ദുരിത മുഖത്തു നിന്ന് ആളുകളെ ജീവിതത്തിലേയ്ക്ക് കൈപിടിച്ച് കയറ്റിയ കുറച്ചു യുവാക്കൾ. അവർക്കു ആവശ്യമായ നിർദ്ദേശങ്ങൾ നല്‍കിയത് ബോട്ടിന്റെ മുകൾത്തട്ടില്‍ നിന്ന ഒരു കന്യാസ്ത്രി. ദുരിത മുഖത്ത് വേറിട്ടൊരു കാഴ്ചയായി ആശ്വാസത്തിന്റെ മാലാഖയായി മാറിയ സന്യാസിനി സി. മെരീസാ എസ്. എ. ബി. എസ്.
ദുരിത മുഖത്തെ ആ നല്ല സമരിയാക്കാരി, അല്ല നല്ല സമരിയാക്കാരിൽ ഒരാൾ നടത്തിയ വ്യത്യസ്ത യാത്രകളിലൂടെ ലൈഫ് ഡേയും…
രക്ഷാ പ്രവർത്തനത്തിനായി പോവുക
വെള്ളം കയറാനുള്ള തുടങ്ങുന്ന സമയം. മറ്റെല്ലാവരെയും പോലെ തത്തംപള്ളിയിലെ ആരാധന സന്യാസിനികളുടെ മഠത്തിൽ ഒതുങ്ങി കൂടി ഇരിക്കുകയായിരുന്നു സി. മെരീസാ. വെള്ളത്തിന്റെ ഒഴുക്കും വരവും പതിയെ കൂടി തുടങ്ങി. കേരളം പ്രളയത്തിൽ മുങ്ങി. ഈ സമയത്താണ് സിസ്റ്റർമാരും മറ്റെല്ലാവരും രക്ഷാ പ്രവർത്തനത്തിനായി ഇറങ്ങണം എന്ന അറിയിപ്പ് ലഭിക്കുന്നത്. കുത്തിയൊഴുകി എത്തുന്ന വെള്ളത്തിനു മീതെ ഉയരുന്ന,ജീവനായിയുള്ള നിലവിളികള്‍. പിന്നെ മഠത്തിലിരിക്കാൻ മനസ് അനുവദിച്ചില്ല. രക്ഷാപ്രവർത്തന രംഗത്തേയ്ക്ക് കുതിച്ചു. ഒപ്പം മറ്റു രണ്ടു സിസ്റ്റർമാരും.
രക്ഷയായി ബോട്ട്; രക്ഷകരായി യുവജനങ്ങൾ
ദുരിതത്തിലായ ജനങ്ങളെ രക്ഷിക്കാൻ എന്ത് ചെയ്യണം എന്ന ആലോചനയിലാണ് മഠത്തിലെ ബോട്ടിന്റെ കാര്യം ഓർമ്മയിലെത്തുന്നത്. ആ ബോട്ടു രക്ഷാ പ്രവർത്തനത്തിനായി ഇറക്കുവാൻ തീരുമാനിച്ചു. അതിനു സന്നദ്ധരായ ആറു യുവാക്കളെ ഒപ്പം ചേർത്തു. ചമ്പക്കുളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരായിരുന്നു അവർ. അവർക്കൊപ്പം സിസ്റ്ററും ബോട്ടിൽ കയറി. ആദ്യം വെള്ളത്തിൽ മുങ്ങിത്താഴുന്ന ജനങ്ങളിലേയ്ക്ക്… അവരെ ബോട്ടിൽ കയറ്റി ചങ്ങനാശേരിയിലെ രക്ഷാപ്രവർത്തകരുടെ ഇടയിലേക്ക് കുതിച്ചു. സുരക്ഷിത കരങ്ങളിൽ അവരെ ഏൽപ്പിച്ചു വീണ്ടും അടുത്ത ഇടങ്ങളിലേയ്ക്ക്. ബോട്ടിലെത്തുന്നവരെ തങ്ങളാൽ കഴിയും വിധം ആശ്വസിപ്പിക്കുവാനും തളർന്നവർക്കു ഭക്ഷണം നൽകുവാനും അവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഒപ്പം ഭക്ഷണം കിട്ടാത്തവർക്കായി അത് നൽകുവാനുള്ള കിറ്റുകളും മറ്റും ബോട്ടിൽ ശേഖരിച്ചു കൊണ്ടായിരുന്നു അവർ ദുരിത മുഖത്തേയ്ക്കു ഓടിയെത്തിയത്.
നൂറു കണക്കിന് ആളുകളാണ് ഇവരുടെ കരങ്ങളിലൂടെ ജീവിതത്തിലേയ്ക്ക് കടന്നു വന്നത്. സാധാരണ ജനങ്ങൾക്കൊപ്പം മറ്റു മഠങ്ങളിൽ കുരുങ്ങി കിടന്ന സിസ്റ്റർമാർക്കും ഇവരുടെ പ്രവർത്തനം ജീവനിലേക്കുള്ള മടങ്ങി വരവിനു കാരണമായി. ബോട്ടും മറ്റും കടന്നു ചെല്ലാത്ത ഇടങ്ങളിൽ ഉള്ളവരെ രക്ഷപെടുത്താനായി ഇവർ ഒരു വള്ളം സംഘടിപ്പിച്ചു. അങ്ങനെ രക്ഷാപ്രവർത്തനത്തിൽ സിസ്റ്റർ മെരീസ ഒരു നല്ല സമരിയാക്കാരിയായി തീർന്നു. രക്ഷാപ്രവർത്തനത്തിന് ധാരാളം സിസ്റ്റർമാർ ഉണ്ടായിരുന്നു എങ്കിലും ബോട്ടിൽ ആയിരുന്നുകൊണ്ട് സിസ്റ്റർ നൽകിയ നേതൃത്വം അവരെ വ്യത്യസ്തമാക്കി.
“മഠത്തിൽ ബോട്ടുണ്ടായിരുന്നത് കൊണ്ട് മാത്രമാണ് രക്ഷാപ്രവർത്തനം നടത്തനായത് ഒപ്പം ആ നല്ല ചെറുപ്പക്കാരും. ഇല്ലായിരുന്നു എങ്കിൽ എനിക്ക്, അല്ല, ഞങ്ങൾക്കു ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല,” സി. മെരീസാ പറയുന്നു. മാർട്ടിൻ തോമസ് പുത്തെൻപറമ്പിൽ, സിബി ജോസഫ് ആയംകരി, ശ്രീനാഥ് എം എസ് മുന്നൂറിൽ, ദീപു, അഖിൽ ആന്റണി, സിയോ ഫ്രാൻസിസ്, റോബിൻ എന്നിവരാണ് സിസ്റ്റാറിനൊപ്പം ദുരിതമേഖലയിൽ രക്ഷാപ്രവർത്തനത്തിന് എത്തിയത്.
അക്ഷീണ പരിശ്രമം
വെള്ളത്താൽ ചുറ്റപ്പെട്ട ആളുകളെ രക്ഷപെടുത്തിയതിനു ഒപ്പം തന്നെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് ഭക്ഷണം എത്തിക്കുവാനും അവർക്കു വേണ്ടി വസ്ത്രവും മറ്റും ആളുകളിൽ നിന്ന് വാങ്ങിക്കുവാനും മരീസാമ്മ മുന്നിൽ നിന്നു. അതിനിടയിൽ കയ്യിലെ ഡീസൽ തീർന്നപ്പോൾ സ്‌കൂൾ വാഹനങ്ങളിൽ നിന്ന് ഡീസൽ ഊറ്റിക്കൊടുത്തു. ദുരിതം രൂക്ഷമായ ബുധനാഴ്ച മുതൽ കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട സിസ്റ്ററും കൂട്ടരും ചമ്പക്കുളത്തെ രണ്ടായിരത്തോളം ആളുകളെ സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറ്റിയതിനു ശേഷമാണ് തത്തംപള്ളിയിലെ മഠത്തിലേയ്ക്ക് മടങ്ങിയത്.
സിസ്റ്ററിന്റെ പ്രവർത്തനങ്ങൾ അവിടം കൊണ്ടും തീർന്നു എന്ന് കരുതരുത് കേട്ടോ… ഇപ്പോൾ ചെളി നിറഞ്ഞ ഇടങ്ങളെ പൂർവ സ്ഥിതിയിലാക്കുവാൻ യുവജനങ്ങളെയും കൂട്ടിയുള്ള പ്രവര്‍ത്തനത്തിലാണ് സിസ്റ്റര്‍. ശുചീകരണ പ്രവർത്തനങ്ങൾക്കായി ഇനിയും ആളുകളെ വേണം. നിങ്ങളും കൂടുന്നോ? പിന്നെ ഇവിടെ കുറച്ചു ആളുകൾ ഉണ്ടേ… ഇവിടുള്ളവര്‍ക്ക് ഇനിയും വസ്ത്രങ്ങള്‍ ലഭിച്ചിട്ടില്ല. മുതിർന്ന സ്ത്രീകൾക്കുള്ള സാരി, ചുരിദാറുകൾ തുടങ്ങിയ സാധനങ്ങൾ ഇനിയും വേണം. അത് തരാൻ മനസ്സുള്ളവർ എന്നേ ഒന്ന് അറിയിക്കുമോ? സിസ്റ്റർ ചോദിക്കുന്നു.
ഫോണ്‍ നമ്പര്‍ : 9526196219
മരിയ ജോസ്
മരിയ ജോസ് കുറിച്ചിരിക്കുന്ന മുഴുവൻ കാര്യങ്ങളും അക്ഷരംപ്രതി സത്യമായ കാര്യങ്ങൾ ആണ് മഹാ പ്രളയ കാലത്ത് സിസ്റ്ററിന് ഒപ്പം ഒപ്പമുണ്ടായിരുന്ന ഒരാൾ ആയിരുന്നു ഞാനും ഇതു നമുക്ക് അറിയാവുന്ന കാര്യങ്ങൾ എന്നാൽ ഇതുപോലെ ഒരുപാട് കാര്യങ്ങൾ പലർക്കും പറയാൻ ഏറെ ഉണ്ടാവും അത്രയേറെ നല്ല മനസ്സിന് ഉടമയായിരുന്നു സിസ്റ്റർ