ദൈവത്തിലേയ്ക്ക് നേരിട്ടെത്തുന്ന ചില പ്രാര്‍ത്ഥനകള്‍! വി. ജോണ്‍ ക്രിസോസ്‌തോം പഠിപ്പിക്കുന്നത്

നാം നിരന്തരം ദൈവത്തിന്റെ സാന്നിധ്യത്തിലാണെന്നും അവിടുത്തെ കൃപയിലാണെന്നും ദൈവത്തെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള ചില പ്രാര്‍ത്ഥനകള്‍ വി. ജോണ്‍ ക്രിസോസ്‌തോം പഠിപ്പിക്കുന്നുണ്ട്. ദൈവത്തോട് ഇടയ്ക്കിടെ നടത്താവുന്ന കൊച്ചു വര്‍ത്തമാനത്തിന്റെ രൂപത്തിലാണത്. വി. പാദ്രെ പിയോ ഈ പ്രാര്‍ത്ഥനകള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ‘ദൈവത്തിന്റെ ഹൃദയത്തിലേയ്ക്ക് നാം എയ്യുന്ന ചെറു അമ്പുകള്‍’ എന്നാണ് ഈ പ്രാര്‍ത്ഥനകളെ അദ്ദേഹം വിശേഷിപ്പിച്ചിരുന്നത്. അവ ഏതൊക്കെയെന്ന് നോക്കാം…

ഓ കര്‍ത്താവേ, അന്ധകാരത്തിലാക്കാന്‍ പിശാച് ശ്രമിച്ചു കൊണ്ടിരിക്കുന്ന എന്റെ ഹൃദയത്തെ അങ്ങേ പ്രകാശത്താല്‍ നിറയ്ക്കണമേ.

ഓ കര്‍ത്താവേ, അങ്ങയുടെ നാമത്തിന് പുകഴ്ച നല്‍കാന്‍ ഇടയാകും വിധം അങ്ങയുടെ കൃപ എന്റെ മേല്‍ വര്‍ഷിക്കണമേ.

ഓ കര്‍ത്താവേ, ജീവന്റെ പുസ്തകത്തില്‍ എന്റെ പേര് എഴുതി ചേര്‍ക്കണമേ.

ഓ കര്‍ത്താവേ, അങ്ങയുടെ കൃപയുടെ വര്‍ഷം എന്റെ മേല്‍ ചൊരിയണമേ.

ഓ കര്‍ത്താവേ, സത്ചിന്തകള്‍ കൊണ്ട് എന്നെ നിറയ്ക്കണമേ.

ഓ കര്‍ത്താവേ, മരണത്തെക്കുറിച്ചും നിത്യജീവിതത്തെക്കുറിച്ചുമുള്ള ചിന്തകളും എനിക്ക് നല്‍കണമേ.

ഓ കര്‍ത്താവേ, അങ്ങയെക്കുറിച്ചുള്ള ഭയവും അങ്ങയെക്കുറിച്ചുള്ള ചിന്തകളും കൊണ്ട് എന്നെ നിറയ്ക്കണമേ.

ഓ കര്‍ത്താവേ, മുഴു ആത്മാവോടും മുഴു ഹൃദയത്തോടും കൂടെ അങ്ങയെ സ്‌നേഹിക്കാന്‍ എനിക്ക് ഇടവരുത്തണമേ.