ജോസഫ് ചിന്തകൾ 335: ജോസഫ് – നിസ്സാരതയിൽ വിശുദ്ധി കണ്ടെത്തിയവൻ

‘നിസ്സാരതയിലൂടെ വിശുദ്ധിയിലേക്ക്’ (To holiness through lowliness) ലോകത്തിലെ ഏറ്റവും വലിയ സന്യാസിനീ സമൂഹങ്ങളിലൊന്നായ ഫ്രാൻസിസ്കൻ ക്ലാര സഭയുടെ (FCC) ആദർശവാക്യമാണ്. ഫ്രാൻസിസ് അസ്സീസിയിലെ വി. ഫ്രാൻസിസിന്റെയും ക്ലാര പുണ്യവതിയുടെയും ആത്മീയപൈതൃകത്തിൽ സമർപ്പണജീവിതത്തിൽ മുന്നേറുന്ന ഈ സഭയുടെ ആദർശവാക്യത്തിലെ യൗസേപ്പ് ചൈതന്യമാണ് ഇന്നത്തെ ജോസഫ് ചിന്ത.

നിസ്സാരവും ചെറുതുമായ കാര്യങ്ങൾ വിശ്വസ്തതയോടെ ചെയ്താൽ വിശുദ്ധിയിലേക്കു വളരാം എന്നതിന്റെ ഉത്തമോദാഹരണമാണ് യൗസേപ്പിതാവ്. ഭാരിച്ച ഉത്തരവാദിത്വമായിരുന്നു ദൈവപിതാവ് അവനെ ഭരമേല്പിച്ചിരുന്നതെങ്കിലും അത് ഉൾക്കൊള്ളുന്ന ഏറ്റവും നിസ്സാരവും ചെറുതുമായ കാര്യങ്ങൾ വിശ്വസ്തതയോടെ യഥാസമയം നിർവ്വഹിക്കാൻ യൗസേപ്പിതാവ് സന്നദ്ധനായിരുന്നു. മാനുഷികദൃഷ്ടിയിൽ നിസ്സാരമെന്നു തോന്നിയ പല കാര്യങ്ങളോടും തിടുക്കത്തിൽ പ്രത്യുത്തരിച്ചപ്പോൾ സ്വർഗ്ഗം പോലും ആ വിശുദ്ധിക്ക് അംഗീകാരം നൽകി. നിസ്സാരതയിൽ ദൈവത്തെ കണ്ടെത്താൻ കഴിയുന്നതാണല്ലോ വിശുദ്ധിയുടെ ഉരകല്ല്.

ദൈവീകപദ്ധതയിൽ ചെറുതോ, വലുതോ എന്ന തരം തിരിവില്ല. ഏല്പിക്കപ്പെടുന്ന കാര്യങ്ങളോടുള്ള വിശ്വസ്തതക്കാണ് പ്രാധാന്യം. ക്ലാര സഭയുടെ പ്രിയപ്പെട്ട പുത്രിമാരായ വി. അൽഫോൻസാമ്മയും വാഴ്ത്തപ്പെട്ട റാണി മരിയയും നിസ്സാരതയിലൂടെ വിശുദ്ധിയിലേക്ക് ഉയർത്തപ്പെട്ടവരാണ്. നിസ്സാരതയിൽ വിശുദ്ധി കണ്ടെത്താൻ യൗസേപ്പിതാവ് നമ്മെ സഹായിക്കട്ടെ.

ഫാ. ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.