ഡ്രീംസ്‌ ഇന്‍ പ്രഷ്യന്‍ ബ്ലൂ !

ശില്പ രാജന്‍

കൈയ്യില്‍ നിന്നും ചായങ്ങള്‍ നിറഞ്ഞ ബ്രഷ് നിലത്ത് പോയപ്പോഴാണ് അവര്‍ കണ്ണുകള്‍ തുറക്കുന്നത്. നീണ്ട ക്യാന്‍വാസിന് അരികിലെ കസേരയില്‍ ഇരുന്ന്‍ ഇന്നലെ എപ്പഴോ ഉറങ്ങി പോയതാണ്. രാത്രിയുടെ യാമങ്ങള്‍ അവസാനിക്കാന്‍ ഇനിയും നാഴികകള്‍ ഉണ്ട്. അവര്‍ നിലത്തു വീണ ബ്രഷ് എടുത്ത് കസേരയില്‍ നിന്ന് മാറി ക്യാന്‍വാസിലേക്ക് നോക്കി. ഇനിയും നിറങ്ങള്‍ സമന്വയിപ്പിച്ച് കവിതകള്‍ രചിക്കണം. തന്റെ മുന്നിലെ ചെറിയ മേശയ്ക്കു മുകളില്‍ ഇത്രയും നിറങ്ങള്‍ നിരന്ന് ഇരുന്നിട്ടും സാപ് ഗ്രീനിനോടും പ്രഷ്യന്‍ ബ്ലൂവിനോടും മാത്രമായി തോന്നുന്ന ഈ പ്രണയം എന്തെന്ന് മനസിലാക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. ഈ പ്രണയം തന്റെ നാഥനെ അസൂയപ്പെടുത്തുമോ എന്ന് പോലും അവര്‍ ചിന്തിച്ചു. “ഏയ്‌ അതിന് സാധ്യത കുറവാണ്. അവന്‍ എല്ലാം അറിയുന്നവനല്ലേ! ഭൂമിയുടെ സേവകന്‍ അല്ലെ!” സിസ്റ്റര്‍ സാന്ദ്ര സോണിയ അത്മഗതമായി മൂളി.

ചിത്രകല എന്ന അതുല്യ പ്രതിഭയ്ക്ക് ഉടമയായ സിസ്റ്റര്‍ സാന്ദ്ര സോണിയയുടെ കലാ ജീവിതത്തിലൂടെ ലൈഫ്ഡേ നടത്തുന്ന യാത്ര.

വ്യത്യസ്ത മാര്‍ഗം

കുട്ടിക്കാലത്ത് കണ്ണൂരുകാരി തന്നെയല്ലേ എന്ന് ആരുമൊന്നു ചോദിച്ചു പോകുമായിരുന്നു. അത്രയ്ക്ക് ഒതുങ്ങി കഴിഞ്ഞു കൂടാനായിരുന്നു ചെറുപുഴ ഉമ്മറപോയിലുകാരിക്ക് താത്പര്യം.

കര്‍ത്താവിന്റെ മണവാട്ടി ആവാന്‍ കോഴിക്കോടുള്ള പുതുപ്പാടി, ഫിലിപ് നേരി കോണ്‍വെന്‍റ്റിലെക്ക് പോയപ്പോള്‍ എല്ലാവരും ആ പ്രസ്താവനയെ അങ്ങ് അടിവരയിട്ട് ഉറപ്പിച്ചു. അടക്കവും ഒതുക്കവും ഉള്ള പെണ്‍കുട്ടി. ആ കോണ്‍വേന്റിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ ജീവിതം ഒതുക്കാനുള്ള തീരുമാനമാണ് അതെന്നു എല്ലാവരും ശരിവയ്ച്ചു. പക്ഷേ ആ സഭാ വസ്ത്രം ഒരാളുടെ സ്വപ്നങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും മേലുള്ള തിരശീല വീഴ്ച അല്ലെന്ന് സിസ്റ്റര്‍ സാന്ദ്ര തെളിയിച്ചു. കലയുടെ ചവിട്ടു പടികള്‍ കയറി അവര്‍ ആര്‍. എല്‍. വി കോളേജില്‍ എത്തി. അവസാന വര്‍ഷ ബി. എഫ്. എ വിദ്യാര്‍ത്ഥിയായ സിസ്റ്റര്‍ സാന്ദ്ര സോണിയ ഇന്ന് ഒരു ചിത്രകാരിയാണ്. ഇതിനോടകം തന്നെ മൂന്ന് ചിത്ര പ്രദര്‍ശനങ്ങളാണ് സിസ്റ്റര്‍ സാന്ദ്ര കാഴ്ച്ച വെച്ചത്.

സ്കൂള്‍ പഠന കാലയളവില്‍ ഒക്കെ മത്സരങ്ങളില്‍ പോലും പങ്കെടുക്കാന്‍ വിമുഖത കാണിച്ച സാന്ദ്രതയെ കണ്ടവര്‍ക്ക് ഇത് അവിശ്വസനീയമായി തോന്നും. വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ണൂരുകാരി ആണോ എന്ന് മനസ്സിലെങ്കിലും ചോദിച്ചവര്‍ക്ക് ഇന്ന് ഉശിരോടെ നല്‍കാന്‍ ഒരു മറുപടിയുണ്ട്. കണ്ണൂരകാരി തന്നെയാണെന്ന്. തന്റെ ആഗ്രഹങ്ങള്‍ക്ക് പിന്നാലെ പോയ കണ്ണൂരുകാരി.

പ്രകൃതിയും മനുഷ്യനും

നിശബ്ദത ഒരു കുറവാണ് എന്ന് ചിന്തിച്ചവര്‍ക്ക് തെറ്റി. സിസ്റ്റര്‍ സാന്ദ്രതയുടെ നിശബ്ദത തനിക്ക് ചുറ്റുമുള്ള പ്രകൃതിയെയും മനുഷ്യരെയും അങ്ങനെ ഓരോ ചെറിയ ഘടകങ്ങളെയും ശ്രദ്ധിക്കാന്‍ ഉള്ള ചില നിമിഷങ്ങള്‍ ആയിരുന്നു. തന്റെ ചിന്തകള്‍ക്ക് ആത്മാവ് പകരുമ്പോള്‍ പൂര്‍ണതയില്‍ അവയെ ലഭിക്കുവാനുള്ള കാത്തിരിപ്പുകള്‍.

പ്രകൃതിയും മനുഷ്യനും അവ ഇഴചേര്‍ന്ന് പടുത്തുയര്‍ത്തുന്ന ബന്ധങ്ങളും ചൂക്ഷണങ്ങളും ഒക്കെയാണ് സിസ്റ്റര്‍ സാന്ദ്രതയുടെ ചിത്രങ്ങളുടെ പ്രധാന ആശയം. ആ ബന്ധങ്ങളുടെ സങ്കീര്‍ണതയും അവ നല്‍കുന്ന ചില വെളിപാടുകളും ഒക്കെ സിസ്റ്റര്‍ സാന്ദ്രതയുടെ ചിത്രങ്ങളില്‍ ഉടനീളം കാണാന്‍ കഴിയും. യാത്രയില്‍ ഉടനീളം കണ്ട കാഴ്ചകളും രചനയ്ക്ക് ജീവന്‍ നല്‍കി.

ബ്രൂട്ടസ്

സേവകരാകേണ്ട നിങ്ങള്‍ അവരെ ചൂക്ഷണം ചെയ്ത് ഇല്ലാതാക്കുന്നു. കണ്ടല്‍ കാടുകള്‍ സംരക്ഷണ വലയം തീര്‍ക്കേണ്ടവയാണ്. എന്നാല്‍ അവ താമര ഇതളുകളെ ചൂഷണം ചെയ്യുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

അഴകിലെ അഴുക്ക്

ഭംഗിയുള്ളവയെല്ലാം നന്‍മയുള്ളതാകണം എന്നില്ല. ചേലേറും ചെടിയുടെ നൂറ് നുകരാന്‍ എത്തിയ ഒരു മത്സ്യത്തിന്റെ അവസ്ഥയാണ് ചിത്രീകരിച്ചിരിക്കുന്നത്.

തലങ്ങള്‍  

മനുഷ്യജീവിതത്തിന്റെ അഞ്ചു തലങ്ങളാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. അതിനായി ചെമ്പരത്തിയുടെ ഇതളുകള്‍ ഉപയോഗിച്ചിരിക്കുന്നു. തൂവെള്ള നിറം പോലെ മാലിന്യങ്ങളോ കപടതയോ ഒന്നും ഇല്ലാതെ ജീവിതത്തിലേക്ക് എത്തുന്ന ബാല്യം. പിന്നെ ശൈശവവും, കൌമാരവും, യൌവനവും കടന്നു വാര്‍ധക്യത്തിലേക്ക്. ശേഷം വീണ്ടും ഭൂമി വിട്ട് നന്‍മയിലേക്കുള്ള, തൂവെള്ള ഇതളാവാന്‍ ഉള്ള ഒരുക്കം.

 സയെദ് ഹൈദര്‍ റാസയുടെ പാത പിന്തുടര്‍ന്ന രചന

എസ്. എച്. റാസയുടെ ചിത്രങ്ങള്‍ അല്ല, മറിച്ചു അദ്ദേഹത്തിന്റെ രീതികള്‍ സിസ്റ്റര്‍ സാന്ദ്രതയുടെ രചനകളില്‍ വലിയ തോതില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

സയെദ് ഹൈദര്‍ റാസയുടെ എക്സ്പ്രഷനിസത്തില്‍ ഊന്നിയ രചന ആധുനിക ചിത്രകലയുടെ പുതിയ തലങ്ങള്‍ തിരയുന്ന ഒരു സൃഷ്ടിയായിരുന്നു. പരമ്പരാഗത രീതിയില്‍ നിന്നും ഏറെ വിഭിന്നമായി വികാരങ്ങള്‍ക്കും അവ നല്‍കുന്ന അനുഭൂതിക്കും ഊന്നല്‍ നല്‍കി നവീനമായ ഒരു ശൈലി സ്വീകരിച്ച റാസ അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ ഏറ്റവും അറിയപ്പെട്ട ചിത്രകാരന്മാരില്‍ ഒരാളായിരുന്നു. ഇന്ത്യക്കാരന്‍ കൂടിയായ അദ്ദേഹത്തിന്റെ ജിയോമെട്രിക് അബ്സ്ട്രാക്ഷന്‍(geometric abstraction) വിഭാഗത്തിലുള്ള ചിത്രങ്ങള്‍ ഇന്നും ലോകത്തിനു അത്ഭുതമാണ്. അദ്ദേഹത്തിന്റെ ‘ബിന്ദു’ എന്ന ആശയം ഏറെ ആഘോഷിക്കപ്പെട്ട ഒരു കലയാണ്‌.

പ്രഷ്യന്‍ ബ്ലൂവിലും സാപ് ഗ്രീനിലും തീര്‍ത്ത സ്വപ്‌നങ്ങള്‍

ഇത്രയും നിറങ്ങള്‍ ക്യാന്‍വാസിലേക്ക് നിറയ്ക്കാന്‍ കൈയ്യില്‍ ഉണ്ടായിട്ടും ഇതില്‍ ചില നിറങ്ങള്‍ മാത്രം എന്തേ മുഴച്ചു നില്‍ക്കുന്നു എന്ന്‍ ആരുമൊന്നും ചോദിച്ചു പോകും. സാപ് ഗ്രീനിനോടും പ്രഷ്യന്‍ ബ്ലൂവിനോടും മാത്രമായി കാണിക്കുന്ന ഈ പ്രണയം രചനയില്‍ ഉടനീളം കാണാന്‍ കഴിയുന്ന ഒന്നാണ്. ഇതിനെ പ്രണയം എന്ന് അല്ലാതെ മറ്റെന്താണ് വിളിക്കാന്‍ കഴിയുക? എന്നാല്‍ ഈ പ്രണയം ചിത്രത്തിന് അഴക്‌ നല്‍കുകയല്ലാതെ അതിനെ കെടുത്തുന്നില്ല എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. വരച്ചു വരുമ്പോള്‍ അങ്ങനെ ആവുന്നതാണെന്നും സിസ്റ്റര്‍ സാന്ദ്ര പറയുന്നു. ആ പ്രണയം എങ്ങനെ തന്നെ ബാധിച്ചു എന്ന് അവര്‍ക്ക് ഇന്നും അറിയില്ല.

ശില്പ രാജന്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.