ഇടറുന്ന പാദങ്ങൾ

ഫാ. ജെൻസൺ ലാ സാലെറ്റ്
ഫാ. ജെൻസൺ ലാ സാലെറ്റ്

ഡി അഡിക്ഷൻ സെൻ്ററിലുള്ള 28 വയസുകാരനെ പരിചയപ്പെട്ടത് ഓർക്കുന്നു. ലിവർ സിറോസിസ് ബാധിച്ച്, മദ്യത്തിനും കഞ്ചാവിനും അടിമയായ വ്യക്തി. അവന്‍ എങ്ങനെ ഇങ്ങനെയായി എന്ന ചോദ്യത്തിന് മറുപടി നൽകിയത്  സ്ഥാപനത്തിലെ ഡോക്ടറാണ്.

“അച്ചനറിയുമോ അവൻ ആദ്യമായി മദ്യം രുചിക്കുന്നത് എവിടെ വച്ചാണെന്ന്? സ്വന്തം വീട്ടിൽ വച്ച്. അത്യാവശ്യം സാമ്പത്തികമുള്ള കുടുംബത്തിലെ ഏക മകനാണവൻ. കുഞ്ഞുനാളിൽ, തിരുനാൾ ദിവസങ്ങളിൽ വീട്ടിൽ വരുന്നവർക്ക് മദ്യം വിളമ്പുക പതിവായിരുന്നു. എല്ലാവരും മദ്യലഹരിയിലാകുമ്പോൾ ഈ കൊച്ചിന്റെ അപ്പൻ ചെയ്തിരുന്നത് എന്താണെന്നോ? 5 വയസുള്ള മകനും കുറച്ച് മദ്യം നൽകും. അവൻ അത് കഴിച്ചതിനുശേഷം മുറിയുടെ ‘ഒരു മൂലയിൽ നിന്നും മറ്റേ അറ്റത്തേയ്ക്ക് ആടിയാടി നടക്കുന്നതു കണ്ട് അവർ കൈകൊട്ടി ചിരിക്കും.”

അന്നത്തെ തമാശ പിന്നീട് കാര്യമായി. +2 വിന് പഠിക്കുമ്പോൾ മുതൽ അവൻ മദ്യത്തിനും കഞ്ചാവിനും അഡിക്റ്റ് ആയി. ഇതിനിടയിൽ അപ്പനും അവനും തമ്മിൽ വഴക്കായി. ഒരു ദിവസം അപ്പന്റെ മുഖത്തു നോക്കി അവൻ പറഞ്ഞു: ‘നിങ്ങളാണ് എന്റെ ജീവിതം തകർത്തത്.’

വീട്ടിൽ നിന്ന് പണം കിട്ടാതായപ്പോൾ അവൻ മോഷണം തുടങ്ങി. പതിയെപ്പതിയെ ഒരു ക്വട്ടേഷൻ സംഘത്തിൽ ചേരുകയും ചെയ്തു. ഇവിടെ വന്നതിൽ പിന്നെ അവൻ ശാന്തനാണ്. കുഞ്ഞിലെ ലഭിച്ച ദുഷ്പ്രേരണ തകർത്തെറിഞ്ഞത് അവന്റെ സ്വപ്നങ്ങളാണ്‌.”

വേദനയോടെയാണ് ഡോക്ടറുടെ വാക്കുകൾ ഞാൻ ശ്രവിച്ചത്. ഓരോരുത്തരും സ്വയം ധ്യാനിക്കേണ്ട ഒരു കാര്യം പറയട്ടെ? ഒരിക്കലും ചെയ്യില്ല എന്ന് തീരുമാനിച്ച ചില തെറ്റുകളിലേയ്ക്ക് ആരാണ് നമ്മെ വലിച്ചിഴച്ചത്? അരുത്… വേണ്ട… അത് തെറ്റാണ്… എന്നെല്ലാം മനഃസാക്ഷി ആവർത്തിച്ചു പറഞ്ഞിട്ടും ആരോ ഒരാൾ നമ്മോട് പറഞ്ഞുകൊണ്ടിരുന്നു… ‘അത് സാരമില്ലെന്ന്.’

ആ പ്രലോഭനത്തിൽ നമ്മൾ വീണുപോയി. അങ്ങനെയെങ്കിൽ ഒന്നുറപ്പാണ്, എവിടെയൊക്കെ മനുഷ്യൻ വഴിതെറ്റുന്നുണ്ടോ അവിടെയൊക്കെ ദുഷ്പ്രേരണയ്ക്ക് കാരണമാവുന്ന പിതാവോ, ബന്ധുവോ, കൂടപ്പിറപ്പോ, സുഹൃത്തോ അങ്ങനെ ആരെങ്കിലും പതിയിരിപ്പുണ്ടാവും.

നമുക്ക് ധ്യാനിക്കാം, ഞാൻ മുഖേന ആരെങ്കിലും തെറ്റിന്റെ വഴിയേ സഞ്ചാരം തുടങ്ങിയിട്ടുണ്ടോ? ഏതെങ്കിലും തിന്മയ്ക്ക് അടിമപ്പെട്ടിട്ടുണ്ടോ? തെറ്റ് തെറ്റല്ലാ എന്നുപറഞ്ഞ് തിന്മയിലേയ്ക്ക് കൂപ്പുകുത്തിയിട്ടുണ്ടോ? അങ്ങനെയെങ്കിൽ ആരായിരിക്കും ശിക്ഷിക്കപ്പെടുക? തെറ്റ് ചെയ്തവനോ അതോ പ്രേരണ നൽകിയവനോ? “വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുവന്‌ ഇടര്‍ച്ച വരുത്തുന്നവന്‍ ആരായാലും അവനു കൂടുതല്‍ നല്ലത്‌, ഒരു വലിയ തിരികല്ല് കഴുത്തില്‍ കെട്ടി കടലില്‍ എറിയപ്പെടുന്നതാണ്‌” (മര്‍ക്കോ. 9:42).

ഇടറിയ പാദങ്ങളുമായി നീങ്ങുമ്പോഴും നമ്മൾ വഴി ആരുടെയും പാദങ്ങൾ ഇടറാതിരിക്കാൻ ശ്രമിക്കാം.

ഫാ. ജെൻസൺ ലാ സാലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.