
ഷൂസേ സരമാഗുവിന്റെ The Gospel According to Jesus Christ എന്ന നോവലില്‍, ജെറുസലേം ദൈവാലയത്തിലേയ്ക്ക് ബലിയര്‍പ്പിക്കാന്‍ പോകുന്ന ബാലനായ യേശുവിന്റെ കഥ വിവരിക്കുന്നുണ്ട്. യൗസേപ്പിതാവ് മരിച്ച കാലം വീട്ടിലാകെ ദാരിദ്ര്യമാണ്. എന്നിട്ടും, യേശുവിന് മോഹം, ജെറുസലേം ദൈവാലയത്തില്‍ പോയി ഒരു കുഞ്ഞാടിനെ ബലിയര്‍പ്പിക്കണം എന്ന്. വീട്ടിലുണ്ടായിരുന്നതെല്ലാം തൂത്തുപെറുക്കിയപ്പോള് കിട്ടിയ രണ്ട് നാണയത്തുട്ടുകള്‍ മറിയം യേശുവിന്റെ കയ്യില്‍ വച്ചുകൊടുത്തു. കച്ചവടക്കാരന്റെ നേരെ ആ രണ്ട് നാണയത്തുട്ടുകള്‍ നീട്ടിക്കൊണ്ട് ബാലനായ യേശു ഒരു കുഞ്ഞാടിനു വേണ്ടി യാചിച്ചു. രണ്ട് നാണയത്തുട്ടിന് ആടിനെപ്പോയിട്ട് ആടിന്റെ പൂട പോലും കിട്ടില്ലെന്ന് അറിയാമെങ്കിലും അവന്റെ കണ്ണുകളിലെ ലാവണ്യം കണ്ട ആ കച്ചവടക്കാരന് യേശുവിന് ഒരു കുഞ്ഞാടിനെ കൊടുത്തു. ജെറുസലേം ദൈവാലയത്തിലേയ്ക്ക് ബലിയര്‍പ്പിക്കാന്‍ നടന്നുനീങ്ങുന്ന തീര്‍ത്ഥാടകര്‍ക്കെതിരെ ഒരു വിജയശ്രീലാളിതനെപ്പോലെ കുഞ്ഞാടിനെ നെഞ്ചോടുചേര്‍ത്ത് ജെറുസലേം ദൈവാലയത്തില്‍ നിന്നും തിരിഞ്ഞുനടക്കുന്ന യേശു, ഒരു പ്രതിസംസ്കാരത്തിന്റെ വക്താവാണ്.
പാരമ്പര്യങ്ങളുടെ വള്ളിപുള്ളി തെറ്റാതെയുള്ള അനുഷ്ഠാനം ദൈവതിരുമുമ്പാകെ തങ്ങളെക്കുറിച്ച് നല്ല പ്രതിച്ഛായ തീര്‍ക്കുമെന്ന് വിശ്വസിച്ചവരാണ് യഹൂദര്‍. കൈത്താക്കാലം നാലാം ഞായറാഴ്ചയിലേയ്ക്ക് പ്രവേശിക്കുന്ന നമ്മുടെ വചനവിചിന്തനത്തിനായി സഭാമാതാവ് നല്‍കിയിരിക്കുന്ന സുവിശേഷഭാഗം മര്‍ക്കോ. 7:1-13 വരെയുള്ള വാക്യങ്ങളാണ്.
അനുഷ്ഠാനങ്ങള്‍ക്ക് അര്‍ത്ഥം ലഭിക്കുന്നത് ആത്മദാനത്തിന്റെയും ഹൃദയപരിശുദ്ധയുടേതുമായ അര്‍പ്പണത്തിലാണ് എന്ന് മറന്നുപോയ ഫരിസേയ മനോഭാവത്തെ ഏശയ്യാപ്രവാചകന്റെ പ്രബോധനത്തെ ഓര്‍മ്മിപ്പിച്ചു കൊണ്ട് ഈശോ കുറ്റപ്പെടുത്തുന്നു. ‘ഈ ജനം അധരം കൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാല്‍, അവരുടെ ഹൃദയം എന്നില്‍ നിന്ന് വളരെ അകലെയാണ്’ (മര്‍ക്കോ. 7:6). വ്യക്തിനിര്മ്മിതമായ അനുഷ്ഠാനങ്ങളില്‍ അടങ്ങിയിരിക്കുന്ന കാപട്യത്തിന്റെ പൊയ്മുഖം വലിച്ചുകീറുന്ന ഈശോയെയാണ് നാം സുവിശേഷത്തില്‍ ഇന്ന് കണ്ടുമുട്ടുന്നത്.
യഹൂദന്മാര്ക്ക് മതം സൂക്ഷ്മങ്ങളായ അനുഷ്ഠാനങ്ങളുടെ ആകെത്തുകയായിരുന്നു. 365 വിലക്കുകളും 248 കല്പനകളും കൂടി ആകെ 613 നിയമങ്ങളായിരുന്നു ഈ മതത്തിന്റെ കാതല്‍. ദൈവം മനുഷ്യന് നിയമം നല്‍കിയത് അവന്റെ രക്ഷയ്ക്കും സമാധാനപൂര്‍ണ്ണമായ ജീവിതത്തിനും വേണ്ടിയാണ്. എന്നാല്‍, മോശ വഴി ദൈവം നല്കിയ പത്ത് കല്പനകളെ അവര്‍ വളച്ചൊടിച്ചു. ദൈവസ്നേഹത്തിന്റെയും സഹോദരസ്നേഹത്തിന്റെയും അകപൊരുള്‍ അടങ്ങിയ നിയമത്തെ അവര്‍ വ്യാഖ്യാനിച്ച്, വിവരിച്ച്, വികൃതമാക്കി.
പലപ്പോഴും ഈ നിയമത്തെ വ്യാഖ്യാനിച്ചപ്പോള്‍ ദൈവകല്പനയ്ക്ക് എതിരായിപ്പോലും അത് വന്നുഭവിച്ചു. അതിനുള്ള നല്ല ഉദാഹരണമാണ് ഇന്നത്തെ നിയമത്തില്‍ നാം കണ്ടുമുട്ടുന്ന ‘കൊര്‍ബ്ബാന്‍’ എന്ന പദം. നേര്‍ന്നു കഴിഞ്ഞ വഴിപാട് അഥവാ കൊര്‍ബ്ബാന്‍ ഒരിക്കലും പിന്‍വലിക്കാന്‍ പാടില്ലാത്ത ഒരു നിയമമായിരുന്നു. തങ്ങളുടെ കൈവശമുള്ള വസ്തുവകകളെ ദൈവത്തിനുള്ള കൊര്‍ബ്ബാന്‍ അഥവാ നേര്‍ച്ചയായി പ്രഖ്യാപിക്കാനും സമര്‍പ്പിക്കാനും യഹൂദാപാരമ്പര്യം ഒരുവനെ അനുവദിച്ചിരുന്നു. എന്നാല്‍, അതിന്റെ മേല്‍ മറ്റാര്‍ക്കും അവകാശമില്ലായിരുന്നു. തങ്ങളുടെ വസ്തുക്കളിന്മേല്, മാതാപിതാക്കള്‍ക്കുള്ള അവകാശം പോലും ഇത്തരത്തിലുള്ള കൊര്‍ബ്ബാന്‍ പ്രഖ്യാപനത്തിലൂടെ സൂത്രത്തില്‍ ഒഴിവാക്കാന്‍ മക്കള്‍ക്ക് സാധിക്കുമായിരുന്നു. കൊര്‍ബ്ബാന്‍ പാരമ്പര്യം അങ്ങനെ ദൈവകല്പനകളെ നഗ്നമായി ലംഘിക്കുന്നതിനുള്ള മറയായി മാറി.
ഇവിടെയാണ് ക്രിസ്തുവിന്റെ ചോദ്യം കാലികപ്രസക്തമാകുന്നത്. ഇതിനര്‍ത്ഥം പാരമ്പര്യം വേണ്ടാ എന്നല്ല. മറിച്ച്, മനുഷ്യനിര്‍മ്മിതമായ പാരമ്പര്യത്തിനു വേണ്ടി ദൈവിക കല്പനകളെ വ്യര്‍ത്ഥമാക്കരുത് എന്നാണ്. പ്രൊട്ടസ്റ്റന്റ് സഭകളും വിവിധ സെക്റ്റുകളും പാരമ്പര്യങ്ങള്‍ മനുഷ്യനിര്‍മ്മിതമാണെന്നും ദൈവിക കല്പനകള് മാത്രം മുറുകെ പിടിച്ചാല്‍ മതിയെന്നും പഠിപ്പിക്കുന്നുണ്ട്. ഇതിനെതിരെ പൗലോസ് ശ്ലീഹാ തന്റെ ലേഖനത്തിലൂടെ മറുപടി പറയുന്നുണ്ട്. 2 തെസ. 2:15-ല്‍ ഇപ്രകാരം നാം വായിക്കുന്നു. ‘സഹോദരരെ, നിങ്ങള്‍ വചനം മുഖേനയോ കത്ത് മുഖേനയോ നിങ്ങളെ പഠിപ്പിച്ചിട്ടുള്ള പാരമ്പര്യങ്ങളെ മുറുകെപ്പിടിക്കുകയും അവയില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുവിന്‍.’ എന്നാല്‍, ഇന്ന് പാരമ്പര്യങ്ങളിലൂന്നിയ അനുഷ്ഠാനങ്ങള്‍ വെറും അധരവ്യായാമവും പ്രഹസനവുമായി മാറുന്നു. നാം ചിന്തിക്കേണ്ടത്, അനുഷ്ഠാനങ്ങള്‍ നമ്മെ എന്തുമാത്രം ദൈവത്തോട് അടുപ്പിക്കുന്നുണ്ട്? നമ്മുടെ വിശ്വാസത്തിന്റെ ഭാഗമായി നിരവധി പാരമ്പര്യങ്ങളും അനുഷ്ഠാനങ്ങളും നമുക്കുണ്ട്. എന്നാല്‍, പാരമ്പര്യങ്ങളിലും അനുഷ്ഠാനങ്ങളിലും മാത്രം ഒതുങ്ങി നില്ക്കേണ്ടതാണോ ക്രിസ്തീയ മൂല്യങ്ങള്‍.
വിക്ടര്‍ ഹ്യൂഗോയുടെ ‘പാവങ്ങള്‍’ എന്ന കൃതിയില്‍, മോഷ്ടിക്കപ്പെട്ട വെള്ളിത്തിരിക്കാലുകള്‍ സ്വമനസ്സാ നല്കിയതാണെന്നു പറഞ്ഞ് കള്ളനെ രക്ഷിക്കുന്ന ബിഷപ്പിന്റെ കാരുണ്യം നമ്മുടെ കണ്ണ് നനയിപ്പിക്കും. വിശപ്പ് സഹിക്കാനാവാതെ കടക്കാരന്റെ കണ്ണുവെട്ടിച്ച് പലഹാരം മോഷ്ടിച്ച നാടോടി ബാലന്റെ മേല്‍ ചൂടുവെള്ളം ഒഴിക്കുന്ന കടക്കാരന്റെ ക്രൂരതയും നമ്മെ വേദനിപ്പിക്കും.
ഏശയ്യാ പ്രവാചകന്, ഏതൊക്കെയാണ് ദൈവത്തിന് പ്രീതികരമായ ബലികള്‍ എന്ന് പറയുന്നുണ്ട്. അനാഥനെ സംരക്ഷിക്കുന്നതും, വിശക്കുന്നവന് ഭക്ഷണം കൊടുക്കുന്നതും, വിധവയെ രക്ഷിക്കുന്നതുമാണ് ദൈവസന്നിധിയില്‍ പ്രീതികരമായത്. അനുഷ്ഠാനപ്രദമായ ആരാധനകള്‍ക്ക് ദൈവസന്നിധിയില്‍ അര്‍ത്ഥവും വ്യാപ്തിയും നല്‍കുന്നത് കാരുണ്യത്തിന്റെ ജീവല്പ്രവൃത്തികളാണ്. രണ്ട് വീക്ഷണങ്ങള്‍ തമ്മിലുള്ള സംഘട്ടനമാണ് ഇന്നത്തെ സുവിശേഷം നമ്മുടെ മുമ്പില്‍ വയ്ക്കുന്നത്. ഒന്നുകില്‍ പാരമ്പര്യത്തിലൂടെ ദൈവത്തെ പ്രീതിപ്പെടുത്തുവാന്‍ ശ്രമിക്കുക. അല്ലെങ്കില്‍ യേശുവിന്റെ വീക്ഷണങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ ശ്രമിക്കുക. പ്രാര്‍ത്ഥനയും പ്രവൃത്തിയും വിപരീതമാകുന്ന ജീവിതശൈലിക്ക് ദൈവസന്നിധിയില്‍ ഒന്നും നമുക്ക് നേടിത്തരാനാവില്ല.
അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചപ്പോള്‍ അബ്ദുള്‍ കലാം ഇപ്രകാരം പറഞ്ഞു: ‘ഹൃദയത്തിന്റെ വിശുദ്ധിയാണ് ലോകത്തിന്റെ സമാധാനം”എന്ന്. യഥാര്‍ത്ഥ വിശുദ്ധി എന്നത് ഹൃദയത്തിന്റെ വിശുദ്ധിയാണ്. നമ്മുടെ ഭക്താനുഷ്ഠാനങ്ങള്‍ വെറും കടമനിര്വ്വഹണമായി കണ്ടാല്‍ അത് ഫരിസേയരുടേതു പോലെ കപടഭക്തിയും ആത്മാവില്ലാത്ത ആരാധനയുമായി തരം താഴ്ത്തും. നിയമങ്ങളുടെ എല്ലാം ലക്ഷ്യം മനുഷ്യന്റെ പുരോഗതിയും നന്മയുമാണ്. അതിപ്പോള്‍ കുടുംബജീവിതത്തിലായാലും സമൂഹജീവിതത്തിലായാലും മറ്റുള്ളവരുടെ മേല്‍ കുതിര കയറാനുള്ളതല്ല നിയമങ്ങള്‍. മനുഷ്യനെ പരിഗണിക്കാത്ത ഒരു അനുഷ്ഠാനവും ദൈവസന്നിധിയില്‍ വിലപ്പോകുന്നില്ല. അധരം കൊണ്ട് ദൈവത്തെ സ്നേഹിച്ച് ഹൃദയത്തില്‍ നിന്ന് അവനെ മാറ്റിനിര്‍ത്തുന്ന ജീവിതശൈലിയല്ല നമുക്കാവശ്യം.
ലീമായിലെ വി. റോസ് ഈവിധം ചോദിക്കുന്നു: ‘ഈശോയുടെ സ്നേഹത്തില്‍ എരിഞ്ഞടങ്ങുന്നില്ലെങ്കില് ഒരു ഹൃദയമുള്ളതു കൊണ്ട് എന്തു ഗുണമാണുള്ളത്.’ ആയതിനാല്‍ സഹോദരങ്ങളെ, നമുക്ക് ലഭിച്ചിരിക്കുന്ന അനുഷ്ഠാനങ്ങളെ ദൈവാനുഭവത്തിന്റെ മാധ്യമങ്ങളാക്കാം. അപ്പോള്‍ അധരത്തിലായിരിക്കില്ല ദൈവം വസിക്കുക; ഹൃദയത്തിലായിരിക്കും.
ഒരോ വിശുദ്ധ ബലിയിലും നാം പ്രാര്‍ത്ഥിക്കുന്നു: ‘കഴുകി ശുദ്ധമാക്കപ്പെട്ട ഹൃദയത്തോടും വെടിപ്പാക്കപ്പെട്ട മനഃസാക്ഷിയോടും കൂടെ അതിവിശുദ്ധ സ്ഥലത്ത് പ്രവേശിച്ച് ഭക്തിയോടും ശ്രദ്ധയോടും കൂടെ അങ്ങയുടെ ബലിപീഠത്തിനു മുമ്പാകെ നില്ക്കുവാന് ഞങ്ങളെ അനുഗ്രഹിക്കണമേ’ എന്ന്. ഹൃദയം വിശുദ്ധമാക്കണം. മനഃസാക്ഷി വെടിപ്പാക്കണം. ഇതാണ് ഈശോ നമ്മില്‍ നിന്ന് ആഗ്രഹിക്കുന്ന യഥാര്‍ത്ഥ ബലിയും അനുഷ്ഠാനവും. അങ്ങനെ നാം സകല വിശുദ്ധരോടുമൊത്തുള്ള കൂട്ടായ്മയിലേയ്ക്ക് വളരും. ആന്തരീക വിശുദ്ധിയുടെ നല്ല ഫലങ്ങള്‍ പുറപ്പെടുവിക്കുവാന്‍ ഈ കൈത്താക്കാലത്ത് പ്രത്യേകം നമുക്ക് സാധിക്കട്ടെയെന്ന് ഈ വിശുദ്ധ ബലിയില്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കാം. ആമേന്‍.
ബ്ര. വിനു കെ. ജെയിംസ് കാക്കക്കൂടുങ്കല്‍ MCBS