കര്‍ത്തവ്യബോധത്തിന്റെ കാവല്‍ക്കാരാവുക

അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ആയ ബരക്ക് ഒബാമ ട്വിറ്ററില്‍ തന്റെ പ്രൊഫൈല്‍ സ്റ്റാറ്റസ് എഴുതിയിരുന്നത്: പിതാവ്, ഭര്‍ത്താവ്, പ്രസിഡന്റ്, പൗരന്‍ എന്നാണ്. എന്തുകൊണ്ടാണ് യു.എസ് പ്രസിഡന്റ് എന്ന വാക്കിനു മുമ്പില്‍ പിതാവ് എന്ന വാക്ക് ആദ്യം വച്ചത് എന്നു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് അതാണ് തന്റെ പ്രഥമമായ ഉത്തരവാദിത്വം എന്നാണ്. പ്രഥമവും പ്രധാനവുമായ ഉത്തരവാദിത്വത്തെ വിസ്മരിക്കാതിരിക്കുക എന്നതാണ് യൗസേപ്പിതാവ് നമുക്ക് നല്‍കുന്ന പാഠവും. മക്കളുടെ പിതാവായിരിക്കുക എന്നതും തന്റെ ജീവിത പങ്കാളിയുടെ ഭര്‍ത്താവായിരിക്കുക എന്നതും ദൈവം നല്‍കിയ ഉത്തരവാദിത്വമാണ്. ബാക്കിയുള്ളവ സമൂഹം നമുക്ക് നല്‍കുന്ന പദവികളും അലങ്കാരങ്ങളും മാത്രമാണ്. നല്ല മകനും, നല്ല ഭര്‍ത്താവും നല്ല പിതാവും ആകുന്നതിന് മാര്‍ഗ്ഗങ്ങള്‍ മാത്രമാണ് മറ്റുള്ളവയെല്ലാം. ഇത്തരം ഉത്തരവാദിത്വങ്ങളെല്ലാം പൂര്‍ത്തീയാക്കണമെങ്കില്‍ നമുക്കാവശ്യം ദൈവവുമായുള്ള ബന്ധമാണ്. യൗസേപ്പിതാവ് വലിയ സമ്പാദ്യമായി കരുതിയതും നാം അവഗണിക്കുന്നതും ദൈവത്തെയാണ്.

പ്രതിസന്ധികളും ആകുലതകളുമുണ്ടാകുമ്പോള്‍ കുറ്റപ്പെടുത്തപ്പെടുകയും പരാതിമാത്രം കേള്‍ക്കാന്‍ വിധിക്കപ്പെടുകയും ചെയ്യുന്ന കുടുംബനാഥന്മാര്‍ ഇന്നത്തെ സമൂഹത്തില്‍ ഏറെയുണ്ട്. മനസ്സ് ആകുലമാകുമ്പോള്‍ ആരോടും പരാതി പറയാതെ ഉള്ളിലേക്ക് മാത്രം ഒതുങ്ങുകയോ മദ്യത്തിലോ മരണത്തിലോ അഭയം തേടാന്‍ ഒരുങ്ങുന്നവരും ഇന്ന് ഏറെയാണ്. യൗസേപ്പ് കടന്നുപോയ വഴികള്‍ ഒട്ടും നന്മയുള്ളതായിരുന്നില്ല, എന്നാല്‍ കടന്നു പോയ വഴികളെ യൗസേപ്പ് ജീവിതം കൊണ്ട് നന്മയുള്ളതാക്കി. ഭാര്യയെക്കുറിച്ചുള്ള അപകീര്‍ത്തി മൂലം നിരാശനായ ഭര്‍ത്താവായി ജീവിതം അവസാനിപ്പിക്കാന്‍ യാത്രയായ ജോസഫിനെ നാം കാണില്ല, കുഞ്ഞിനെ കിടത്താന്‍ ഒരു രാത്രിക്കു മാത്രം മേല്‍ക്കൂര കടം ചോദിച്ച് അലഞ്ഞ ജോസഫിനെ നാം അറിയും എന്നാല്‍ കടബാധ്യത മൂലം ആത്മഹത്യ ചെയ്ത ജോസഫിനെ നമുക്കറിയില്ല. തനിക്കൊരു കുഞ്ഞു ജനിച്ചപ്പോള്‍ അവനെ തണുപ്പില്‍ നിന്നു തടയാന്‍ മറിയം പുതപ്പിച്ചു നല്‍കിയ ഒരു ചെറിയ തുണിക്കഷണമല്ലാതെ മറ്റൊന്നും സമ്പാദ്യമായില്ലാതിരുന്ന ദരിദ്രനായ ജോസഫിനെ ബൈബിള്‍ നമുക്ക് കാണിച്ചു തരുന്നുണ്ട്. എന്നാല്‍ തകര്‍ന്നു പോയ സാമ്പത്തിക വ്യവസ്ഥയുടെ പേരില്‍ ഭരണാധികാരികളെയും അമിത ചിലവിന്റെ പേരില്‍ ഭാര്യയെയും ശകാരിക്കുന്ന ഒരു ജോസഫിനെ നമുക്കറിയില്ല. ഓരോ അനുഭവത്തോടും കൃത്യമായി പ്രതികരിക്കുക എന്നതാണ് പ്രാധാന്യം.

കിട്ടാതെ പോയ വറുത്ത മീന്‍ കഷണങ്ങളുടെ എണ്ണം പോലും പരാതി പോലെ സമൂഹമാധ്യമങ്ങളില്‍ പരാതിയായി നിറയുന്ന കാലമാണ്. ഇക്കാലത്ത് ഏറെ അധ്വാനിച്ചിട്ടും മക്കളെ വളര്‍ത്താന്‍ ജീവിതം മുഴുവന്‍ ബലി കഴിച്ചിട്ടും പരാതി മാത്രം കേള്‍ക്കേണ്ടി വരുന്ന നല്ല കുടുംബനാഥന്മാര്‍ ഉണ്ട്. ഒറ്റപ്പെടുത്തപ്പെട്ടവരും അവഗണിക്കപ്പെട്ടവരും ഇവരില്‍ ഏറെയുണ്ട്. അവരെല്ലാം യൗസേപ്പിതാവിന്റെ തനിരൂപങ്ങളാണ്, കുടുംബത്തിനു വേണ്ടി അധ്വാനിക്കുകയും അലയുകയും ചെയ്ത ശേഷം ആരും അറിയാതെ തങ്ങളുടെ മക്കളുടെ വളര്‍ച്ചയിലും, കുടുംബാങ്ങളുടെ നന്മയിലും മനസ്സ് സന്തോഷിച്ച് കടന്നു പോകുന്നവര്‍. ആരാരുമറിയാത്തവരായി തലമുറകളുടെ വിസ്മൃതിയുടെ ഇടങ്ങളിലേക്ക് മാറ്റിനിര്‍ത്ത്പപെട്ടവര്‍. അതേ സമയം തന്നെ, കുടുംബനാഥന്‍ എന്ന സ്ഥാനം മറന്നു പോയവരും നമുക്കിടയില്‍ ഉണ്ടെന്ന കാര്യവും അവഗണിക്കാവുന്നതല്ല. അതിനാല്‍ തങ്ങളുടെ ഉത്തരവാദിത്വം എന്തെന്ന് തിരിച്ചറിയുക, ഒടുക്കമെന്ന് ലോകം പറയുന്നവയിലെല്ലാം നമുക്കായൊരു തുടക്കം ദൈവം കരുതിയിട്ടുണ്ടെന്ന് മനസ്സിലാക്കുക, മനസ്സില്‍ നന്മ അവസാനം വരെ സൂക്ഷിക്കുക.

ഫാ. ജെസ്റ്റിന്‍ കാഞ്ഞൂത്തറ എംസിബിഎസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.