കൊറോണ വൈറസ് മാറുന്നതിനായി തെരുവില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്ന ആറുവയസുകാരന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി 

ഒരു തെരുവിന്റെ നടുവില്‍ ഒറ്റയ്ക്ക് മുട്ടുകുത്തി നില്‍ക്കുന്ന ഒരു ബാലന്‍; അലന്‍ കസ്തനേഡാ സെല്‍ഡാ. ലോകത്തെ മുഴുവന്‍ ഇന്ന് മുള്‍മുനയില്‍ നിറുത്തുന്ന കൊറോണ വൈറസ് എന്ന മഹാമാരിയില്‍ നിന്നും രക്ഷിക്കണമേ എന്ന് പ്രാര്‍ത്ഥിക്കുന്ന ആ ആറുവയസുകാരന്‍ ബാലന്റെ ചിത്രം ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വടക്കുപടിഞ്ഞാറൻ പെറുവിലെ ലാ ലിബർട്ടാഡ് മേഖലയിലെ ഗ്വാഡലൂപ്പ് പട്ടണത്തിലെ ജുനിൻ സ്ട്രീറ്റിലാണ് ഈ സംഭവം.

ലോകത്തെ നടുക്കുന്ന ഈ ദുരന്തത്തിന് അറുതിവരുത്തുവാന്‍ അവന്‍ താഴ്മയോടെ ദൈവത്തോട് ആവശ്യപ്പെടുകയായിരുന്നു. ആ ചിത്രം ആരുടേയും കണ്ണുകളെ ഈറനണിയിക്കും. ക്ലാവുഡിയ അലജന്ദ്ര മോറ അബാന്റോ എന്ന സ്ത്രീയാണ് ഈ  ചിത്രം തന്‍റെ ക്യാമറയില്‍ പകര്‍ത്തിയത്. പിന്നീട് ഈ ചിത്രം തന്‍റെ ഫേസ്ബുക്ക്‌ പേജില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

“പുഞ്ചിരിയോടെ, 1000% വിശ്വാസത്തോടെയും പ്രതീക്ഷയോടെയും ആയിരിക്കുവാനേ എനിക്ക് സാധിക്കുമായിരുന്നുള്ളൂ. ആ കുട്ടിയുടെ ദൈവത്തോടുള്ള സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും സാക്ഷിയാകാൻ കഴിഞ്ഞതിൽ ഞാൻ അതീവ സന്തോഷവാനാണ്.” ആ നിമിഷം തന്‍റെ ക്യാമറയില്‍ പകര്‍ത്താനായതിലുള്ള സന്തോഷം ക്ലാവുഡിയ മറച്ചുവെച്ചില്ല.

“ആ ആറുവയസുകാരന്‍ കുട്ടിയുടെ പ്രവര്‍ത്തി എന്‍റെ തന്നെ ജീവിതത്തിന് പുതിയ ഉള്‍ക്കാഴ്ച പകര്‍ന്നു. ഞങ്ങള്‍ അയല്‍പക്കത്തുള്ള കുറച്ചുപേര്‍ ഒന്നിച്ചുകൂടി പ്രാര്‍ത്ഥിച്ചു. ഈ അത്യാവശ്യ സന്ദര്‍ഭത്തില്‍ കൂടുതല്‍ വിശ്വാസവും പ്രതീക്ഷയും പങ്കിടാന്‍ ആ കുട്ടിയുടെ പ്രവര്‍ത്തി എന്നെ സ്വാധീനിച്ചു. അവനോട് നീ എന്താണ് ചെയ്യുന്നതെന്ന് ഞാന്‍ ചോദിച്ചു, അവൻ നിഷ്കളങ്കമായി ഉത്തരം പറഞ്ഞു. അവൻ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണെന്നും വീട്ടിൽ ഭയങ്കര ശബ്ദമായതിനാല്‍ ഞാന്‍ പുറത്തു വന്നുനിന്ന് പ്രാര്‍ത്ഥിക്കുകയാണെന്നും അവന്‍ മറുപടി പറഞ്ഞു.” ക്ലാവുഡിയ പറയുന്നു.

കുട്ടിയുടെ പിതാവ് ഈ സംഭവത്തോട് പ്രതികരിച്ചത് ഇപ്രകാരമാണ്. “ഞങ്ങളുടേത് ഒരു കത്തോലിക്കാ കുടുംബമാണ്. എന്‍റെ മകന്‍ ആറുവയസുള്ള ഒരു കൊച്ചുകുട്ടിയാണ്. ഞാന്‍ അതിശയിച്ചുപോയി. അവന്‍ ഇങ്ങനെ പ്രതികരിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല.” ഈ പ്രദേശത്തുള്ളവര്‍ ഇപ്പോള്‍  വൈകുന്നേരങ്ങളില്‍ ഒന്നിച്ചുകൂടി പ്രാര്‍ത്ഥിക്കുന്നു.

അലന്‍ എന്ന ഈ കൊച്ചുകുട്ടിയുടെ പ്രവര്‍ത്തി ഇന്ന് അനേകര്‍ക്ക് പ്രത്യാശയും വിശ്വാസവും ദൈവത്തിലുള്ള ആശ്രയത്വവും നല്‍കുന്നു. ആ ആറുവയസുകാരന്റെ നിഷ്കളങ്കത നമുക്കും ജീവിതത്തില്‍ സ്വായത്തമാക്കാന്‍ ശ്രമിക്കാം. ഏത് പ്രതിസന്ധിഘട്ടങ്ങളിലും ദൈവം നമ്മുടെ കൂടെ ഉണ്ടെന്ന് ഉറച്ചുവിശ്വസിക്കാം.