മരിച്ചവരെ സംസ്ക്കരിക്കുന്നതിനും പ്രാർത്ഥിക്കുന്നതിനുമായി സമർപ്പിച്ചിരിക്കുന്ന റോമിലെ ദൈവാലയം

റോമിലെ ഏറ്റവും പ്രധാനപ്പെട്ടതും നവോത്ഥാന കാലത്തെ തെരുവുകളിലൊന്നിൽ, ദരിദ്രരും അജ്ഞാതരായ മരിച്ചവർക്കും വേണ്ടി പ്രാർത്ഥിക്കാനുമായി സമർപ്പിച്ചിരിക്കുന്നതായ ഒരു ദൈവാലയമുണ്ട്. ‘സെന്റ് മേരി ഓഫ് പ്രയർ ആൻഡ് ഡെത്ത്’ എന്നാണ് ഈ ദൈവാലയത്തിന്റെ പേര്.

ഈ ദൈവാലയത്തിന്റെ മുൻഭാഗത്ത് നാണയങ്ങൾ കടക്കാവുന്നത്ര വലിപ്പമുള്ള, ദ്വാരങ്ങളുള്ള ശിലാഫലകങ്ങൾ കാണാം. അരിവാൾ പിടിച്ചിരിക്കുന്ന ചിറകുള്ള അസ്ഥികൂടങ്ങളുടെ ചിത്രങ്ങൾ കൊണ്ട് അവ അലങ്കരിച്ചിരിക്കുന്നു. ‘പാവപ്പെട്ടവർ മരിക്കുമ്പോൾ സ്വന്തം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഭിക്ഷ’ എന്ന് എഴുതിയിരിക്കുന്ന ഒരു സ്ഥലമുണ്ട് ഇവിടെ. ‘ശ്മശാനത്തിലെ ശാശ്വതവിളക്കുകൾക്കുള്ള ഭിക്ഷ’ എന്ന് മറ്റൊരിടത്ത് എഴുതിയിരിക്കുന്നു, മറ്റൊന്നിൽ ‘കുർബാനകൾക്കുള്ള ദാനം’ എന്നും കുറിച്ചിരിക്കുന്നു. ചിറകുള്ള ഒരു അസ്ഥികൂടം വഴിയാത്രക്കാരെ അവരുടെ മരണത്തെ ഓർമ്മിപ്പിക്കുന്നു. കാരണം അതിൽ ‘ഇന്ന് ഞാൻ, നാളെ നിങ്ങൾ’ എന്ന് ലാറ്റിൻ ഭാഷയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

8,000 -ത്തിലധികം ആളുകളെ ഇതിനോടകം ഇവിടെ അടക്കം ചെയ്തിട്ടുണ്ട്. ‘സെന്റ് മേരി ഓഫ് പ്രയർ ആൻഡ് ഡെത്ത്’ എന്ന ഈ ദൈവാലയത്തിന് 483 വർഷങ്ങളുടെ ചരിത്രമുണ്ട്. ദരിദ്രർ, തെരുവുകളിലും വയലുകളിലും ടൈബർ നദിയിൽ പോലും കണ്ടെത്തിയ അജ്ഞാത മൃതദേഹങ്ങൾ എന്നിവ ഈ ദൈവാലയത്തിൽ അടക്കം ചെയ്തിട്ടുണ്ട്. അവർക്കു വേണ്ടി പ്രത്യേകം പ്രാർത്ഥനകളും നടത്താറുണ്ട്. മരിച്ചുപോയവർക്കു വേണ്ടിയും പ്രാർത്ഥിക്കാൻ ആരുമില്ലാത്തവർക്കു വേണ്ടിയും പ്രാർത്ഥിക്കാൻ ഇന്നും ആളുകൾ ഈ ദൈവാലയത്തിൽ എത്താറുണ്ട്.

മൃതസംസ്ക്കാരത്തിന് പണമില്ലാത്തവർക്കും ആരോരുമില്ലാത്തവർക്കും ഈ ദൈവാലയത്തിൽ ഇടമുണ്ട്. ആരുമില്ലാത്തവരെ അടക്കം ചെയ്യാൻ ഈ ദൈവാലയത്തിലെ സെമിത്തേരി വർഷങ്ങളായി ഉപയോഗിച്ചുവരുന്നു. ആരുമില്ലാതെയും പ്രാർത്ഥനകൾ ലഭിക്കാതെയും ഒരു മൃതദേഹവും ഇവിടെ തെരുവിൽ വലിച്ചെറിയപ്പെടുകയില്ല. എല്ലാവർക്കും ഈ സെമിത്തേരിയിൽ ഇടമുണ്ട്.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.