ്വാനം നമ്മെ പഠിപ്പിക്കുകയാണ്. എങ്കില്‍, തന്നിലുള്ള വിശ്വാസത്തെ നഷ്ടപ്പെടുത്തി പ്രത്യാശയെ ഇല്ലായ്മ ചെയ്ത് പുനര്‍ജീവിതത്തിന്റെ സന്തോഷവും സ്‌നേഹവും നഷ്ടപ്പെടുത്തി പഴയ ജീവിതസാഹചര്യത്തിലേയ്ക്ക് തിരിച്ചുപോയ ശിഷ്യരെ ഉപേക്ഷിച്ചുപോകാന്‍ ഈശോ തയ്യാറായില്ല. കുഞ്ഞുങ്ങളേ, എന്നു വിളിച്ചുകൊണ്ട് അവരുടെ ജീവിതത്തിലേയ്ക്ക് ഈശോ ഒന്നുകൂടി കടന്നുചെല്ലുകയാണ്. അപ്പവും മീനും തയ്യാറാക്കി അന്ത്യത്താഴ മേശയില്‍ ഈശോ തയ്യാറാക്കിയ ആ സ്‌നേഹത്തിലേയ്ക്ക് തന്റെ പ്രിയശിഷ്യരെ അവിടുന്ന് വിളിച്ചുകൂട്ടി. ഏശയ്യാ പ്രവാചകന്‍ 49-ാം അദ്ധ്യായം 7-13 വാക്യങ്ങള്‍ പറഞ്ഞുവയ്ക്കുന്നതുപോലെ, ഒരു പുതിയ ആരംഭം കുറിക്കലാണ് ദൈവത്തിന്റെ ഇടപെടല്‍ വഴിയായി സാധ്യമാകുന്നതെന്ന്.

ക്രിസ്തുവിന്റെ മരണത്തിലൂടെ, ദൈവം എപ്രകാരമാണോ ഏതൊരു പാപിയെയും വീണ്ടെടുത്തത് അപ്രകാരം തന്നെയാണ് തിബേരിയാസിന്റെ തീരത്തുവച്ച് ഈശോ തന്റെ ശിഷ്യരെയും വീണ്ടെടുത്തത്. ഈ വീണ്ടെടുപ്പ് നമ്മോടു പറഞ്ഞുവയ്ക്കുന്നത് മൂന്നു കാര്യങ്ങളാണ്. ഒന്നാമതായി, പശ്ചാത്താപം രക്ഷയ്ക്ക് അനിവാര്യമാണ് എന്നാണ്. പത്രോസിന്റെ പശ്ചാത്താപം അവന്റെ രക്ഷയ്ക്ക് അനിവാര്യമായിരുന്നു. ഗുരുസന്നിധിയില്‍ ആദ്യം നീന്തിയെത്തിയ പത്രോസിന്റെ പ്രവര്‍ത്തി അനുതാപത്തിന്റെ പ്രകാശനമായിരുന്നു. അപ്പ. പ്രവ. 3:19-20 “നിങ്ങളുടെ പാപങ്ങള്‍ മായിച്ചുകളയാന്‍ പശ്ചാത്തപിച്ച് ദൈവത്തിലേയ്ക്ക് തിരിയുവിന്‍. നിങ്ങള്‍ക്ക് കര്‍ത്താവിന്റെ സന്നിധിയില്‍ സമാശ്വാസത്തിന്റെ കാലം വന്നെത്തുകയും നിങ്ങള്‍ക്കുവേണ്ടി ക്രിസ്തുവായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന യേശുവിനെ ദൈവം അയയ്ക്കുകയും ചെയ്യും.” മൂന്നു പ്രാവശ്യം നിഷേധിച്ചു പറഞ്ഞതിനു പകരമായി മൂന്നുവട്ടം പത്രോസ് ഗുരുവിനോടുള്ള സ്‌നേഹം ഏറ്റുപറയുന്നു. ഏതൊരു പാപത്തിനും പരിഹാരം ക്രിസ്തുവിനോടുള്ള ആത്മബന്ധം മാത്രമാണെന്ന സത്യം ഇവിടെ വ്യക്തമാകുന്നു. കാരണം, എല്ലാ പാപത്തിനും പരിഹാരം ചെയ്തത് ക്രിസ്തുവാണ്. എരിഞ്ഞുകത്തുന്ന തീയുടെ ചുറ്റും ഇരുന്നപ്പോഴാണ് പത്രോസ് ഗുരുനിഷേധം നടത്തിയതെങ്കില്‍ ഏറ്റുപറച്ചിലിന്റെ വേദിയിലും എരിഞ്ഞുകത്തുന്ന കനലുകള്‍ സാക്ഷികളായിട്ടുണ്ടായിരുന്നു. പാപത്തെ അതിന്റെ എല്ലാ സാഹചര്യങ്ങളോടെയും പരിഹരിക്കുക; എന്നാല്‍, ക്രിസ്തു നമ്മുടെ ജീവിതത്തെ വീണ്ടെടുക്കും.

രണ്ടാമതായി, ഗുരുവചനം അനുസരിക്കുന്നതിലൂടെ വീണ്ടെടുപ്പ് സാധ്യമാകുന്നു. പത്രോസിന്റെ വീണ്ടെടുപ്പ് സാധ്യമാകുന്നത് അവന്‍ ഗുരുവചനം അനുസരിക്കാന്‍ തയ്യാറായപ്പോഴാണ്. വള്ളത്തിന്റെ വലതുവശത്ത് വലവീശാന്‍ ഈശോ നല്‍കുന്ന നിര്‍ദ്ദേശം പത്രോസ് അനുസരിക്കുന്നിടത്താണ് രക്ഷയുടെയും വീണ്ടെടുപ്പിന്റെയും തുടക്കം. ഈശോ നല്‍കിയ രക്ഷയുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനുള്ള സന്നദ്ധതയാണ് നമ്മുടെയും വീണ്ടെടുപ്പിന്റെ അടിസ്ഥാനം. മൂന്നാമതായി, വീണ്ടെടുപ്പ് ഐശ്വര്യത്തിലേയ്ക്കും സമൃദ്ധിയിലേയ്ക്കും വാതില്‍ തുറക്കുന്നു എന്ന സത്യം കൂടി ഈ വചനം വ്യക്തമാക്കുന്നു. ശൂന്യമായ കടലില്‍ വളരെ പെട്ടെന്നാണ് ചാകരയൊരുങ്ങുന്നത്. രക്ഷയുടെ ഭൗതികസമൃദ്ധിയുടെ മാനത്തെ ഇത് സൂചിപ്പിക്കുന്നു. ക്രിസ്തുവില്‍ നമ്മുടെ ജീവിതങ്ങളെ വീണ്ടെടുക്കുമ്പോള്‍ ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞുനില്‍ക്കുമെന്ന് വചനം നമ്മോട് പറഞ്ഞുവയ്ക്കുകയാണ്.

പ്രിയസഹോദരങ്ങളേ, തിബേരിയാസിന്റെ തീരത്ത് അപ്പവും മീനും പ്രാതലായി ഒരുക്കി നവജീവിതത്തില്‍ നിന്ന് പഴയ ജീവിതത്തിലേയ്ക്ക് തിരികെപ്പോയ ശിഷ്യരെ വീണ്ടെടുത്തതുപോലെ ഇന്ന് ഈ വിശുദ്ധ കുര്‍ബാനയില്‍ തന്റെ ശരീരവും രക്തവുമാകുന്ന അപ്പവും വീഞ്ഞും തയ്യാറാക്കി നമ്മെയും ഈശോ വീണ്ടെടുക്കുകയാണ്. വിശ്വാസവും പ്രതീക്ഷയും നഷ്ടപ്പെട്ട ഈശോയിലുള്ള നവജീവിതത്തിന്റെ സന്തോഷവും സ്‌നേഹവും അനുഭവിക്കാത്ത നമ്മുടെ ജീവിതങ്ങളെ ഈശോ വീണ്ടെടുക്കുകയാണ്. പ്രതീക്ഷ നഷ്ടപ്പെട്ട് നമ്മുടെ ജീവിതം പരാജയത്തിലേയ്ക്ക് കൂപ്പുകുത്തുമെന്നു ചിന്തിക്കുമ്പോള്‍ മരണത്തെപ്പോലും പരാജയപ്പെടുത്തി ഉത്ഥിതനായ ക്രിസ്തു പ്രതീക്ഷയുടെ പതാകയുമായി നമ്മുടെ ജീവിതങ്ങളിലേയ്ക്ക് കടന്നുവരുമെന്ന ഉറച്ച വിശ്വാസം നമ്മുടെ ജീവിതത്തിലുണ്ടായിരിക്കണം.

ഗുരുവചനം അനുസരിക്കുന്നതിലൂടെയും പശ്ചാത്തപിക്കുന്ന മനസ്സോടെയും വീണ്ടെടുപ്പ് ഐശ്വര്യത്തിലേയ്ക്കും സമൃദ്ധിയിലേയ്ക്കും നയിക്കുമെന്ന വിശ്വാസത്തോടെയും നമുക്ക് ക്രിസ്തുവിനോട് ചേര്‍ന്നുനില്‍ക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ബ്ര. റോഷിന്‍ പൊന്‍മണിശ്ശേരി MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.