യുദ്ധം അവശേഷിപ്പിച്ച മുറിവുകളിൽ നിന്ന് യുവതലമുറയെ മോചിപ്പിക്കാൻ ശ്രീലങ്കയിലെ കത്തോലിക്കാ സഭ

യുദ്ധം അവശേഷിപ്പ ഭീതിയും ആകുലതയും ഇളംതലമുറയുടെ മനസ്സിൽ നിന്നും തുടച്ചുമാറ്റാനുള്ള പദ്ധതികളുമായി ശ്രീലങ്കയിലെ കത്തോലിക്കാ സഭ. ഇമോഷണൽ ലിട്രസി എന്ന പേരിൽ ആരംഭിച്ചിരിക്കുന്ന ഈ പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ ശ്രീലങ്കൻ സഭ ആരംഭിച്ചുകഴിഞ്ഞു.

ഇരുപത്തിയഞ്ചു വർഷം നീണ്ടുനിന്ന യുദ്ധം അവശേഷിപ്പിച്ച വേദന പല കുട്ടികളുടെയും ഉള്ളിലുണ്ട്. പലപ്പോഴും കുട്ടികളുടെ വൈകാരിക തലങ്ങളെ ആ മുറിവുകൾ സ്വാധീനിക്കുന്നുമുണ്ട്. ഈ അവസരത്തിൽ ചെറുപ്പക്കാരെയും വിദ്യാർത്ഥികളെയും അവരുടെ വികാരങ്ങളെ ഫലപ്രദമായും ഉചിതമായും കൈകാര്യം ചെയ്യുവാൻ സഹായിക്കുക എന്ന ദൗത്യമാണ് കത്തോലിക്ക സഭ അവിടെ ഏറ്റെടുത്തിരിക്കുന്നത്.

ശ്രീലങ്കയിലെ കത്തോലിക്കാ ബിഷപ്പുമാരുടെ സാമൂഹിക സേവനമായ കാരിത്താസ് ശ്രീലങ്കയുടെ നേതൃത്വത്തിലാണ് പരിപാടികൾ നടക്കുന്നത്. ഇതിനായി ആറ് രൂപതകളില്‍ നിന്നും 12 സ്കൂളുകൾ തിരഞ്ഞെടുത്തു. അവർക്കായി,’ വികാരങ്ങളെ എങ്ങനെ നിയന്ത്രിക്കാം’ എന്ന വിഷയത്തിൽ സെമിനാറുകളും വർക്ഷോപ്പുകളും നൽകിവരുന്നു.

സ്വയം മനസിലാക്കുവാനും വികാരങ്ങളെ ശരിയായ, പോസിറ്റിവായ പാതയിലേയ്ക്ക് തിരിച്ചുവിടുവാനുള്ള പരിശീലനമാണ് നൽകിവരുന്നത്. ഇത് സ്വയം മുറിവേൽപ്പിക്കുവാനും ആത്മഹത്യ ചെയ്യുവാനുമുള്ള കുട്ടികളുടെ ഉള്ളിലെ ത്വരയെ ഇല്ലാതാക്കും എന്ന വിശ്വാസത്തിലാണ് സഭാനേതൃത്വം.