അലസതയും മടിയും അകറ്റാന്‍ വിശുദ്ധര്‍ പറഞ്ഞുതരുന്ന ചില മാര്‍ഗ്ഗങ്ങള്‍

പുണ്യജീവിതത്തിന് തടസ്സമായി നില്‍ക്കുന്ന കാര്യങ്ങളില്‍ പ്രധാനപ്പെട്ടവയാണ് അലസതയും മടിയും. എന്നാല്‍ ഈ തിന്മകളെ മറികടന്ന് ആത്മീയജീവിതം ഊര്‍ജസ്വലമാക്കാന്‍ ചില ഉപായങ്ങള്‍ സഭയിലെ വിശുദ്ധര്‍ നമുക്ക് പറഞ്ഞു തരുന്നുണ്ട്. അവ ശ്രവിച്ച് , ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ നമുക്ക് പരിശ്രമിക്കാം. അങ്ങനെ പുണ്യത്തിലേയ്ക്ക് കൂടുതല്‍ അടുക്കാം.

അലസത എല്ലാ തിന്മകളുടെയും മാതാവാണ് എന്ന ആപ്തവാക്യം വി. ജോണ്‍ ബോസ്‌കോ എപ്പോഴും ഉരുവിടുമായിരുന്നു. ‘ലക്ഷ്യങ്ങളും മുന്‍ഗണനകളും വയ്ക്കുക. ക്രമത്തില്‍ കാര്യങ്ങള്‍ ചെയ്യുക. അപ്പോള്‍ ആ ക്രമം നിങ്ങളെ കാത്തുകൊള്ളും’ എന്നാണ് വി. അഗസ്റ്റിന്‍ പറയുന്നത്.

‘ഏറ്റവും ആദ്യം അത്യാവശ്യമുള്ള കാര്യങ്ങള്‍ ചെയ്യുക, പിന്നെ ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ ചെയ്യുക. ഇങ്ങനെയായാല്‍ അസാധ്യകാര്യങ്ങള്‍ പോലും ചെയ്യാന്‍ നിങ്ങള്‍ക്കാവും’ എന്നാണ് വി. ഫ്രാന്‍സിസ് അസ്സീസി പറയുന്നത്. ‘വിളക്ക് കത്തിക്കൊണ്ടേയിരിക്കണമെങ്കില്‍ നാം അതില്‍ എണ്ണ പകര്‍ന്നു കൊണ്ടിരിക്കണം’ എന്ന് പറഞ്ഞത് കൊല്‍ക്കൊത്തയിലെ മദര്‍ തെരേസയാണ്.

‘ക്ഷമാശീലം പാലിക്കുക; പ്രത്യേകിച്ച് നമ്മോടു തന്നെ’ എന്നാണ് വി. ഫ്രാന്‍സിസ് ഡി സാലെസ് പറഞ്ഞിരിക്കുന്നത്. ‘ഒരിക്കലും നിരാശയ്ക്ക് ഇടം നല്‍കരുത്. ശ്രമം തുടര്‍ന്നു കൊണ്ടേയിരിക്കുക. ശ്രദ്ധയെ അലട്ടുന്ന കാര്യങ്ങള്‍ പലവിധമുണ്ട്. ആന്തരകവും ബാഹ്യവും. പുറമേ നിന്നുള്ള കാര്യങ്ങളാണ് നമ്മെ കൂടുതല്‍ ദുര്‍ബലമാക്കുന്നത്’ എന്ന് വി. ജോണ്‍പോള്‍ രണ്ടാമന്‍ പറയുന്നു.

‘വിശ്രമം അലസതയല്ല. ഒന്നും ചെയ്യാതെ വെറുതെ ഇരിക്കലല്ല വിശ്രമം. അധികം അധ്വാനം ആവശ്യമില്ലാത്ത കര്‍മ്മങ്ങളില്‍ മുഴുകുകയാണ് വിശ്രമം’ എന്ന് വി. ജോസെ മരിയ എസ്‌ക്രിവയും പറയുന്നു.