പകര്‍ച്ചവ്യാധിയുടെ ഭീഷണിയെ മറികടന്ന് പിതാവിനെ കാണാന്‍ ആ മകന്‍ എത്തി  

കോവിഡ് -19 എന്ന മഹാമാരി ലോകത്തില്‍ എല്ലാറ്റിനെയും തകിടംമറിച്ചു. പലരുടെയും സ്വപ്നങ്ങളും പ്രതീക്ഷകളും അവര്‍ ആഗ്രഹിക്കുന്ന വിധം ആയില്ല. എങ്കിലും വളരെ പോസിറ്റീവ് രീതിയിലുള്ള വളര്‍ച്ചയും ബന്ധവും ആളുകളുടെ ഇടയില്‍ പല കാര്യങ്ങളിലും ഉണ്ടായി. അതിനൊരു ഉദാഹരണമാണ് ജുവാൻ മാനുവൽ ബാലെസ്റ്റെറോ. തന്റെ പിതാവിനോടുള്ള സ്നേഹത്തിന് അതിരുകളില്ലെന്ന് ഈ സംഭവം ഓര്‍മ്മിപ്പിക്കുന്നു.

പകർച്ചവ്യാധി പടർന്നുപിടിക്കാൻ തുടങ്ങിയപ്പോൾ, ജുവാൻ മാനുവൽ ബാലെസ്റ്റെറോ അറ്റ്ലാന്റിക് സമുദ്രം കടന്ന് 89 വയസ്സുള്ള തന്റെ പിതാവിന്റെ അടുത്തെത്തി. 47 -കാരനായ ഈ മകന്‍ മാർച്ച് മാസം പകുതിയോടെ പോർച്ചുഗലിലെ പോർട്ടോ സാന്റോയിലുള്ള തന്റെ വീട്ടിൽ നിന്ന് അർജന്റീനയിലെ തന്റെ വൃദ്ധനായ പിതാവിന്റെ അടുക്കലേക്ക് 85 ദിവസം യാത്രചെയ്ത് ആണ് എത്തിയത്.

“എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്റെ കുടുംബത്തോടൊപ്പം ആയിരിക്കുക എന്നത് മാത്രമായിരുന്നു. അതിന് വേണ്ടി നാട്ടിലേക്ക് മടങ്ങാന്‍ ആവശ്യമായ കാര്യങ്ങളെല്ലാം ഞാന്‍ ഒരുക്കി.” – ബാലെസ്റ്റെറോ പറയുന്നു. പോർച്ചുഗലിലെ ദ്വീപിൽ അകപ്പെട്ടുപോയിരുന്നു അദ്ദേഹം. ലോകം പകർച്ചവ്യാധിയുമായി പോരാടുമ്പോൾ എന്തും സംഭവിക്കാം. എങ്കിലും ധൈര്യത്തോടെ തന്റെ പിതാവിനെ കാണാമെന്ന പ്രതീക്ഷയിൽ ആണ് അദ്ദേഹം തന്റെ യാത്ര തുടങ്ങിയത്.

ഈ യാത്ര ദൈവത്തിലേക്ക് തിരിയുവാനുള്ള ഒരു അവസരമായിരുന്നു. കൂടുതല്‍ ദൈവത്തില്‍ ആശ്രയിക്കാനും എന്നെത്തന്നെ കൂടുതല്‍ മനസിലാക്കുവാനും വിനയമുള്ളവനാകാനും ദൈവം എന്നെ പഠിപ്പിച്ചു. അദ്ദേഹം പറയുന്നു. ഒടുവിൽ ജൂൺ 17 -ന് അദ്ദേഹം തന്റെ ജന്മനാടായ മാർ ഡെൽ പ്ലാറ്റയില്‍ കൊറോണ രോഗം ബാധിക്കാതെ തിരിച്ചെത്തി. അങ്ങനെ ദൈവാനുഗ്രഹത്താൽ 90 വയസുള്ള പിതാവിനെ കാണുവാന്‍ അദ്ദേഹത്തിന് സാധിച്ചു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.