വൈദികര്‍ക്കൊരു തുറന്ന കത്ത്

സോഷ്യല്‍ മീഡിയയിലൂടെ ലഭിക്കുന്ന ഉപകാരപ്രദമായ സന്ദേശങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു. ആരാണ് ഈ സന്ദേശങ്ങളുടെ രചയിതാവെന്നോ എവിടെയാണ് ഈ സന്ദേശങ്ങള്‍ ആദ്യം പ്രസിദ്ധീകരിച്ചതെന്നോ (ഉറവിടം) ലൈഫ്‌ഡേ- യ്ക്ക് അറിയില്ലാത്തതിനാല്‍ പേരു വയ്ക്കാതെയാണ് അവ ഇവിടെ പ്രസിദ്ധീകരിക്കുന്നത്. യഥാര്‍ത്ഥ രചയിതാവ്/ പ്രസാധകർ ലൈഫ്‌ഡേയുമായി ബന്ധപ്പെടുകയാണെങ്കില്‍ അവരുടെ ബൈലൈന്‍ വച്ച് സന്ദേശം പുനര്‍പ്രസിദ്ധീകരിക്കുന്നതാണ്; അഥവാ നീക്കം ചെയ്യാനാണ് ആവശ്യപ്പെടുന്നതെങ്കില്‍ അങ്ങനെയും ചെയ്യുന്നതാണ്.

ഏറെ വേദന നിറഞ്ഞ ദിവസങ്ങളിലൂടെയാണ് നിങ്ങള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്നറിയാം. ഒരേ ഒരു വാക്കേ നിങ്ങളോടെനിക്ക് പറയാനുള്ളൂ – സാരമില്ല.

എപ്പോഴും സന്തോഷത്തോടെയിരിക്കുന്ന വൈദികന്‍ ഒന്ന് ചിരിച്ചതായി വരുത്തിയിട്ട് തല താഴ്ത്തി നടന്നുപോകുന്നത്‌ കണ്ടു. കുര്‍ബാനയ്ക്ക് മുന്‍പ് കുമ്പസാരക്കൂട്ടില്‍ കാണുന്ന വൈദികനെ ഇന്നവിടെ കണ്ടില്ല. നിങ്ങളുടെ ദുഖത്തിന്‍റെ കാരണം ന്യായമാണ്. കാരണം സോഷ്യല്‍ മീഡിയയില്‍ ഇന്നലെയും ഇന്നും നിങ്ങളാണ് പരിഹാസപാത്രങ്ങള്‍. നിങ്ങളെ തല്ലാന്‍ നോക്കിയിരുന്നവര്‍ക്ക് വടി കിട്ടി.

വൈദികനായ ആ സഹോദരന്‍ ചെയ്ത വലിയ തെറ്റിനെ ന്യായീകരിക്കാനല്ല ഞാനിതെഴുതുന്നത്. തെറ്റ് തെറ്റ് തന്നെയാണ്. അതാര് ചെയ്താലും.
ആരോ ചെയ്ത തെറ്റിന് നിരപരാധിയായ അങ്ങന്തിനാണ് തല താഴ്ത്തുന്നത്? ഇല്ല, എനിക്ക് നിങ്ങളെ വെറുക്കനാവില്ല. വേദനിപ്പിക്കുന്ന ആ വാര്‍ത്തകളൊക്കെ അറിഞ്ഞതിനു ശേഷവും നിങ്ങളോടെനിക്ക് സ്നേഹം കൂടിയിട്ടേ ഉള്ളു. ചെയ്യാത്ത തെറ്റിന് സഹനമേറ്റെടുക്കുന്ന നിങ്ങളെ ഞാന്‍ സ്നേഹിക്കുന്നു. ഞാന്‍ കണ്ടിട്ടുള്ള വൈദികര്‍ക്കൊക്കെ ഒരേ മുഖച്ഛായയാണ് – ക്രിസ്തുവിന്‍റെ മുഖച്ഛായ.

വൈകുന്നേരം എല്ലാ ദിവസവും ഞങ്ങളുടെ കൂടെ വോളിബോള്‍ കളിക്കുന്ന കൊച്ചച്ചന്‍ എന്തിനാണ് മുറിയില്‍ തന്നെ ഇരിക്കുന്നത്? ലജ്ജകൊണ്ട് നിങ്ങളുടെ ശിരസ്സ്‌ കുനിഞ്ഞാല്‍ കുനിയുന്നത് ഞങ്ങളുടെ ശിരസ്സ്‌ തന്നെയാണ്. സോഷ്യല്‍ മീഡിയയിലെ നാല് ലൈക്കിനുവേണ്ടി പൈതൃകത്തെ ഒറ്റിക്കൊടുക്കാത്ത ചെറുപ്പക്കാര്‍ ഇപ്പോഴുമുണ്ട്. അതുകൊണ്ട് ധൈര്യമായിരിക്കുക. ഒരുപക്ഷെ ഇതായിരിക്കും ദൈവം നിങ്ങളില്‍ നിന്ന് ആവശ്യപ്പെടുന്ന സഹനം.

വൈദികരുടെ പുണ്യ ജീവിതത്തിനു ജീവിച്ചിരിക്കുന്ന ഒരുപാട് സാക്ഷ്യങ്ങളുണ്ട്. നിങ്ങളും പുണ്യവാന്മാരുടെ ജനുസ്സില്‍ പെട്ടവരും അവരുടെ പിന്മുറക്കാരുമാണ്.
എവിടെ വച്ചു കണ്ടാലും സുഖവിവരം അന്വേഷിക്കുന്ന വികാരിയച്ചനിലും, പുഞ്ചിരിയോടെ പാപപ്പൊറുതി തരുന്ന കുമ്പസാരക്കൂട്ടിലെ വൃദ്ധവൈദികനിലും, കുര്‍ബാനയ്ക്ക് ശേഷം അള്‍ത്താരബാലന്മാരുടെ കൂടെയിരുന്ന് കാരംസ് കളിച്ച് തല്ലുകൂടുന്ന കൊച്ചച്ചനിലും ഞാന്‍ ക്രിസ്തുവിനെ കണ്ടിട്ടുണ്ട്. വല്ല്യമ്മച്ചിയുടെ മരണ നേരത്ത് പാതിരാത്രി ഒരു പരാതിയും കൂടാതെ കുര്‍ബാന കൊടുക്കാന്‍ വന്ന വൈദികന്‍ വൈദികസമൂഹത്തിന്‍റെ തന്നെ പ്രതിനിധി ആണ്.

ഞാനുള്‍പ്പെടെയുള്ള മറ്റാര്‍ക്കോ വേണ്ടി സ്വന്തം കുടുംബവും സുഖസൗകര്യങ്ങളും വേണ്ടെന്നുവച്ച് എന്ത് സഹനവും ഏറ്റെടുക്കുവാന്‍ തയ്യാറായവരാണ് നിങ്ങള്‍. അതെ, നിങ്ങളുടെ ജീവിതം രക്തസാക്ഷിത്വം തന്നെയാണ്.

അതുകൊണ്ട് സോഷ്യല്‍ മീഡിയയിലെ ആക്രോശങ്ങളില്‍ നിങ്ങളുടെ ശിരസ്സ്‌ കുനിയരുത്. പുത്തന്‍കുര്‍ബാനയുടെ അന്ന് ചുംബിച്ച അതേ സ്നേഹത്തോടും ആദരവോടും കൂടെ അങ്ങയുടെ കൈകള്‍ ഞാന്‍ ചുംബിക്കുന്നു. അങ്ങയെ വാക്ക് കൊണ്ടും പെരുമാറ്റം കൊണ്ടും വേദനിപ്പിച്ച എല്ലാവര്‍ക്കും വേണ്ടി ഞാന്‍ മാപ്പ് ചോദിക്കുന്നു.
അങ്ങയെ നോക്കി ‘അച്ചാ ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ‘ എന്ന് ഞാന്‍ പറഞ്ഞാല്‍ അതില്‍ ലവലേശം കള്ളത്തരമോ പരിഹാസമോ ഇല്ല, മറിച്ച്, ഹൃദയം നിറഞ്ഞ നന്ദിയും തികഞ്ഞ സ്നേഹവും ആദരവും മാത്രം…

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.