ഈ അവസ്ഥയില്‍ നിങ്ങള്‍ എന്തിനാണ് ഇങ്ങോട്ട് വരുന്നതെന്ന് പ്രവാസികളോട് ചോദിക്കുന്നവര്‍ അറിയാന്‍

സി. സോണിയ തെരേസ് DSJ

ഇറ്റലിയില്‍ കൊറോണ ബാധിക്കുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇവിടെ പ്രവാസികളായി കഴിയുന്ന ഇന്ത്യക്കാര്‍ മിക്കവരും തന്നെ സ്വന്തം നാട്ടിലേയ്ക്ക് തിരിച്ചുപോകാന്‍ പരിശ്രമിക്കുകയാണ്. രണ്ടു-മൂന്നു പേരുടെ അശ്രദ്ധ കൊണ്ട് കേരളസമൂഹം മുഴുവന്‍ ഭയത്തിന്റെ നിഴലില്‍ കഴിയുമ്പോള്‍ അനേകര്‍ ചോദിക്കുന്ന ചില ചോദ്യങ്ങള്‍, “നിങ്ങള്‍ എന്തിനാ ഇങ്ങോട്ട് വരുന്നത്? അവിടെ തന്നെ നിന്നാല്‍ എന്താണ് കുഴപ്പം?”

പ്രവാസിയായി കഴിയുന്ന ഒരു വ്യക്തിക്കു മാത്രമേ സ്വന്തം നാടിന്റ വിലയറിയൂ… എന്തെങ്കിലും ഒരു ദുരന്തം കണ്‍മുമ്പില്‍ വന്നുനില്‍ക്കുമ്പോള്‍ തന്റെ പ്രിയപ്പെട്ടവരുടെ അടുത്തേയ്ക്ക്‌ ഓടിയെത്താനാണ് ആരും കൊതിക്കുക… മാതൃഭൂമിയില്‍ കാലുകുത്തിക്കഴിയുമ്പോള്‍ തന്നെ പകുതി ആശ്വാസമാണ്. തനിക്ക് ചോദിക്കാനും പറയാനും ആരെങ്കിലുമൊക്കെ ഉണ്ടെന്നൊരു തോന്നല്‍… ഇതൊന്നും ഇല്ലെങ്കിലും സ്വന്തം ഭാഷയിലെങ്കിലും ഒന്ന് സംസാരിക്കാന്‍ സാധിക്കുമല്ലോ എന്ന ഒരാശ്വാസം…

നോര്‍ത്ത് ഇറ്റലിയിലെ അവസ്ഥ അതിഭയാനകമായ രീതിയില്‍ മുന്നോട്ടുപോകുന്നു. ഒരാഴ്ച്ചയായിട്ട് അനുദിനവും 1,500-ല്‍ കൂടുതല്‍ വ്യക്തികള്‍ക്ക് രോഗം സ്ഥിരീകരിക്കുകയും നൂറില്‍പരം ആള്‍ക്കാര്‍ ദിവസേന മരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. അനേകം മലയാളികളും ഇന്ത്യാക്കാരും ജോലിക്കും പഠനത്തിനുമായ് ഇവിടെയുണ്ട്. കേരളത്തിലെ അവസ്ഥ കണ്ട് അനേകം മലയാളികള്‍ നാട്ടില്‍ പോകണ്ട എന്ന തീരുമാനം എടുത്തുവെങ്കിലും അവരില്‍ ചിലര്‍ കൊച്ചുകുഞ്ഞുങ്ങളെയുമായി വീടുകളില്‍ തന്നെ അടച്ചിരിക്കുകയാണ്. എനിക്കറിയാവുന്ന ഒരു കുടുംബം ഒന്നര വയസ്സും ഏഴു വയസ്സും പ്രായമുള്ള രണ്ടു കൊച്ചുകുഞ്ഞുങ്ങളുമായി ഭര്‍ത്താവും ഭാര്യയും നല്ല പനിയും ചുമയും ദേഹത്തിനു വേദനയുമായ് വീട്ടില്‍ തന്നെ ഇരിക്കുകയാണ്. ഒരു ടെസ്റ്റ് ചെയ്യാന്‍ പോലും ആശുപത്രികളില്‍ സൗകര്യമില്ല.

ഭര്‍ത്താവ് ജോലി ചെയ്തിരുന്ന ഓള്‍ഡ്‌ ഏജ് ഹോമില്‍ കൊറോണ പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അവിടെയുണ്ടായിരുന്ന ജോലിക്കാര്‍ക്കെല്ലാം കൊറോണ വൈറസിന്റെ ലക്ഷണം കണ്ടുതുടങ്ങി. വീട്ടില്‍ നിന്ന് പുറത്തിറങ്ങരുത്, രോഗനിര്‍ണ്ണയം നടത്താന്‍ മെഡിക്കല്‍ സംഘത്തെ വീട്ടിലേയ്ക്കു വിടാം എന്ന് ഡോക്ടര്‍ പറഞ്ഞതിനാല്‍ അവര്‍ വീട്ടില്‍ തന്നെ കഴിയുന്നു. പലപ്രാവശ്യം ആംബുലന്‍സ് വിളിച്ചുവെങ്കിലും ആശുപത്രികള്‍ നിറഞ്ഞിരിക്കുന്നതിനാല്‍ ഇവരെ ആശുപത്രിയില്‍ എത്തിക്കാനായി ആരും എത്തിയില്ല. എഴു ദിവസം കഴിഞ്ഞിട്ടും ഇന്നും അവര്‍ മെഡിക്കല്‍ സംഘത്തെ പ്രതീക്ഷിച്ച് രണ്ടു കുഞ്ഞുങ്ങളെയും കൊണ്ട് വീട്ടില്‍ തന്നെ ഇരിക്കുകയാണ്.

ഇന്നലെ രാത്രി 9.30-ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജുസേപ്പേ കോന്തേ നടത്തിയ പത്രസമ്മേളനത്തില്‍ ഇറ്റലി മുഴുവന്‍ സംരക്ഷണമേഖലയായ് (അടിയന്തരാവസ്ഥ) പ്രഖ്യാപിച്ചു. കൊറോണ വ്യാപിക്കുന്നത് തടയാന്‍ വേണ്ടിയാണ് ഗവണ്‍മെന്റ് ഇത്തരത്തിലൊരു നടപടിയെടുത്തത്. ഏപ്രില്‍ മൂന്നു വരെ രാജ്യം മുഴുവന്‍ എല്ലാ പൊതുപരിപാടിക്കും യാത്രകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി. ജോലിക്കും ആരോഗ്യ-ചികിത്സാസംബന്ധമായ കാര്യങ്ങള്‍ക്കും ചില ഒഴിച്ചുകൂടാനാവാത്ത കാര്യങ്ങള്‍ക്കും മാത്രമേ വീടിനു പുറത്തിറങ്ങാന്‍ അനുവാദമുള്ളൂ. യാത്രയുടെ കാരണം വ്യക്തമാക്കിക്കൊണ്ടുള്ള അധികാരികളുടെ സര്‍ട്ടിഫിക്കറ്റ് കാണിക്കാത്തവര്‍ നീയമലംഘനം നടത്തിയതായി കാണുകയും കഠിനശിക്ഷയും ഉണ്ടായിരിക്കുന്നതാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇറ്റലി എന്ന രാജ്യത്തിന്റെ ഭാവി നിങ്ങളോരോരുത്തരുടെയും കൈകളിലാണ്. അതിനാല്‍ ഓരോരുത്തരും സ്വന്തം ഭവനങ്ങളില്‍ തന്നെ കഴിയുവാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു.

ഇത്തരമൊരു സാഹചര്യം ഇറ്റലിയില്‍ നിലനില്‍ക്കുമ്പോള്‍ പ്രവാസികളായിട്ടുള്ള മലയാളികള്‍ സ്വന്തം നാട്ടിലേയ്ക്ക്‌ തിരിച്ചു ചെല്ലരുതെന്ന് പറയുന്നത് മനുഷ്യത്വം മരവിച്ചുപോകുന്നതിന്റെ ലക്ഷണമാണ്. ഇറ്റലിയില്‍ നിന്ന് തിരിച്ചെത്തുന്ന പ്രവാസികളെ കുറഞ്ഞത് 20 ദിവസത്തേയ്ക്ക്‌ മാറ്റിപാര്‍പ്പിക്കാന്‍ ഗവണ്‍മെന്റ് സൗകര്യം ഏര്‍പ്പെടുത്തുകയാണെങ്കില്‍ പ്രവാസികളുടെ കണ്ണുനീരിനെയും വിയര്‍പ്പിനെയും മാനിച്ചെന്നെങ്കിലും പറയാം. നമ്മുടെ ഓരോരുത്തരുടെയും ഏതെങ്കിലും പ്രിയപ്പെട്ടവര്‍ക്കാണ് ഈ അവസ്ഥ വരുന്നതെങ്കില്‍ നിങ്ങള്‍ കേരളത്തിലേയ്ക്ക് വരണ്ട എന്ന് നമ്മള്‍ പറയുമോ?

ഇന്ന് റോം എയര്‍പോര്‍ട്ടില്‍ 45 മലയാളികള്‍ കേരളത്തിലേയ്ക്ക്‌ പുറപ്പെടാന്‍ സാധിക്കാതെ കുടുങ്ങിക്കിടപ്പുണ്ട്. അവരില്‍ പിഞ്ചുകുഞ്ഞുങ്ങളും ഗര്‍ഭിണികളായ സ്ത്രീകളുമുണ്ട്. അവരുടെ വേദനിക്കുന്ന മുഖം കണ്ടപ്പോള്‍ എഴുതാതിരിക്കാന്‍ ആവുന്നില്ല. സ്വന്തം സുരക്ഷിതത്വം മാത്രം നോക്കി സഹോദരന്റെ വേദന മനസ്സിലാക്കാതെ ഇരുന്നാല്‍ നമ്മുടെ ജീവിതത്തിന് എന്തര്‍ത്ഥമാണുള്ളത്? ആരെയും തലക്കെട്ടുക്കള്‍ നല്കി വിധിക്കാതിരിക്കാം. കാരണം, നാളെ നമ്മള്‍ക്കായിരിക്കും ഈ അവസ്ഥ ഉണ്ടാകുന്നത്.

സ്‌നേഹപൂര്‍വ്വം,

സി. സോണിയ തെരേസ്