കാവൽ മാലാഖയോടുള്ള വിശുദ്ധ പാദ്രേ പിയോയുടെ അനുദിനജപം  

    ജീവിച്ചിരിക്കുമ്പോഴേ വിശുദ്ധൻ എന്ന് അറിയപ്പെട്ടിരുന്ന വ്യക്തിയാണ് പാദ്രേ പിയോ. അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ തന്നെ നിരവധി അത്ഭുതങ്ങൾ അദ്ദേഹത്തെ ചുറ്റിപ്പറ്റി നടന്നിരുന്നു. തന്റെ കാവൽ മാലാഖയോടും മറ്റ് മാലാഖമാരോടും പതിവായി സംസാരിക്കുന്ന ശീലം അദ്ദേഹത്തിനുണ്ടായിരുന്നതായി പലരും വെളിപ്പെടുത്തിയിട്ടുണ്ട്.

    ഒരു ദിവസം പാദ്രേ അലസ്സിയോ എന്ന സഹപുരോഹിതൻ പാദ്രേ പിയോയുമായി സംസാരിക്കാൻ വന്നു. അദ്ദേഹം മുറിയിൽ എത്തിയപ്പോൾ പാദ്രേ പിയോ ചോദിച്ചു: “അച്ചാ, ഞാൻ വളരെ തിരക്കിലാണെന്ന് അങ്ങേയ്ക്ക് കാണുവാൻ സാധിക്കുന്നില്ലയോ..?” ആ വൈദികൻ അത്ഭുതപ്പെട്ടു. കാരണം, പാദ്രേ പിയോ തന്റെ കസേരയിൽ വെറുതെ ഇരിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹം പറഞ്ഞു: “എന്റെ ആത്മീയകുഞ്ഞുങ്ങൾക്ക് സന്ദേശം നൽകുവാനായി ഈ കാവൽ മാലാഖമാർ മുന്നോട്ടും പിന്നോട്ടും പോകുന്നത് അങ്ങ് കാണുന്നില്ലയോ..?” അപ്പോൾ അദ്ദേഹത്തിന് മനസിലായി പാദ്രേ പിയോ കാവൽ മാലാഖമാരോട് സംസാരിച്ചു കൊണ്ടിരിക്കുകയാണെന്ന്.

    അനുദിനം തന്റെ കാവൽ മാലാഖയോട് പാദ്രേ പിയോ പ്രാർത്ഥിച്ചിരുന്നു. അതിനായി അദ്ദേഹം തയ്യാറാക്കിയ വ്യക്തിപരമായ പ്രാർത്ഥന ചുവടെ ചേർക്കുന്നു. പാദ്രേ പിയോയെപ്പോലെ നമുക്ക് കാവൽ മാലാഖയെ കാണാൻ സാധിക്കില്ലായെങ്കിലും നമ്മുടെ ആത്മാവിനെ ദിനംപ്രതി അപകടത്തിൽ നിന്ന് സംരക്ഷിക്കുന്ന മാലാഖയുമായി ഒരു ബന്ധം വളർത്തിയെടുക്കാൻ ഈ പ്രാർത്ഥനയിലൂടെ നമുക്കും പരിശ്രമിക്കാം.

    “ദൈവത്തിന്റെ മാലാഖായേ, എന്നെ സംരക്ഷിക്കുന്നതിനായി എന്റെ സ്വർഗ്ഗീയപിതാവ് ഭരമേല്പിച്ചിരിക്കുന്ന കാവൽ മാലാഖയേ, എന്നെ പൂർണ്ണമായും അങ്ങയുടെ കരങ്ങളിൽ ഞാൻ സമർപ്പിക്കുന്നു. ആത്മീയവും ഭൗതികവുമായ എല്ലാ അപകടങ്ങളിൽ നിന്നും എന്നെ എന്നും സംരക്ഷിക്കുകയും എന്റെ മനസിനെ പ്രകാശിപ്പിക്കുകയും ചെയ്യേണമേ. ആമ്മേൻ.”

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.