
കുട്ടികള്‍ ഏറെ സ്നേഹിക്കുകയും കുട്ടികളെ ഏറെ സ്നേഹിക്കുകയും ചെയ്ത പുണ്യവതിയാണ് വി. അല്‍ഫോന്‍സാമ്മ. ജീവിച്ചിരുന്നപ്പോള്‍ തന്നെ അമ്മ മറ്റുള്ളവര്‍ക്കുവേണ്ടി മാദ്ധ്യസ്ഥ്യം വഹിച്ചിരുന്നു. അത് ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു.
ചെറുതും വലുതുമായ ധാരാളം പ്രതിസന്ധികളില്‍ അല്‍ഫോന്‍സാമ്മയുടെ മദ്ധ്യസ്ഥമാണ് എനിക്ക് ആശ്രയമായിരുന്നത്. എപ്പോഴും സമീപസ്ഥയായ, എന്താവശ്യവും തുറന്നുപറയാന്‍ സാധിക്കുന്ന സ്നേഹമുള്ള അമ്മയാണ് എനിക്ക് എന്റെ അല്‍ഫോന്‍സാമ്മ. ഞാന്‍ ഏതൊക്കെ മത്സരത്തിനു പോകുമ്പോഴും പരീക്ഷയ്ക്കൊരുങ്ങുമ്പോഴും അല്‍ഫോന്‍സാമ്മയുടെ പ്രാര്‍ത്ഥന, മാദ്ധ്യസ്ഥ്യം എനിക്ക് ബലമായിരുന്നു, എന്റെ ശക്തിയായിരുന്നു. സ്വന്തം ജീവിതത്തില്‍ സഹനങ്ങളെ ക്ഷണിച്ചുവരുത്തിയ അമ്മയോട് എപ്പോഴും ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നത് എന്റെ സഹനങ്ങള്‍ ഒഴിവാക്കി കിട്ടുവാനായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അമ്മയുടെ സ്നേഹത്തിന്റെ ഒരു അടയാളമെന്നോണം, ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്ഗ്രിഗേഷന് നിര്‍മ്മിച്ച അല്‍ഫോന്‍സാമ്മയുടെ ചരിത്രം പറയുന്ന കൃപയുടെ പടവുകള്‍ എന്ന സീരിയലില്‍ ഒരു ചെറിയ റോള്‍ എനിക്ക് കിട്ടി. തെറമ്മയുടെ ബാല്യകാലമാണ് ഞാന്‍ അവതരിപ്പിച്ചത്. അല്‍ഫോന്‍സാമ്മയുടെ സഹോദരീപുത്രിയാണ് തെറമ്മ.
ഞങ്ങളുടെ കുടുംബത്തില്‍ അല്‍ഫോന്‍സാമ്മയ്ക്ക് വളരെയധികം പ്രാധാന്യമാണുള്ളത്. ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ ഈശോനാഥന്റെ പക്കലെത്തിക്കുവാനുള്ള എളുപ്പവഴിയാണ് അല്‍ഫോന്‍സാമ്മ. അമ്മ ജീവിച്ചുമരിച്ച ഈ പുണ്യഭൂമിയില്‍ ജനിക്കാന്‍ കഴിഞ്ഞത് വളരെ വലിയ ഭാഗ്യമായാണ് ഞങ്ങള്‍ കരുതുന്നത്. അല്‍ഫോന്‍സാമ്മയിലൂടെ ഭരണങ്ങാനം ഗ്രാമവും ഭുവനപ്രസിദ്ധമായി.
അല്‍ഫോന്‍സാമ്മയുടെ മാദ്ധ്യസ്ഥ്യം ധാരാളം ലഭിച്ച കുഞ്ഞാണ് ഞങ്ങളുടെ ഇളയ സഹോദരന്. ഞങ്ങള്‍ നാല് മക്കളില്‍ ഇളയവനാണ് അവന്. അവന് അമ്മയുടെ ഉദരത്തില്‍ ഉരുവായപ്പോള്‍ അമ്മയ്ക്ക് ഒരു രോഗം വരികയും കുഞ്ഞിനെ സാരമായി ബാധിക്കുകയും ചെയ്തു. കുഞ്ഞിന് വൈകല്യങ്ങളുണ്ടാവുമെന്ന് ഉറപ്പുള്ളതിനാല്‍ അവനെ ഉപേക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ബന്ധിച്ചു. എന്നാല്‍, ദൈവം നല്കിയ കുഞ്ഞിനെ ഉപേക്ഷിക്കുകയില്ലെന്ന ഉറച്ച തീരുമാനത്തോടെ അമ്മയോടൊപ്പം ഞങ്ങളും ഒത്തിരി പ്രാര്‍ത്ഥിക്കുകയും വി. അല്‍ഫോന്‍സാമ്മയുടെ മാദ്ധ്യസ്ഥ്യം തേടുകയും ചെയ്തതിന്റെ ഫലമായി യാതൊരു കുഴപ്പങ്ങളും വൈകല്യങ്ങളുമില്ലാത്ത സമര്‍ത്ഥനായ, ആരോഗ്യവാനായ, സുന്ദരനായ ഉണ്ണിക്കുട്ടനെ നല്കി ദൈവം ഞങ്ങളെ അനുഗ്രഹിച്ചു.
അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി നാമകരണം ചെയ്തതിന്റെ 3-ാം വാര്‍ഷികത്തില്‍ ഒക്ടോബര്‍ 12-നാണ് ഉണ്ണിക്കുട്ടന് ജനിച്ചത്. ജനിച്ച് അഞ്ചാം ദിവസം കുഞ്ഞിന് ഒരു രോഗം വരുകയും കോട്ടയം ഇ.എസ്.ഐ-യിലേയ്ക്കു കൊണ്ടുപോവുകയും ചെയ്തു. അന്ന് ഞങ്ങളും എല്ലാ കുടുംബാംഗങ്ങളും ഭരണങ്ങാനം മഠത്തിലെ സിസ്റ്റര്‍മാരുമൊക്കെ പ്രത്യേകം പ്രാര്‍ത്ഥിക്കുകയും കുഞ്ഞ് രക്ഷപ്പെട്ടാല്‍ അല്‍ഫോന്‍സാമ്മയുടെ പേരിടാമെന്ന് നേരുകയും ചെയ്തു. അങ്ങനെ അവന്റെ രോഗം ഭേദമായി. അവന് ‘അല്‍ഫോന്‍സ്’ ആയി. ഇപ്പോഴും അവനൊരു ചെറിയ പനിയെങ്കിലും വന്നാല്‍ ഞങ്ങള്‍ അമ്മയുടെ മാദ്ധ്യസ്ഥ്യമാണ് തേടുക. അല്‍ഫോന്‍സാമ്മയുടെ കുഞ്ഞ് എന്നാണ് ഞങ്ങള്‍ അവനെ വിളിക്കുന്നത്.
ഞങ്ങളുടെ ജീവിതത്തിലെ എല്ലാ അവസരങ്ങളിലും അല്‍ഫോന്‍സാമ്മയുടെ സാന്നിധ്യവും സാമീപ്യവും അനുഭവിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഒരമ്മയുടെ വാത്സല്യത്തോടെയാണ് അല്‍ഫോന്‍സാമ്മ ഞങ്ങളുടെ ആവശ്യങ്ങളില്‍ സഹായിക്കുന്നത്. ദു:ഖിതര്‍ക്ക് ആലംബമായ അമ്മ ഞങ്ങള്‍ക്കെന്നും ഒരു ആശ്രയമായിരുന്നു. അമ്മ ഞങ്ങള്‍ക്ക് താങ്ങും തണലുമാണ്.
വി. അല്‍ഫോന്‍സാമ്മേ, അമ്മയെപ്പോലെ ഈശോയ്ക്ക് പ്രിയങ്കരമായ ഒരു ജീവിതം നയിക്കുവാന്‍ ക്ലേശങ്ങളും കഷ്ടതകളും ക്ഷമയോടെ സഹിക്കുവാന്‍ അമ്മ എനിക്കായി ഈശോനാഥന്റെ പക്കല്‍ മാദ്ധ്യസ്ഥ്യം വഹിക്കേണമെ.
അലീന ജോസ്
കടപ്പാട്: ഗോതമ്പുമണി