
1984 ഒക്ടോബര്‍ 31-ാം തീയതി ലോകമനഃസാക്ഷിയെ ഞെട്ടിച്ച ഒരു സംഭവം നടന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാഗാന്ധി വെടിയേറ്റു മരിച്ചു. “എന്റെ ഓരോ തുള്ളി ചോരയും എന്റെ നാടിനു വേണ്ടി ചിന്തുവാന്‍ ഞാന്‍ സന്നദ്ധയാണ്” എന്നു പ്രസംഗിച്ച് രണ്ടു ദിവസം കഴിയുംമുമ്പേ അവര്‍ മരണത്തിനു കീഴടങ്ങി. ഭാരതത്തിന്റെ സുസ്ഥിതിക്കു വേണ്ടി നിര്‍ഭയം, നിരന്തരം നിലകൊണ്ട ആ ഭരണാധികാരിയുടെ പേര് ഭാരതീയര്‍ക്ക് മറക്കാനാവാത്ത ഒരു സംഭവമാണ്.
എന്നാല്‍ ഇതിലേറെ മഹനീയവും ആദരണീയവുമായ ഒരു ജീവിതബലിയുടെ സ്മരണയാണ് ഇന്ന് നമ്മള് ആചരിക്കുന്നത്. രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് കരയും കടലും കടന്ന് ഈ കേരളക്കരയില്‍ വന്നെത്തുകയും നമ്മുടെ പൂര്‍വ്വപിതാക്കന്മാര്‍ക്ക് ക്രൈസ്തവ വിശ്വാസം നല്‍കിക്കൊണ്ട് അവരെ നിത്യജീവനിലേക്ക് ജനിപ്പിക്കുകയും ചെയ്ത മാര്‍ തോമാശ്ലീഹായുടെ ദുക്റാന (ഓര്‍മ്മ) തിരുനാളിന്റെ മംഗളങ്ങള്‍ സ്നേഹപൂര്‍വ്വം ഏവര്‍ക്കും നേര്‍ന്നുകൊള്ളുന്നു.
ഇതരസുവിശേഷങ്ങളില് ശിഷ്യന്മാരുടെ പട്ടികയിലെ കേവലമൊരു സാദാശിഷ്യനായ തോമാശ്ലീഹായെ കരുത്തുറ്റ കഥാപാത്രമായി മിഴിവോടെ അവതരിപ്പിക്കുന്നത് യോഹന്നാന്റെ സുവിശേഷം മാത്രമാണ്. ലാസറിന്റെ ഭവനത്തിലേക്കുള്ള ഈശോയുടെ യാത്രയില്‍ അനുയാത്ര ചെയ്യാന്‍ ഭയന്ന ശിഷ്യരെ ധൈര്യപ്പെടുത്തിക്കൊണ്ട് “നമുക്കും അവനോടൊപ്പം പോയി മരിക്കാം” എന്നു പറഞ്ഞും (യോഹ. 11:16) വിടവാങ്ങല്‍ പ്രബോധനത്തില്‍ നിര്‍ണ്ണായക ഇടപെടല്‍ നടത്തിക്കൊണ്ട് “കര്‍ത്താവേ, നീ എവിടേക്ക് പോകുന്നുവെന്ന് ഞങ്ങള്‍ക്ക് അറിഞ്ഞുകൂടാ. പിന്നെ വഴി ഞങ്ങള്‍ എങ്ങനെ അറിയും” (യോഹ. 14:5-6) എന്ന ചോദ്യം ഉന്നയിച്ചും ഉത്ഥിതനെ വ്യക്തിപരമായി ദര്‍ശിച്ച് “എന്റെ കര്‍ത്താവേ, എന്റെ ദൈവമേ” എന്നുപറഞ്ഞ് വിശ്വാസം പ്രഘോഷിച്ചും തിബേരിയാസിന്റെ തീരത്തെ ക്രിസ്തുദര്‍ശനത്തിന് സാക്ഷിയായും (യോഹ. 21:2) തോമാശ്ലീഹാ നാലാം സുവിശേഷത്തില്‍ സവിശേഷമായ ഒരു സ്ഥാനം അലങ്കരിക്കുന്നുണ്ട്.
ഈ ദുക്റാന തിരുനാളില്‍ തിരുസഭാ മാതാവ് നമ്മുടെ വിചിന്തനത്തിനായി തരുന്നത് ഉത്ഥിതന്റെ ദര്‍ശനത്തിലൂടെ ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ നങ്കൂരമുറപ്പിക്കുന്ന തോമാശ്ലീഹായുടെ മാതൃകയാണ്. ഉല്പത്തി പുസ്തകം 2:15-ല്‍ നാം ഇപ്രകാരം വായിക്കുന്നു: “ഏദന്‍ തോട്ടം കൃഷി ചെയ്യാനും സംരക്ഷിക്കാനും ദൈവമായ കര്‍ത്താവ് മനുഷ്യനെ അവിടെയാക്കി.” ഇപ്രകാരം ഭാരതം എന്ന ഏദന്‍ തോട്ടത്തില്‍ ക്രൈസ്തവ വിശ്വാസം നട്ടുവളര്‍ത്തി സംരക്ഷിക്കാന്‍ ദൈവം നിയോഗിച്ചത് തോമാശ്ലീഹായെ ആയിരുന്നു. അങ്ങനെ ക്രിസ്തുവിലുള്ള വിശ്വാസം പ്രചരിപ്പിച്ച്, ഏഴരപ്പള്ളികള്‍ സ്ഥാപിച്ച് നാനാജാതി മതസ്ഥരെ തന്റെ വാക്കിലൂടെയും അതിലുപരി ക്രിസ്തുസാക്ഷ്യ ജീവിതത്തിലൂടെയും ദൈവത്തിങ്കലേക്ക് ആനയിച്ച് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ജ്ഞാനസ്നാനം നല്കി, ഒടുവില്‍ എ.ഡി. 72-ല്‍ മൈലാപ്പൂരിലെ ചിന്നമലയില്‍ കുന്തത്താല്‍ കുത്തപ്പെട്ട് രക്തസാക്ഷിത്വം വരിക്കാന്‍ അദ്ദേഹത്തിനു സാധിച്ചത് ക്രിസ്തുവിലുള്ള അദ്ദേഹത്തിന്റെ ആഴമായ വിശ്വാസത്തിന്റെ പ്രത്യേകത ഒന്നുകൊണ്ടു മാത്രമാണ്.
തോമാശ്ലീഹായുടെ വിശ്വാസത്തിന്റെ രണ്ട് പ്രത്യേകതകളെപ്പറ്റി ഇന്നത്തെ വചനം നമുക്ക് പറഞ്ഞുതരുന്നുണ്ട്. ഒന്നാമതായി, ദൈവത്തെ കാണാനുള്ള തീവ്രമായ ആഗ്രഹം തോമാശ്ലീഹായുടെ വിശ്വാസത്തിന്റെ പ്രത്യേകതയായിരുന്നു. മറ്റു ശിഷ്യന്മാര്, തങ്ങള്‍ ക്രിസ്തുവിനെ കണ്ടു എന്ന് പറയുമ്പോഴും താന്‍ വ്യക്തിപരമായി അവനെ കണ്ടാലേ വിശ്വസിക്കൂ എന്നുപറഞ്ഞ് ക്രിസ്തുവിനെ കാണാനുള്ള തന്റെ തീവ്രമായ ആഗ്രഹം തോമാശ്ലീഹാ പ്രകടിപ്പിക്കുകയാണ്.
നമ്മുടെ വിശ്വാസജീവിതത്തിലും നമ്മള് കാത്തുസൂക്ഷിക്കേണ്ട വലിയൊരു പുണ്യമാണിത് – ക്രിസ്തുവിനെ അനുഭവിച്ചറിയാനുള്ള തീവ്രമായ ആഗ്രഹം. ഈയൊരു പുണ്യം നമ്മില്‍ ഇല്ലായെന്ന് പറയാന്‍ സാധിക്കില്ല. മറിച്ച് ക്രിസ്തുവിനെ അനുഭവിച്ചറിയാനുള്ള ആഗ്രഹം നമ്മള് നിരന്തരം കാത്തുസൂക്ഷിക്കുന്നില്ലായെന്നതാണ് സത്യം. പലപ്പോഴും ഈയൊരു ആഗ്രഹത്തിന്റെ ആയുസ്സ് ഒരു വാര്‍ഷികധ്യാനം കഴിഞ്ഞുള്ള ഏതാനും ദിവസങ്ങള്‍ വരെയോ, ഒരു നല്ല കുമ്പസാരം നടത്തി രണ്ടു-മൂന്ന് ദിവസങ്ങള്‍ വരെയോ, അതുമല്ലെങ്കില്‍ പത്തു മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു പ്രസംഗം കേള്‍ക്കുന്നതു വരെയേയുള്ളൂ. പക്ഷേ, നമ്മള് ഒരു കാര്യം ഓര്‍ക്കണം, ക്രിസ്തുവിനെ അനുഭവിച്ചറിയാന്‍ തീവ്രമായി ആഗ്രഹിച്ച് കാത്തിരുന്ന തോമസിനു വേണ്ടി മാത്രമായിട്ടാണ് എട്ട് ദിവസങ്ങള്‍ക്കിപ്പുറം ക്രിസ്തു വീണ്ടും പ്രത്യക്ഷനായത്.
പൊക്കം കുറവായതിനാല്‍ സിക്കമൂര്‍ മരത്തിന്മേല് വലിഞ്ഞുകയറി ക്രിസ്തുവിനെ കാണാന്‍ കാത്തിരുന്ന സക്കേവൂസിന്റെ വീട്ടിലേക്ക് ക്രിസ്തു അതിഥിയായി ചെന്ന് ആ ഭവനത്തിന് രക്ഷ നല്‍കിയതിനു പിന്നില്‍ ഒരൊറ്റ കാരണമേയുള്ളൂ. തന്നെ കാണാനുള്ള സക്കേവൂസിന്റെ തീവ്രമായ ആഗ്രഹത്തെ ക്രിസ്തു മാനിച്ചു. പ്രിയമുള്ളവരേ, നമ്മുടെ വിശ്വാസത്തിന്റെ പിതാവായ തോമാശ്ലീഹാ നമ്മെ പഠിപ്പക്കുന്ന പ്രഥമപാഠം ഇതു തന്നെയാണ്. വിശ്വാസം എന്നുപറഞ്ഞാല്‍ അത് ക്രിസ്തുവിനെ അനുഭവിച്ചറിയാനുള്ള തീവ്രമായ ആഗ്രഹമാണ്. സങ്കീര്‍ത്തകന്‍ പാടുന്നതുപോലെ, കാട്ടരുവി തേടിനടക്കുന്ന ദാഹിച്ചുവലഞ്ഞ മാന്‍പേടയെപ്പോലെ നാം കര്‍ത്താവിനു വേണ്ടി തീവ്രമായി ആഗ്രഹിക്കണം.
തോമാശ്ലീഹായുടെ വിശ്വാസത്തിന്റെ രണ്ടാമത്തെ പ്രത്യേകത, താന്‍ അനുഭവിച്ചറിഞ്ഞ ദൈവത്തെ തന്റെ ജീവിതത്തിലൂടെ പ്രഘോഷിക്കുവാനുള്ള ആര്‍ജ്ജവത്വമാണ്. ഭാരതത്തില്‍ സുവിശേഷപ്രഘോഷണത്തിനായി എത്തിയ തോമാശ്ലീഹായുടെ ജീവിതം കണ്ട് അദ്ദേഹം ഒരു പുണ്യപുരുഷനാണെന്ന് ജനത്തിന് ബോദ്ധ്യപ്പെട്ടു. അങ്ങനെയാണ് അനേകര്‍ ക്രിസ്തുവിശ്വാസത്തിലേക്ക് കടന്നുവന്നത്.
മാര്‍തോമാ മക്കള്‍ എന്ന് അഭിമാനം കൊള്ളുന്ന നമ്മള് നമ്മുടെ ജീവിതം വഴി എത്രപേരെ ക്രിസ്തുവിലേക്ക് അടുപ്പിക്കുന്നുണ്ടെന്ന് ആത്മപരിശോധന ചെയ്യാനുള്ള ഒരു ദിനമാണിന്ന്. തോമാശ്ലീഹായ്ക്ക് ‘ദിദിമോസ്’ എന്ന അപരനാമം ഉണ്ടായിരുന്നുവെന്ന് നമ്മള് വായിക്കുന്നുണ്ട്. ഇരട്ട പിറന്നവന് എന്നാണ് ഇതിനര്‍ത്ഥം. പക്ഷേ തോമാശ്ലീഹായുടെ ഇരട്ടസഹോദരനെ സുവിശേഷകര്‍ പരിചയപ്പെടുത്തുന്നില്ല. സഭാപിതാവായ എപ്പിഫാനസ് ഇതിനെ വിശദീകരിക്കുന്നത് ഇപ്രകാരമാണ്: “തോമാശ്ലീഹായെയും ഈശോമിശിഹായെയും കണ്ടാല്‍ മുഖച്ഛായയില്‍ ഒരുപോലെ ആയിരുന്നത്രേ. ഈ രൂപസാദൃശ്യം കൊണ്ടാണ് തോമസിന് ഇരട്ട പിറന്നവന് എന്ന പേര് കിട്ടിയത്.”
ഈ വ്യാഖ്യാനത്തിന്റെ സത്യാവസ്ഥയേക്കാള് ഇതിനു പിന്നിലെ വലിയൊരു ആത്മീയസത്യത്തെ നമ്മള് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. നമ്മുടെ മുഖത്തു നോക്കുന്നവര്‍ക്ക് ക്രിസ്തുവിന്റെ മുഖം കാണാന്‍ കഴിയണമെന്ന സത്യമാണ് തോമാശ്ലീഹായുടെ ദിദിമോസ് എന്ന നാമം വെളിപ്പെടുത്തുന്നത്. പൗലോസ് ശ്ലീഹാ എഫേസൂസിലെ സഭയ്ക്കെഴുതിയ ലേഖനം 2:20-ല്‍ പറയുന്നതുപോലെ, അപ്പസ്തോലന്മാരുടെയും പ്രവാചകന്മാരുടെയും അടിത്തറമേല്‍ പണിതുയര്‍ത്തപ്പെട്ട സഭാമക്കളായ നമ്മുടെ ഉത്തരവാദിത്വം ക്രിസ്തുവിനെ നമ്മുടെ വ്യക്തിപരമായ ജീവിതത്തില്‍ അനുഭവിച്ചറിഞ്ഞ് അവനെ ലോകത്തിന് വെളിപ്പെടുത്തിക്കൊടുക്കുക എന്നതാണെന്ന് തിരുസഭാമാതാവ് ഈ ദുക്റാന തിരുനാളില്‍ തിരുവചനത്തിലൂടെ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
ഇന്ന് ക്രിസ്തുവിനെ കാണാനും അനുഭവിക്കാനും നമുക്ക് സാധിക്കുന്നത് വിശുദ്ധ കുര്‍ബാന എന്ന കൂദാശയിലൂടെയാണല്ലോ. അതിനാല്‍ വിശുദ്ധ കുര്‍ബാന എന്ന ആ വലിയ മഹാരഹസ്യത്തെ കൂടുതല്‍ തീക്ഷ്ണതയോടും ഒരുക്കത്തോടും കൂടെ സമീപിക്കാന്‍ അങ്ങനെ തോമാശ്ലീഹായെപ്പോലെ നമ്മുടെ വ്യക്തിപരമായ ജീവിതത്തില്‍ ഒരു ക്രിസ്ത്വാനുഭവം സ്വന്തമാക്കി അവനു വേണ്ടി ജീവിക്കാന്‍ നമുക്ക് പരിശ്രമിക്കാം. ആമ്മേന്‍.
ഡീ. ജോസഫ് പറഞ്ഞാട്ട്