വിവാഹജീവിതത്തിലേക്ക് ഒരുക്കത്തോടെ പ്രവേശിക്കാൻ നാലു നിർദ്ദേശങ്ങൾ

വിവാഹം ഭൂമിയിൽ രണ്ടിടങ്ങളിലായി വളർന്നു വന്ന വ്യക്തികളെ ദൈവത്തിന്റെ സൃഷ്ടികർമ്മത്തിൽ പങ്കുചേർക്കുന്നതിനായി ദൈവം ഒരുമിപ്പിക്കുന്ന ഒരു മഹത്തായ കൂദാശയാണ്. ഒരു സ്ത്രീയും പുരുഷനും ചേർന്ന് അവരുടെ ജീവിതത്തിലെ നിര്‍ണ്ണായകമായ ഒരു കാലഘട്ടം ആരംഭിക്കുകയാണ്. അങ്ങനെ ഉള്ള ഈ നിർണ്ണായകമായ ഘട്ടത്തിനായി എങ്ങനെ ഒരുങ്ങണം? പ്രത്യേകിച്ച്, ഈ ലോക് ഡൌൺ കാലത്ത് ഒരുപാട് കല്യാണങ്ങൾ അടുത്തടുത്തായി നടക്കുന്നു. പലപ്പോഴും പ്രീ മാര്യേജ് ഷൂട്ടുകളും സേവ് ദി ഡേറ്റുകളും ഒക്കെയായി ആളുകൾ കുറവെങ്കിലും കല്യാണങ്ങൾ കൊഴുപ്പിക്കുവാൻ ശ്രമിക്കുന്ന സമയം. ഈ സമയം ശരിയായ ഒരു വിവാഹ ഒരുക്കത്തിന് സഹായിക്കുന്ന നാല് ഘടകങ്ങൾ ആണ് ഇവിടെ പറയുന്നത്…

1. കുടുംബം ഒന്നിച്ചിരുന്നു പ്രാർത്ഥിക്കാം

കല്യാണത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിക്കുന്ന നിമിഷം മുതൽ ആ വീടുകളിൽ ശക്തമാകേണ്ട ഒന്നാണ് പ്രാർത്ഥന. പ്രാത്ഥനയിൽ ആഴപ്പെടാതെ വിവാഹ ജീവിതം ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ല. ആയതിനാൽ കുടുംബാംഗങ്ങൾ ഒന്നിച്ചു പ്രാർത്ഥിച്ചു തുടങ്ങണം. നിങ്ങളുടെ കുടുംബത്തിലേക്ക് ഒരു പുതിയ ആൾ കൂടെ വരുന്നു. അതല്ലെങ്കിൽ നിങ്ങളുടെ കുടുംബത്തിൽ നിന്ന് ഒരാൾ മറ്റൊരു ഭവനത്തിലേക്ക് പോകുന്നു. അവരുടെ ജീവിതത്തിനു ആവശ്യമായ കൃപാവരങ്ങൾ പ്രാർഥനയിലൂടെ നേടിക്കൊടുക്കുവാൻ വധൂ വരന്മാരുടെ കുടുംബാംഗങ്ങൾക്കും കടമയുണ്ട്.

2. വ്യക്തിഗത പ്രാർത്ഥന ശീലമാക്കാം

നവവധുവിനെയും വരനെയും സംബന്ധിച്ച് ഇനിയുള്ള ജീവിതത്തിൽ നിങ്ങള്‍ക്ക്  ഒരു കൂട്ട് വരുകയാണ്. ആ കൂട്ട് ദൈവം നൽകിയതാണ്. കുറവുകൾ ഉണ്ടാകാം. എങ്കിലും സ്നേഹത്തിന്റെയും മനസിലാക്കലിന്റെതും ആയ ഒരു അന്തരീക്ഷത്തിൽ ജീവിക്കുവാൻ വിവാഹത്തിനായി ഒരുങ്ങുന്ന സമയം മുതൽ പ്രാർത്ഥിച്ചു തുടങ്ങാം. പങ്കാളിയാകുവാൻ പോകുന്ന വ്യക്തിയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നത് വളരെ നല്ലതാണു.

3. വിവാഹദിവസം രാവിലെ ഉള്ള പ്രാർത്ഥന ഊഷ്മളമാക്കാം 

വിവാഹ ദിവസം രാവിലെ ഉള്ള പ്രാർത്ഥന, വധു/വരൻ അവരുടെ മാതാപിതാക്കളും അതിഥികളും ക്ഷണിക്കപ്പെട്ടവരും എല്ലാവരും ചേർന്നുള്ള പ്രാർത്ഥന കത്തോലിക്കരുടെ ഒരു പാരമ്പര്യമാണ്. എന്നാൽ ഇന്ന് പലപ്പോഴും ഫോട്ടോ ഷൂട്ടുകൾക്കിടയിൽ അത് ഒരു ചടങ്ങായി മാറുന്നു. അത് പാടില്ല. പ്രാർത്ഥനയ്ക്കായി കൃത്യമായ സമയം മാറ്റി വയ്ക്കുക. മാതാപിതാക്കൾക്കു അതിനു മുൻകൈ എടുക്കാം. ഈ സമയം ആത്മാർത്ഥമായ പ്രാർത്ഥനയുടെ നിമിഷങ്ങൾ ആയി മാറണം.

4. സ്വസ്ഥതയോടെ കാര്യങ്ങൾ ചെയ്തു തീർക്കാം

കല്യാണം എന്നാൽ പല വീടുകളിലും ഓട്ടവും അലച്ചിലും ആണ്. കാര്യങ്ങൾക്കു ഒരു കൃത്യമായ ചിട്ടയും സമയബന്ധിതമായ പ്രവർത്തനവും ഉണ്ടെങ്കിൽ എല്ലാം ഭംഗിയായി നടക്കും. അത്യാവശ്യ കാര്യങ്ങൾ എല്ലാം നേരത്തെ തന്നെ ചെയ്തു തീർക്കാം. കല്യാണ ദിവസത്തിനു തലേന്നുള്ള രാത്രിയിലെ ഷോപ്പിംഗ്, സാധനം വാങ്ങൽ, യാത്രകൾ എന്നിവ ഒഴിവാക്കി അവയൊക്കെ നേരത്തെ തന്നെ തീർത്തുവയ്ക്കാം. തലേദിവസം സ്വസ്ഥമായി കുടുംബാംഗങ്ങൾക്കു ഒപ്പം ആയിരിക്കാം. അതുപോലെ തന്നെ മദ്യവും മറ്റു ലഹരിയും കുടുംബങ്ങളിൽ നിന്നും മാറ്റി നിർത്തുവാൻ പ്രത്യേകം ശ്രദ്ധിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.