ജീവന്റെ സംരക്ഷണത്തിനായുള്ള ഉദ്യമത്തിൽ പാപ്പായുടെ പിന്തുണ തേടി ദക്ഷിണ കൊറിയൻ വിദ്യാർത്ഥികൾ

അബോർഷനെ സംബന്ധിക്കുന്ന നിയമം പ്രാബല്യത്തിൽ വരുന്നതിനെതിരെ പാപ്പായുടെ പിന്തുണ തേടി ദക്ഷിണ കൊറിയയിലെ വിദ്യാർത്ഥി സംഘം. പാപ്പായ്ക്ക് അയയ്ക്കുന്ന കത്തിലാണ് വിദ്യാർത്ഥികളുടെ പ്രോ ലൈഫ് സംഘം പിന്തുണ അഭ്യർത്ഥിക്കുന്നത്. വിദ്യാർത്ഥികളുടെ ഈ കത്ത് കൊറിയയിലെ അപ്പസ്തോലിക് ന്യുൺഷ്യോ, ആർച്ച്ബിഷപ്പ് ആൽഫ്രഡ് സ്യൂറെബ് അടുത്ത ദിവസം പാപ്പയ്‌ക്ക്‌ കൈമാറും.

വിദ്യാർത്ഥി സംഘടനയ്ക്കൊപ്പം അത്മായ പ്രതിനിധികളും വൈദികരും ആർച്ച്ബിഷപ്പ് ആൽഫ്രഡുമായി കൂടിക്കാഴ്ച നടത്തി. ദക്ഷിണ കൊറിയയിലെ ആറ് സർവകലാശാലകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായി അസോസിയേഷൻ പ്രസിഡന്റ് അന്ന ചൂ ഹീ-ജിൻ ആണ് കത്ത് കൈമാറിയത്. “പ്രോ-ലൈഫ് കോളേജ് വിദ്യാർത്ഥികളുമായി ഞാൻ തെരുവിലിറങ്ങുന്നു, ജീവിതത്തിനായി വാദിക്കുന്ന അടയാളങ്ങളുമായി. നിർഭാഗ്യവശാൽ നിലവിലെ കൊറിയൻ സർക്കാർ, സ്ത്രീകളുടെ തിരഞ്ഞെടുക്കുവാനുള്ള അവകാശത്തെ മാത്രമാണ് മാനിക്കുന്നത്. ഗർഭസ്ഥശിശുവിന്റെ അവകാശങ്ങൾ മാനിക്കുന്നില്ല” എന്ന് 26-കാരിയായ അന്ന കത്തിൽ സൂചിപ്പിക്കുന്നു.

ജീവൻ സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തിൽ നമ്മുടെ പരിശ്രമം മാത്രം പോരാ എന്ന് നമുക്കറിയാം. നമുക്ക് ഏറ്റവും ആവശ്യമുള്ളത് പ്രാർത്ഥനയും മനോഭാവവുമാണ്. അതിനാൽ ദൈവം സമ്മാനമായി നൽകിയ മനുഷ്യജീവനെ സംരക്ഷിക്കുന്നതിനുള്ള ഞങ്ങളുടെ പരിശ്രമങ്ങൾക്ക് പാപ്പായുടെ അനുഗ്രഹവും പിന്തുണയും തേടുന്നു എന്ന് പറഞ്ഞുകൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്.

കഴിഞ്ഞ വർഷം ഏപ്രിലിൽ രാജ്യത്തെ ഗർഭഛിദ്ര നിരോധനം ഭരണഘടനാവിരുദ്ധമാണെന്ന് ദക്ഷിണ കൊറിയൻ കോടതി വിധിച്ചിരുന്നു. ഇതുകൂടാതെ, അമ്മയുടെ ജീവൻ അപകടത്തിലായിരിക്കുമ്പോഴോ മാനഭംഗത്തിന്റെ ഫലമായി ഗർഭം ധരിക്കുമ്പോഴോ മാത്രം അനുവദിക്കുന്ന നിയമപരമായ അബോർഷൻ നിയമം പരിഷ്കരിക്കാൻ ഈ വർഷം അവസാനത്തോടെ തയ്യാറെടുക്കുകയാണ് കോടതി. ഈ സാഹചര്യത്തിലാണ് പ്രൊ ലൈഫ് സ്റ്റുഡന്റസ് അസോസിയേഷൻ പാപ്പായുടെ പിന്തുണ അഭ്യർത്ഥിച്ചുകൊണ്ട് രംഗത്തെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.