ബിസിനസുകാരിയിൽ നിന്നും മിണ്ടാമഠത്തിലേക്ക്: ‘ലോകത്തിന്റെ വിജയത്തെ’ നിസാരമാക്കി ദൈവത്തിന് വേണ്ടി ഇറങ്ങി തിരിച്ച ഒരു ജീവിതം  

സ്പെയിനിലെ വലൻസിയ സ്വദേശിനിയായ ഒരു സ്പാനിഷ് യുവതിയാണ് മോണ്ട്സെറാത്ത് മദീന. തന്റെ 34 -ാം വയസിൽ ബിസിനസിന്റെ ഉന്നത തലങ്ങളിലേക്ക് അവൾ എത്തിയിരുന്നു. ഡെലോയിറ്റ് എക്സിക്യൂട്ടീവ് എന്ന നിലയിലും സിലിക്കൺ വാലിയിലെ വിജയകരമായ സ്റ്റാർട്ടപ്പിന്റെ സ്ഥാപക എന്ന നിലയിലും ഔദ്യോഗിക ജീവിതത്തിന്റെ ഉന്നതിയിൽ നിൽക്കുമ്പോൾ തന്നെ എല്ലാം വിട്ടെറിഞ്ഞു സമർപ്പിത ജീവിതത്തിലേക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ് ഈ യുവതി. അതും മിണ്ടാമഠത്തിലേക്ക്…

ഔദ്യോഗിക ജീവിതത്തിലും വിദ്യാഭ്യാസത്തിലും മുൻപന്തിയിൽ തന്നെയായിരുന്നു മോണ്ട്സെ. രണ്ട് ബിരുദാനന്തര ബിരുദങ്ങൾ നേടിയ അവൾക്ക് സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്നും മാത്തമാറ്റിക്കൽ, കമ്പ്യൂട്ടേഷണൽ എഞ്ചിനീയറിംഗിൽ ഡോക്ടറേറ്റും ലഭിച്ചു. കൂടാതെ, സിലിക്കൺ വാലിയിൽ ‘ജെറ്റ്‌ലോർ’ എന്ന പേരിൽ ഒരു വിജയകരമായ ഡിജിറ്റൽ മാർക്കറ്റിംഗ് സ്റ്റാർട്ടപ്പ് സ്ഥാപിച്ചു. അവിടെയും തീർന്നില്ല, ഡെലോയിറ്റിലെ അഡ്വാൻസ്ഡ് അനലിറ്റിക്സ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഏരിയയുടെ പങ്കാളിയും ഡയറക്ടറുമായിരുന്നു ഇവൾ.

ഈ പ്രായത്തിൽ പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ തന്നെ അവളുടെ തീരുമാനം ഒരു സമർപ്പിതയാവുക എന്നത് ആയിരുന്നു. അഗസ്റ്റീനിയൻ സന്യാസ സഭയിലെ മിണ്ടാമഠത്തിലേക്കാണ് അതവളെ കൊണ്ടുവന്നെത്തിച്ചത്.  അവളുടെ പരിശീലനത്തിലേക്ക് പ്രവേശിക്കാൻ ഇനി ഏതാനും മാസങ്ങൾ മാത്രം. പ്രാർത്ഥനയിലും ചെറിയ ജോലികളിലും ജീവിക്കുന്ന മിതമായ ജീവിത ശൈലി കാത്ത് സൂക്ഷിക്കുന്ന സന്യാസിനിമാർ ആണിവർ. ഭക്ഷണ സാധനങ്ങൾ തയ്യാറാക്കി ഒരു ബേക്കറിയിൽ കൊണ്ടുപോയി വിറ്റാണ് ഇവർ ഉപജീവനം നടത്തുന്നത്. അത്ര ലളിതമായ ജീവിതക്രമമാണ് ഈ സന്യാസിനിമാർ പുലർത്തുന്നത്.

“ഒരു വർഷമായി, മോണ്ട്സെ ഈ കോൺവെന്റ് സന്ദർശിക്കുകയും ആത്മീയ ഉപദേശങ്ങൾ സ്വീകരിക്കുകയും ചെയ്ത് പോന്നിരുന്നു. പത്ത് ദിവസത്തോളം ഇവരോടൊപ്പം താമസിക്കുകയും ചെയ്തു. അതിന് ശേഷമാണ് ഈ തീരുമാനത്തിലേക്ക് അവർ പ്രവേശിച്ചത്” – സിസ്റ്റർ അസുൻസിയോൺ എൽ എസ്പാനോൾ പറയുന്നു.

ഡെലോയിറ്റിൽ നിന്ന് രാജി വെച്ച വാർത്ത എല്ലാവരും വളരെ അത്ഭുതത്തോടെയാണ് കേട്ടത്. ക്രിസ്തുമസിന് മുൻപായിട്ടായിരുന്നു ആ തീരുമാനം പരസ്യമാക്കിയത്. വിമൻ ഇൻ ബിസിനസിനായുള്ള സ്റ്റീവി അവാർഡും ഇവളെ ലോക പ്രശസ്തയാക്കിയിരുന്നു. ലോകത്ത് വിപ്ലവം സൃഷ്ടിച്ച 35 വയസ്സിന് താഴെയുള്ള 21 സ്പാനിഷ് യുവജനങ്ങളിലും ഈ യുവതിയുടെ പേര് ഉണ്ടായിരുന്നു. എന്നാൽ, എല്ലാ വിജയങ്ങളും ലോകം തരുന്ന സന്തോഷങ്ങളും മൂടിയപ്പോഴും അവർക്ക് ജീവിതത്തിൽ വല്ലാത്ത ശൂന്യതയാണ് അനുഭവപ്പെട്ടത്. എന്നാൽ, ഒരു സന്യാസിനിയാകൻ തീരുമാനിച്ച ആ നിമിഷം മുതൽ ഞാൻ സമാധാനം അനുഭവിക്കുന്നു എന്നാണ് രാജിക്ക് ശേഷമുള്ള മറുപടി പ്രസംഗത്തിൽ മോണ്ട്സെ പറഞ്ഞത്.

ഇന്ന് മോണ്ട്സെ വലൻസിയയിലെ തന്റെ കുടുംബത്തോടൊപ്പമുണ്ട്. കോൺവെന്റിലേക്ക് വരുന്നതിനുമുമ്പ് അവരോടൊപ്പം സമയം ചെലവഴിക്കുകയാണ് ലക്ഷ്യം. ഈ സന്യാസിനിമാരെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം അത്ര പുതുമ നിറഞ്ഞതല്ല. കാരണം, ഇങ്ങനെ പ്രഫഷണൽ ജോലി ചെയ്തിരുന്ന നിരവധി സന്യാസിനിമാർ ഇവരോടൊപ്പമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.